നോട്ട് പിന്‍വലിക്കല്‍ പ്രവാസികള്‍ എന്ത് ചെയ്യണം ?

ഇന്ത്യയില്‍ ഇല്ലാത്തവര്‍ക്കും നോട്ടുകള്‍ മാറ്റിയെടുക്കാവുന്നതാണ്. ഇതിനായി നിങ്ങളുടെ പ്രതിനിധിയെ ചുമതലപ്പെടുത്തികൊണ്ടുള്ള രേഖ ഹാജരാക്കണം. ഒപ്പം അയാളുടെ തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം.ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും ഇതിനായി ഉപയോഗിക്കാം. NRI കള്‍ക്കും പഴയ നോട്ടുകള്‍ അകൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. വിദേശത് നിന്നുള്ള സഞ്ചാരികള്‍ക്ക് വിമാനത്താവളങ്ങളില്‍ 5000 രൂപയുടെ വരെ നോട്ടുകള്‍ മാറ്റി എടുക്കാം. ഇതിനും തിരിച്ചറിയല്‍ രേഖകള്‍ അനിവാര്യമാണ്.

നാട്ടില്‍ പോയി മടങ്ങി വരുമ്പോള്‍ കൈയില്‍ സൂക്ഷിക്കുന്ന ഇന്ത്യന്‍ രൂപ കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് പ്രവാസികള്‍. ബാങ്കിലും പോസ്റ്റ് ഓഫീസിലുമായി തിരികെ നല്‍കി 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഡിസംബര്‍ 30 വരെ സമയം ഉണ്ടെങ്കിലും ഇതിനായി മാത്രം നാട്ടിലേക്കൊരു യാത്ര ഭൂരിഭാഗം പ്രവാസികളുടെ കാര്യത്തിലും സാധ്യമല്ല.

മിക്കവരുടെയും കൈവശമുള്ളത് ചെറിയ തുകയാണെങ്കിലും ചിലരെങ്കിലും വലിയ തുക സൂക്ഷിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്ന റസിഡന്റ്‌സിനും നോണ്‍ റസിഡന്റ്‌സിനും കൈവശം സൂക്ഷിക്കാവുന്ന ഇന്ത്യന്‍ കറന്‍സിയുടെ പരിധി 25,000 രൂപയാണ്. നേരെത്തെ 10,000 രൂപയായിരുന്ന ഇത് 2014 ജൂണിലാണ് റിസര്‍വ് ബാങ്ക് 21000 ആയി വര്‍ധിപ്പിച്ചത്.

ഉടനടി നാട്ടില്‍ പോകുന്നവരുടെ പക്കല്‍ പണം കൊടുത്തയച്ച് മാറിയെടുക്കുകയാണ് പ്രവാസികളുടെ മുന്നിലുള്ള ഒരു വഴി. ഒരാളുടെ കൈവശം 25,000 രൂപവരെ ഇങ്ങനെ കൈവശം കൊണ്ടുപോയി നിയമപരമായി മാറിയെടുക്കാം. പ്രവാസികളുടെ പക്കലുള്ള പണം മാറാന്‍ എംബസികളില്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

കള്ളപ്പണം നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ പ്രവാസികള്‍ പൊതുവെ സ്വാഗതം ചെയ്യുമ്പോഴും പെട്ടെന്നുണ്ടായ തീരുമാനത്തില്‍ നാട്ടിലുള്ളവരെപ്പോലെ പരിഭ്രമത്തിലാണ് പ്രവാസികളും. പുതിയ തീരുമാനം കാരണം ഇനി ഇന്ത്യയിലെ ബാങ്കുകളില്‍ ഒരാഴ്ചത്തേയ്‌ക്കെങ്കിലും നോട്ട് മാറ്റല്‍ പ്രവര്‍ത്തനമായിരിക്കും ഏറെയും നടക്കുന്നതെന്നതിനാല്‍ പ്രവാസികളുടെ പണമിടപാടുകള്‍ വൈകുമെന്നും സംശയിക്കപ്പെടുന്നു. പ്രവാസികളുടെ കൈയിലുള്ള തുക മാറ്റികൊടുക്കാനുള്ള സംഘങ്ങളും ഉടന്‍ രംഗത്തെത്തുമെന്നാണ് ചിലര്‍ വിചാരിക്കുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: