പാര്‍ട്ടിയില്‍നിന്നും സര്‍ക്കാരില്‍നിന്നും അകന്നുനില്‍ക്കാന്‍ ബന്ധുക്കള്‍ക്ക് തോഴി ശശികലയുടെ മുന്നറിയിപ്പ്

പാര്‍ട്ടിയില്‍നിന്നും സര്‍ക്കാരില്‍നിന്നും അകന്നുനില്‍ക്കാന്‍ ബന്ധുക്കള്‍ക്ക് ജയലളിതയുടെ തോഴി ശശികലയുടെ മുന്നറിയിപ്പ്. സഹോദരങ്ങള്‍, അന്തരവന്മാര്‍ തുടങ്ങിയ അടുത്ത ബന്ധുക്കളോടാണ് ശശികല തന്റെ നിര്‍ദേശം അറിയിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.

ബുധനാഴ്ചയായിരുന്നു സംഭവം. ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിനൊപ്പം മന്ത്രിമാരോടും പ്രവര്‍ത്തകരോടും അവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കരുതെന്ന് പറഞ്ഞതായും ശശികലയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെ തലപ്പത്തേക്ക് ശശികല എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ശശികല ബന്ധുക്കള്‍ക്ക് മുന്നറിയിപ്പു നല്‍കിയതായുള്ള വിവരവും പുറത്തുവരുന്നത്.

ജയലളിതയുടെ വീടായ പോയസ് ഗാര്‍ഡനിലാണ് ശശികല ഇപ്പോള്‍ താമസിക്കുന്നത്. അവരോടൊപ്പം ബന്ധുക്കളുമുണ്ട്. അവരെല്ലാം പോയതിനുശേഷം ശശികലയുടെ അന്തരിച്ച സഹോദന്‍ ജയരാമന്റെ ഭാര്യ ഇളവരശി പോയസ് ഗാര്‍ഡനില്‍ തുടരുമെന്നാണ് വിവരം.

എന്നാല്‍ തനിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുന്നതിനും രാഷ്ട്രീയത്തില്‍ നല്ല ചിത്രം ഉണ്ടാക്കുകയുമാണ് ശശികലയുടെ ലക്ഷ്യമെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ചത്തെ കൂടിക്കാഴ്ചയില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ ശശികലയോട് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ചിലര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനും നിര്‍ദേശിച്ചു. എന്നാല്‍ അധികാരത്തിന്റെ പിന്തുണയില്ലാതെ ജനങ്ങളെ സേവിക്കാനാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു ശശികലയുടെ മറുപടി എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

2011ല്‍ ശശികലയെയും ബന്ധുക്കളെയും ജയലളിത പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു. പിന്നീട് ശശികല മാത്രം തിരിച്ചെത്തി. എന്നാല്‍ തുടര്‍ന്നും ശശികലയുടെ ബന്ധുക്കളെ അടുപ്പിക്കാന്‍ ജയലളിത തയാറായില്ല. പക്ഷേ ജയലളിതയുടെ മരണശേഷമുള്ള കര്‍മങ്ങളിലടക്കം ശശികലയുടെ ബന്ധുക്കളുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കുകയും ചെയ്തു.

 

 

എഎം

Share this news

Leave a Reply

%d bloggers like this: