‘സ്വതന്ത്ര’ ബ്രിട്ടന്റെ വിദേശകാര്യം കൈകാര്യം ചെയ്യാന്‍ ബോറിസ് ജോണ്‍സണ്‍

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകണമെന്ന പ്രചാരണത്തിന്റെ അമരക്കാരനായ ബോറിസ് ജോണ്‍സണ്‍ ഇനി രാജ്യത്തിന്റെ വിദേശകാര്യമന്ത്രി. അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തെരേസ മേയ് സര്‍ക്കാരിലെ പ്രധാന വകുപ്പുകളിലെ മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോള്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ക്ക് ലഭിച്ച മേല്‍ക്കൈ രാജ്യത്തിന്റെ ഭാവി നയരൂപീകരണങ്ങളില്‍ നിര്‍ണായകമാകും.
ബ്രെക്‌സിറ്റ് വിജയത്തിന്റെ തുടര്‍ച്ചയായി പ്രധാനമന്ത്രിപദം തന്നെ ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടത്തിയിരുന്ന ജോണ്‍സണ്‍ പിന്നീട് മറ്റൊരു ബ്രെക്‌സിറ്റ് അനുകൂലിയായ ആന്‍ഡ്രിയ ലീഡ്‌സമിന് പിന്തുണ നല്‍കി മത്സരരംഗത്തുനിന്ന് പിന്മാറുകയായിരുന്നു. ബ്രെക്‌സിറ്റിനെ എതിര്‍ത്തിരുന്ന തെരേസ മേയുടെ സ്ഥാനാരോഹണം തടയാന്‍ ഇതുകൊണ്ടുമായില്ല. പക്ഷേ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം സമവായത്തിന്റെ വഴി സ്വീകരിച്ച മേയ് ബ്രെക്‌സിറ്റ് അനുകൂലികളുടെ മേല്‍ക്കൈ അംഗീകരിക്കുകയായിരുന്നു.
അമേരിക്കയില്‍ നേരത്തേ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി ബരാക് ഒബാമയോട് മത്സരിച്ച് പരാജയപ്പെട്ട ഹിലാരി ക്ലിന്റണും ഇന്ത്യയില്‍ നരേന്ദ്രമോദിയോട് പരാജയപ്പെട്ട സുഷമാ സ്വരാജും വിദേശകാര്യമന്ത്രിസ്ഥാനം സ്വീകരിച്ചതിനോടാണ് ജോണ്‍സണിന്റെ പദവിയെ പലരും ഉപമിക്കുന്നത്. ഭാവിയില്‍ ഒന്നാംസ്ഥാനത്തെത്തുന്നതിനുള്ള ചവിട്ടുപടിയായിട്ടാകും വിദേശകാര്യമന്ത്രി പദവിയെ ജോണ്‍സണും കണക്കാക്കുന്നതെന്നാണ് സൂചന.
കാമറൂണ്‍ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്ന ഫിലിപ്പ് ഹാമണ്ട് ധനകാര്യമന്ത്രിയും ലിയാം ഫോക്‌സ് അന്താരാഷ്ട്ര വാണിജ്യമന്ത്രിയും ലിസ് ട്രസ്സ് നിയമമന്ത്രിയുമായിരിക്കും. ഡേവിസ് ഡേവിസിനെ ബ്രെക്‌സിറ്റിന്‍രെ പ്രത്യേക ചുമതലയുള്ള മന്ത്രിയായി നിയമിച്ചു. ആന്‍ഡ്രിയ ലീഡ്‌സം, മൈക്കല്‍ ഗോവ്, ജോര്‍ജ് ഓസ്‌ബോണ്‍ തുടങ്ങിയ പ്രമുഖര്‍ ഒഴിവാക്കപ്പെട്ടതും ശ്രദ്ധേയമായി.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: