പശ്ചിമ ബംഗാളിന്റെ പേര് മാറുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേരുമാറ്റുന്നതിനുള്ള പ്രമേയം ബംഗാള്‍ നിയമസഭ പാസാക്കി. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചാണ് പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസ്-ഇടതുപക്ഷ-ബി ജെ പി എം എല്‍ എമാര്‍ പ്രമേയാവതരണത്തിനിടയില്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ ബംഗാളിയില്‍ ‘ബംഗ്ലാ’ എന്നും ഇംഗ്ലീഷില്‍ ‘ബെംഗാള്‍’ എന്നും ഹിന്ദിയില്‍ ‘ബംഗാള്‍’ എന്നുമായിരിക്കും പശ്ചിമ ബംഗാള്‍ അറിയപ്പെടുക.

പ്രമേയം പാര്‍ലമെന്റ് അംഗീകരിച്ചാല്‍ മാത്രമേ പുതിയ പേര് നിലവില്‍ വരികയുള്ളൂ. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ സംസ്ഥാനങ്ങളെ ക്രമീകരിക്കുമ്പോള്‍ അവസാന സ്ഥാനത്ത് വരുന്നത് ഒഴിവാക്കുന്നതിനായാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പേരുമാറ്റുന്നതിനുള്ള നിര്‍ദേശം മുന്നോട്ട് വെച്ചത്. നിലവില്‍ സംസ്ഥാനങ്ങളുടെ അക്ഷരമാലാ ക്രമത്തില്‍ ഏറ്റവും പിന്നിലാണ് പശ്ചിമ ബംഗാള്‍.

പേര് മാറ്റം നിലവില്‍ വന്നാല്‍ ഇത് നാലാം സ്ഥാനത്തേക്ക് ഉയരും. അടുത്തിടെ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കാന്‍ മമത ബാനര്‍ജിക്ക് അവസാന അവസരം വരെ കാത്തിരിക്കേണ്ടി വന്നതും ഈ തീരുമാനത്തിന് മമതയെ പ്രേരിപ്പിച്ചതായാണ് വിവരം. സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിലൂടെ എല്ലാ മേഖലയിലും ഒന്നാമതെത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മമത ബാനര്‍ജി വ്യക്തമാക്കി. പ്രമേയത്തെ എതിര്‍ക്കുന്നവരോട് ചരിത്രം ഒരിക്കലും ക്ഷമിക്കില്ലെന്നും ഈ ദിവസം സ്വര്‍ണ ലിപികള്‍ കൊണ്ട് ചരിത്രത്തിന്റെ താളുകളില്‍ എഴുതപ്പെടുമെന്നും മമതാ ബാനര്‍ജി പറഞ്ഞു.

-sk-

Share this news

Leave a Reply

%d bloggers like this: