സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ സെപ്റ്റംബര്‍ 25നകം മടങ്ങിവരണമെന്ന് സുഷമ സ്വരാജ്

ന്യൂദല്‍ഹി: സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ സെപ്റ്റംബര്‍ 25നകം മടങ്ങിവരണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇത്തരത്തില്‍ സെപ്റ്റംബര്‍ 25 നകം മടങ്ങിവരുന്നവരെ സൗജന്യമായി നാട്ടിലെത്തിക്കുമെന്നും ഇവരുടെ  യാത്രാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ 25നകം മടങ്ങിവരാന്‍ തയ്യാറാകാത്തവര്‍ യാത്രാ ചിലവുകളും താമസത്തിനുള്ള ചിലവുകളും സ്വന്തമായി എടുക്കേണ്ടിവരിമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ ശമ്പള കുടിശ്ശികയ്ക്കു വേണ്ടി കാത്തുനില്‍ക്കരുതെന്നും കമ്പനികളുമായി സൗദി സര്‍ക്കാര്‍ ധാരണയിലെത്തുമ്പോള്‍ കുടിശ്ശിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും സുഷമ സ്വരാജ് അറിയിച്ചു. മാസങ്ങളോളം ശമ്പളവും ആനുകൂല്യവും ലഭിക്കാതെ പ്രയാസത്തിലായ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി കെ സിങ് സൗദി സന്ദര്‍ശിച്ചിരുന്നു.

സൗദിയില്‍ നിന്നുള്ള തൊഴിലാളികളുടെ രണ്ട് സംഘങ്ങള്‍ നേരത്തെ മടങ്ങിയെത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം മൂന്ന് കമ്പനികള്‍ പൂട്ടിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ കഷ്ടപ്പാടിലായിരുന്നത്. അതേസമയം, തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തെറ്റാണെന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നല്‍കുന്നത് സൗദി ഭരണകൂടമാണെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: