വായിലുണ്ടാകുന്ന ക്യാന്‍സര്‍ സ്ത്രീകളില്‍ കൂടിവരുന്നതായി ഗവേഷകര്‍

ഗാല്‍വേ: സ്ത്രീകളില്‍ ഓറല്‍ ക്യാന്‍സര്‍ കൂടിവരുന്നതായി പഠന റിപ്പോര്‍ട്ട്. 1994 മുതല്‍ 2009 വരെ നീളുന്ന ഓറല്‍ ക്യാന്‍സര്‍ രോഗികളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ സ്ത്രീകളില്‍ ഈ രോഗം പുരുഷന്മാരെ അപേക്ഷിച്ചു കൂടുതലായി കണ്ടെത്തിയത്. ഗാല്‍വേ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എപ്പിഡമോളജി ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് ഗവേഷകര്‍ 2,147 ആളുകളെയാണ് ഈ പഠനത്തിന് വിധേയമാക്കിയത്.

ബി.എ.സി. ജേണല്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഓറല്‍ ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കൂടുതല്‍ പുരുഷന്മാരില്‍ ആണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് വിപരീതമായ കണ്ടെത്തലിലാണ് ഗാല്‍വേ യൂണിവേഴ്‌സിറ്റി ഗവേഷകര്‍.

യൂണിവേഴ്‌സിറ്റിയുടെ ഗവേഷണ ഫലത്തില്‍ പറയുന്നത് സ്ത്രീകളില്‍ 1994-ല്‍ 24% ആയിരുന്ന ഓറല്‍ ക്യാന്‍സര്‍ 2009-ല്‍ 32% ആയി ഉയര്‍ന്നു എന്നാണ്. എന്നാല്‍ ഗവേഷണത്തിന് രോഗബാധിതരേയും, മദ്യം, പുകവലി എന്നിവ ശീലമാക്കിയവരെയും ഉള്‍പ്പെടുത്തിയിരുന്നു. 15 വര്‍ഷക്കാലയളവില്‍ നിരീക്ഷണത്തിലിരുന്നവര്‍ക്ക് രോഗബാധ പിടിപെടുകയും ചെയ്തു. സ്ത്രീകളായിരുന്നു രോഗം സ്ഥിതീകരിച്ചവരില്‍ ഏറിയ പങ്കും എന്നാണ് ഗവേഷണ ഫലം. 60 വയസ്സിനു മുകളിലുള്ള ഓറല്‍ ക്യാന്‍സര്‍ ബാധിതര്‍ മരണപ്പെടാന്‍ 90% സാധ്യതയുള്ളതാണ് ഗവേഷകര്‍  അഭിപ്രായപ്പെടുന്നത്.

പുകയില ഉത്പന്നങ്ങളുടെയും മദ്യത്തിന്റെയും ഉപയോഗത്തില്‍ സ്ത്രീകളുടെ എണ്ണവും വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഓറല്‍ ക്യാന്‍സര്‍ സാധ്യത കൂടുതല്‍ പുരുഷന്മാരില്‍ ഏറിവരുന്നതായാണ് പൊതുവെയുള്ള ധാരണ എങ്കിലും ഈ വാദത്തെ തള്ളുകയാണ് ഗവേഷകര്‍.

Share this news

Leave a Reply

%d bloggers like this: