തെരേസ മേയ് നാളെ ഇന്ത്യയിലെത്തും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് നാളെ ന്യൂഡൽഹിയിലെത്തും. പ്രസിഡന്റ് പ്രണബ് മുഖർജി പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന തെരേസ മേയ് നിരവധി ഉഭയകക്ഷി കരാറുകളിലും ഒപ്പവയ്ക്കും. യൂറോപ്യൻ യൂണിയന് പുറത്തുള്ള ഏതെങ്കിലും രാജ്യത്തേക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണ്.

ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിൻറെ സഹകരണത്തോടെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ഇന്ത്യ-യുകെ ടെക് ഉച്ചകോടി ഇരുപതു മന്ത്രിമാരും ചേർന്ന് ഉത്‌ഘാടനം ചെയ്യും. പത്തോളംപേർ അടങ്ങുന്ന വ്യാപാര സംഘവും ബ്രിട്ടീഷ് പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഇന്ത്യയുമായി ചേർന്ന് ചെറുകിട, ഇടത്തര വ്യവസായ സംരഭങ്ങൾക്ക് തുടക്കം കുറിക്കുകയാണ് വ്യാപാരസംഘത്തിന്റെ സന്ദർശന ലക്ഷ്യം.

ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തിനും വിദ്യാഭ്യാസ വിസയ്ക്കുമുള്ള നിയന്ത്രണം ലഘൂകരിക്കണമെന്ന് ഇന്ത്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. പഠനത്തിന് ശേഷം ജോലിചെയ്യാൻ സൗകര്യമൊരുക്കുന്ന പോസ്റ്റ് സ്റ്റഡി വിസ പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. കഴിഞ്ഞ 5 വർഷത്തിനിടെ ഇത്തരത്തിൽ യുകെയിൽ തങ്ങുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞത് ഇന്ത്യ ചുണ്ടികാട്ടും.

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ബ്രിട്ടന്റെ പിന്തുണ ഇന്ത്യ തേടും. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രവാണിജ്യമന്ത്രി നിർമ്മല സീതാരാമനും ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സും തമ്മിൽ ചർച്ച നടക്കും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: