ഫേസ്ബുക്കില്‍ കമ്മട്ടിപ്പാടത്തിന്റെ വ്യാജപതിപ്പ് ; നിയമ നടപടിക്കൊരുങ്ങി നിര്‍മാതാക്കള്‍

വിജയകരമായി പ്രദര്‍ശനം തുടരുന്ന രാജീവ് രവി ചിത്രം കമ്മട്ടിപ്പാടം വ്യാജപതിപ്പ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നതിനെതിരെ നിര്‍മാതാക്കള്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. തീയറ്ററുകളില്‍ നിന്ന് പകര്‍ത്തിയ പ്രിന്റ് ആണ് ഫേസ്ബുക്ക് പേജുകളിലൂടെ പ്രചരിക്കുന്നത്. സിനിമകളെ തകര്‍ക്കാന്‍ പൈറസി ലോബി ശക്തമാണെന്ന ആരോപണം നിലനില്‍ക്കെയാണ് കഴിഞ്ഞയാഴ്ച കലി എന്ന സിനിമയുടെ പ്രിന്റ് ഫേസ്ബുക്കില്‍ പ്രചരിച്ചത്. ബാല്‍ക്കണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജാണ് കമ്മട്ടിപ്പാടത്തിന്റെയും കലിയുടെയും വ്യാജപതിപ്പ് പുറത്തുവിട്ടിരിക്കുന്നത്. നൂറിലേറെ പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്. ഡിവിഡി റിലീസിന് തൊട്ടുമുമ്പാണ് വ്യാജപതിപ്പ് പ്രചരിച്ചത്.

നേരത്തെ റെക്കോഡ് കളക്ഷനുമായി മുന്നേറുന്നതിനിടെ പ്രേമം എന്ന ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പുറത്തായിരുന്നു. സിനിമയുടെ കളക്ഷനില്‍ ഇതേത്തുടര്‍ന്ന് വന്‍ ഇടിവും സംഭവിച്ചു. പ്രേമം എന്ന സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച ബോക്‌സ് ഓഫീസ് വിജയമായി മാറുമെന്ന പ്രവചനങ്ങള്‍ക്കിടെയായിരുന്നു സെന്‍സര്‍ കോപ്പി ലീക്കായത്. സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ ഹിന്ദി ചിത്രം ഉഡ്താ പഞ്ചാബിന്റെ സെന്‍സര്‍ പതിപ്പ് ഓണ്‍ലൈനില്‍ ലീക്കായിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: