വിവാദ പ്രസംഗം: ബാലകൃഷ്ണ പിള്ളക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

കൊല്ലം: ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തില്‍ കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളക്കെതിരെ കേസെടുക്കാന്‍ ഡി ജി പിയുടെ നിര്‍ദേശം.  ലീഗല്‍ സെല്ലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊല്ലം റൂറല്‍ എസ് പിക്കാണ് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയത്. മതസ്പര്‍ധ വളര്‍ത്തിയതിന് 163 (എ) വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുക.

ഇന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കൊല്ലം പത്തനാപുരത്ത് എന്‍ എസ് എസ് കരയോഗത്തിലെ പ്രസംഗത്തിലാണ് ബാലകൃഷ്ണപിള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പ്രസംഗം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിനെ തുടര്‍ന്ന് പിള്ളക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിവാദ പ്രസംഗം സംബന്ധിച്ച് അന്വേഷണം നടത്തിയ പുനലൂര്‍ ഡി വൈ എസ് പി ഇന്ന് റൂറല്‍ എസ് പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 37 മിനിറ്റുള്ള പ്രസംഗത്തിന്റെ ശബ്ദരേഖ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്.

പ്രസംഗത്തിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം ഡി വൈ എസ് പി ഷാനവാസിന്റെ നേതൃത്വത്തില്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ജൂലൈ 31ന് പത്തനാപുരം കമുകുംചേരിയിലെ എന്‍ എസ് എസ് കരയോഗത്തില്‍ ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗമാണ് വിവാദമായത്. പ്രസംഗം എഡിറ്റ് ചെയ്തതാണെന്നാരോപിച്ച് പിള്ള രംഗത്തെത്തുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. മകനും എം എല്‍ എയുമായ ഗണേഷ് കുമാറും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

‘തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെതന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് അങ്ങ് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. 10 മുസ്ലിംകളോ ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ. മുസ്‌ലിം യുവതികളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ? അങ്ങനെ വന്നാല്‍ കഴുത്തറക്കും. ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന്് ജഡ്ജി കുര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ല.’ എന്നിങ്ങനെയായിരുന്നു പിള്ളയുടെ വാക്കുകള്‍.

-sk-

Share this news

Leave a Reply

%d bloggers like this: