അവശിഷ്ടങ്ങളില്‍ ശ്വാസം മുട്ടി നില്‍ക്കുന്ന ഡബ്ലിന്‍ നഗരത്തിന് ശാപമോക്ഷം ലഭിക്കുമോ?

ഡബ്ലിന്‍: അയര്‍ലന്‍ഡ് നഗരങ്ങളില്‍ വെയ്സ്റ്റ് നിര്‍മ്മാര്‍ജ്ജനം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് പരാതി. അവശിഷ്ടങ്ങള്‍ പൊതിഞ്ഞുകെട്ടി നഗര വീഥികളില്‍ ഉപേക്ഷിക്കപ്പെടുന്ന പതിവ് കാഴ്ചക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോകനിലവാരമുള്ള നഗരങ്ങളില്‍ ഒന്നായ ഡബ്ലിന്റെ ഏറ്റവും വലിയ ശാപമായി കുന്നുകൂടുകയാണ് മാലിന്യങ്ങള്‍. ഐറിഷ് ബിസിനസ്സ് എഗൈന്‍സ്റ്റ് ലിറ്റര്‍ (Ibal) സര്‍വേയിലാണ് രാജ്യത്തെ നഗരങ്ങളുടെ ശോചനീയാവസ്ഥ വിവരിക്കുന്നത്. രാജ്യത്തെ നഗരങ്ങളില്‍ ശുചിത്വമില്ലായ്മക്ക് പ്രധാന കാരണം അശാസ്ത്രീയമായ അവശിഷ്ട നിര്‍മ്മാര്‍ജ്ജനമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

ലീമെറിക്കിലെ ഗള്‍വോണ്‍ ജില്ലയാണ് അവശിഷ്ട നിര്‍മ്മാര്‍ജ്ജനത്തില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്നത്. തൊട്ടു പുറകില്‍ കോര്‍ക്കിലെ ഫാറന്റി, ഡബ്ലിനിലെ നോര്‍ത്ത് ഇന്നര്‍ സിറ്റി എന്നിവയാണ്. ഡബ്ലിനിലെ തന്നെ ബെലിമെന്റും വൃത്തിഹീനമായ നഗരങ്ങളുടെ പട്ടികയിലാണ് ഇടം പിടിച്ചത്.

ഡബ്ലിനിലെ നോര്‍ത്ത് സെര്‍ക്കുലാര്‍ റോഡില്‍ വെയിസ്റ്റുകള്‍ കുമിഞ്ഞുകൂടുന്നത് പതിവ് കാഴ്ചകളില്‍ ഒന്നാണ്. സിറ്റി കൗണ്‍സിലുകളുടെ ഇടപെടല്‍ മൂലം വെയ്സ്റ്റ് നിക്ഷേപിക്കുന്നത് തടയുന്നുണ്ടെങ്കിലും കാര്യക്ഷമത കുറവാണെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല ഇതിലൂടെ സമീപത്തെ ജലാശയങ്ങളും അവശിഷ്ടങ്ങള്‍ കൊണ്ട് നിറയുകയാണ്.

എന്നാല്‍ വെയ്സ്റ്റ് മാനേജ്മെന്റ് കൃത്യമായി നടക്കുന്ന ഇടങ്ങളും രാജ്യത്തുണ്ട്. ആഷ്ബോണ്‍, കില്‍ഡെയര്‍, റോസ് കോമണ്‍, തെര്‍ലാസ്സ്, വാട്ടര്‍ഫോര്‍ഡ് തുടങ്ങിയ സ്ഥലങ്ങള്‍ ആദ്യത്തെ 5 ക്‌ളീന്‍ സിറ്റികളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്. ക്‌ളീന്‍ സിറ്റികളുടെ മാതൃകകള്‍ പിന്തുടര്‍ന്നാല്‍ രാജ്യത്തെ മുഴുവന്‍ സിറ്റികളും വൃത്തിയായി സൂക്ഷിക്കാന്‍ കഴിയുമെന്ന് ഐ.ബി.എ.എല്‍ വ്യക്തമാക്കുന്നു. അതിനുള്ള തികഞ്ഞ ഇച്ഛാശക്തി സിറ്റി അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാവണം എന്ന് മാത്രം.

Share this news

Leave a Reply

%d bloggers like this: