ലണ്ടന്‍ നഗരത്തിലൂടെ എംഎല്‍എ ബോര്‍ഡ് വച്ച് പി.സി ചീറിപ്പായുന്നു

ലണ്ടന്‍ : ബ്രിട്ടന്‍സന്ദര്‍ശത്തിലാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. എങ്ങും ജോര്‍ജിനെ സ്വീകരിക്കാന്‍ മലയാളികള്‍ മത്സരിക്കുകയാണ്. വേദികളില്‍ നിന്നും വേദികളിലേക്കുള്ള യാത്രയില്‍ എല്ലാ തരത്തിലും കേരളത്തിലെ പതിവ് തുടരാന്‍ ആഗ്രഹിക്കുകയാണ് ജോര്‍ജ്. അതുകൊണ്ട് തന്നെ യാത്ര ബ്രിട്ടീഷ് രജിസ്‌ട്രേഷനിലുള്ള കാറിലാണെങ്കിലും പൂഞ്ഞാര്‍ എംഎല്‍എ, പിസി ജോര്‍ജ് എന്ന ബോര്‍ഡ് വെക്കാന്‍ അദ്ദേഹം മറന്നിട്ടില്ല കാറിലുള്ളത് താന്‍ ആണെന്ന് മലയാളികളെ അറിയിക്കാനാണ് ഇത്തരത്തിലൊരു ബോര്‍ഡെന്നാണ് അദേഹത്തിന്റെ ഭാഷ്യം.

ജനപക്ഷം യു.കെയുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പി.സി ജോര്‍ജ് ലണ്ടനിലെത്തിയിരിക്കുന്നത്. പൂഞ്ഞാര്‍ ആശാന്‍ പിസി ജോര്‍ജ്’ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജോര്‍ജിന്റെ എംഎല്‍എ ബോര്‍ഡ് വെച്ച കാറിന്റെ ചിത്രം പുറത്തുവന്നിരിക്കുന്നത്. ‘ആശാന്‍ ലണ്ടന്‍ കളം കൈയിലാക്കി’ എന്ന തലക്കെട്ടോടെയുള്ള ചിത്രത്തിനൊപ്പം ജോര്‍ജിന്റെ വിവിധ സ്‌റ്റൈലിലുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ജോര്‍ജ് ലണ്ടനിലെ ഹോട്ടലിലൂടെ നടന്നുവരുന്ന വീഡിയോയും ഫെയ്‌സ്ബുക്ക് പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 21ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ജോര്‍ജിനെ പ്രവാസി ജനപക്ഷ സാരഥികളാണ് സ്വീകരിച്ചിരുന്നത്. ഈ മാസം 29 വരെ ജോര്‍ജ് ലണ്ടന്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ന്യൂകാസില്‍ തുടങ്ങി പത്ത് നഗരങ്ങളിലെ വേദികളില്‍ മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ട്. അതിനിടെയാണ് പൂഞ്ഞാര്‍ എംഎല്‍എ എന്ന ബോര്‍ഡ് വച്ച വണ്ടിയുമായി ബ്രിട്ടനിലെ തെരുവോരങ്ങളില്‍ ജോര്‍ജ് ശ്രദ്ധ പിടിച്ച് പറ്റുന്നത്. നിരവധി പൂഞ്ഞാര്‍ പാലാ അച്ചായന്മാരുടെ സാന്നിധ്യമുള്ള സ്ഥലമാണ് ലിവര്‍പൂള്‍ , ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങള്‍. ഇവിടെയും ജോര്‍ജിന് താരപരിവേഷമാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഫേസ്ബുക്കിലാണ് ജോര്‍ജ് തന്റെ ചിത്രങ്ങള്‍ പങ്ക് വച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: