ഇന്ത്യന്‍ സിവില്‍ എന്‍ജിനീയര്‍മാരെക്കാത്ത് അയര്‍ലന്റില്‍ അവസരങ്ങള്‍

ഡബ്ലിന്‍: ഭവനനിര്‍മാണ, വ്യവസായ മേഖലകളില്‍ മതിയായ യോഗ്യതയുള്ള എന്‍ജിനീയര്‍മാരുടെ ക്ഷാമം കൊണ്ട് വിഷമിക്കുന്ന അയര്‍ലന്റ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സിവില്‍ എന്‍ജിനീയര്‍മാര്‍ക്കായി അവസരങ്ങളുടെ ജാലകം തുറക്കുന്നു. www.inis.gov.ie/en/INIS/Pages/atypical-working-general എന്ന ലിങ്ക് വഴി ഇന്ത്യയിലും മറ്റു വിദേശരാജ്യങ്ങളിലും ഉള്ളവര്‍ക്ക് അയര്‍ലന്റിലെ കമ്പനികളില്‍ സാങ്കേതികമേഖലയിലെ തൊഴിലുകള്‍ക്ക് അപേക്ഷിക്കാം. തൊഴില്‍ ചെയ്യാന്‍ അനുമതിയില്ലാതെ പഠനാവശ്യത്തിനും മറ്റുമായി ഇപ്പോള്‍ അയര്‍ലന്റില്‍ താമസിക്കുന്നവര്‍ തിരിച്ചുപോയി മാതൃരാജ്യത്തുനിന്നാണ് അപേക്ഷിക്കേണ്ടത്.

വരുംവര്‍ഷങ്ങളില്‍ രാജ്യത്ത് ഹൗസിങ്, സ്‌കൂള്‍, പൊതുഗതാഗതം, ബ്രോഡ്ബാന്‍ഡ്, ആരോഗ്യ മേഖലകളിലായി 42 ബില്യണ്‍ യൂറോയുടെ സര്‍ക്കാര്‍ പദ്ധതികളാണ് ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ സിവില്‍, ഇലക്ട്രിക്കല്‍ തുടങ്ങിയ മേഖലകളില്‍ സാങ്കേതിക വൈദഗ്ദ്ധ്യമുള്ള എന്‍ജിനീയര്‍മാര്‍ക്ക് മികച്ച തൊഴില്‍ സാധ്യതയാണ് ഉണ്ടാവുക.
സിവില്‍ എന്‍ജിനീയറിങ് മേഖലയിലാണ് രാജ്യത്ത് സാങ്കേതിക വിദഗ്ദ്ധരുടെ ക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. രാജ്യത്തെ പാര്‍പ്പിടപ്രശ്‌നം പരിഹരിക്കുന്നതിനായി പുതിയ ഹൗസിങ് പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇത് ഒന്നുകൂടെ പ്രകടവുമാണ്. അമ്പതില്‍ താഴെ സിവില്‍ എന്‍ജിനീയര്‍മാര്‍ മാത്രമാണ് ഇപ്പോള്‍ ഓരോ വര്‍ഷവും രാജ്യത്ത് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്. നൂറിലേറെ എന്‍ജിനീയറിങ് കോളേജുകളില്‍ നിന്നായി വര്‍ഷാവര്‍ഷം ആയിരക്കണക്കിന് പേര്‍ പഠനം പൂര്‍ത്തിയാക്കി തൊഴിലന്വേഷകരായി പുറത്തിറങ്ങുന്ന കേരളം പോലൊരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഈ അവസരം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താനാകും.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: