62 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം പിരിഞ്ഞു ജീവിക്കാന്‍ നിര്‍ബന്ധിതരായ ദമ്പതികളുടെ വേദന ലോകത്തിന്റെ വേദനയാകുന്നു

ഒട്ടാവ: 62 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ പിരിഞ്ഞു ജീവിക്കാന്‍ നിര്‍ബന്ധിതരായ ദമ്പതികളുടെ ദുഖം ലോകത്തിനാകെ വേദയാകുന്നു. കാനഡ സ്വദേശികളായ 83 കാരന്‍ വോള്‍ഫ്രാം ടോക്‌സ്ചാക്കിന്റേയും ഭാര്യ 81 കാരി അനീറ്റയുടേയും ദുഖമാണ് ഇവരുടെ കൊച്ചുമകള്‍ പകര്‍ത്തിയ ചിത്രത്തിലൂടെ ലോകത്തിന്റെയാകെ വേദനയായി മാറിയിരിക്കുന്നത്. വേര്‍പിരിഞ്ഞത് സഹിക്കാനാവാതെ ഇരുവരും പൊട്ടിക്കരയുന്നതിന്റെ ചിത്രം കൊച്ചുമകള്‍ ആഷ്‌ലി പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഇതോടെയാണ് ഇവരുടെ ദുഖം ലോകം അറിഞ്ഞത്.

മറവിരോഗം ബാധിച്ചതിനെത്തുടര്‍ന്ന് വോള്‍ഫ്രാമിനുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഇരുവര്‍ക്കും കെയര്‍ ഹോമിലേക്ക് മാറി താമസിക്കേണ്ടതായി വന്നത്. ജനുവരിയിലായിരുന്നു വീടിനു സമീപം തന്നെയുള്ള കെയര്‍ ഹോമിലേക്ക് ഇരുവരും മാറിയത്. നാല് മാസം ഇവര്‍ ഒരുമിച്ചു താമസിച്ചു. ഇതിനിടെ പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങള്‍ അനീറ്റയേയും ബാധിച്ചു തുടങ്ങി. വോള്‍ഫ്രാമിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പറ്റില്ല എന്ന അവസ്ഥയുമായി. നാല് മാസങ്ങള്‍ക്ക് മുമ്പ് ഇരുവര്‍ക്കും ഒരുമിച്ച് കഴിയാന്‍ ബെഡില്ലാ എന്ന കാരണം പറഞ്ഞ് അനീറ്റയെ അവിടെ നിന്നും മാറ്റി മറ്റൊരു കെയര്‍ഹോമിലാക്കുകയായിരുന്നു.

ഭര്‍ത്താവിനെ കാണണമെന്ന് ആഗ്രഹം പറയുമ്പോള്‍ ബന്ധുക്കള്‍ അനീറ്റയെ വോള്‍ഫ്രാമിന്റെ സമീപം എത്തിക്കും. അരമണിക്കൂര്‍ യാത്ര ചെയ്ത് വേണം വോള്‍ഫ്രാം താമസിക്കുന്ന കെയര്‍ഹോമിലെത്താന്‍. ഇതിനിടെ വോള്‍ഫ്രാമിന് ആഗസ്റ്റ് 23 ന് കാന്‍സര്‍ സ്ഥിരീകരിച്ചു. വളരെ കുറച്ചു നാള്‍കൂടി മാത്രമേ വോള്‍ഫ്രാം ജീവിക്കൂ എന്നുള്ളതിനാല്‍ ഇരുവരേയും ഒരുമിച്ച് താമസിപ്പിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് ദമ്പതികള്‍ കണ്ടുമുട്ടിയപ്പോഴാണ് ആഷ്‌ലി ചിത്രം പകര്‍ത്തിയത്.

-sk-

Share this news

Leave a Reply

%d bloggers like this: