പൊളിഞ്ഞ പരിഷ്‌കാരം? വീണ്ടും വാക്കു മാറ്റി മോഡി- 5000 നു മുകളിലുള്ള നിക്ഷേപം ഡിസംബര്‍ 30 വരെ ഒരു തവണ മാത്രം

ദില്ലി: നോട്ട് അസാധുവാക്കലിന് ശേഷം ജനങ്ങള്‍ക്ക് കൂടുതല്‍ പ്രഹരം ഏല്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് മോഡി സര്‍ക്കാര്‍. അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന വാര്‍ത്ത ജനങ്ങളെ വലയ്ക്കും. 5000 രൂപയില്‍ കൂടുതലുള്ള അസാധു നോട്ടുകള്‍ ഡിസംബര്‍ 30 വരെ ഒരു തവണ മാത്രമേ ഒരു അക്കൗണ്ടില്‍ നിക്ഷേപിക്കാനാവൂ. അസാധുവായ നോട്ടുകള്‍ നിക്ഷേപിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 30 ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ധനമന്ത്രാലയം പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ബാങ്ക് അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിക്ഷേപത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിതെന്നാണ് റിപ്പോര്‍ട്ട്. പുതിയ നിര്‍ദേശം അനുസരിച്ച് 5000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നവര്‍ എന്തുകൊണ്ടാണ് ഇതുവരെ പണം നിക്ഷേപിക്കാതിരുന്നതെന്ന് ബാങ്ക് അധികൃതരെ ബോധ്യപ്പെടുത്തണം. പണത്തിന്റെ സ്രോതസ്സും ഉപയോക്താവ് വ്യക്തമാക്കണം.

വിശദീകരണം ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് തൃപ്തികരമായെങ്കില്‍ മാത്രമേ പണം നിക്ഷേപിക്കാനാകൂ. ഇതുമാത്രമല്ല കെ വൈ സി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള അക്കൗണ്ടുകളില്‍ മാത്രമേ ഇനി മുതല്‍ പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയൂ എന്നും കേന്ദ്രധനമന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം പിഴ സംഖ്യനല്‍കി കള്ളപ്പണം വെളിപ്പിക്കാമെന്ന സര്‍ക്കാറിന്റെ നയത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നിയന്ത്രണം ബാധകമല്ല. സ്വകാര്യ-പൊതുമേഖലാ-സഹകരണ ബാങ്കുകള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്.

എ എം

 

Share this news

Leave a Reply

%d bloggers like this: