പഴയ നോട്ട് മാറല്‍ ; പ്രവാസികള്‍ക്ക് തലവേദന തുടരുന്നു

പ്രവാസികള്‍ രാജ്യത്തിനുവേണ്ടി ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും അവര്‍ എത്തിക്കുന്ന വിദേശ നാണ്യം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുമൊക്കെ നമ്മുടെ ഭരണകര്‍ത്താക്കളും രാഷ്ട്രീയ നേതാക്കളും ഏറെ പറയാറുണ്ട്. ആഴ്ചതോറും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെയുള്ള പ്രവാസിസമൂഹങ്ങളുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്യുന്ന നേതാക്കള്‍ കുറവല്ല. തെരഞ്ഞെടുപ്പുകാലത്തു പല സ്ഥാനാര്‍ഥികളുടെയും സാമ്പത്തിക സ്രോതസും വിദേശ ഇന്ത്യക്കാരാണ്. എന്നാല്‍ പ്രവാസികള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യേണ്ട കാര്യം വരുമ്പോള്‍ ഭരണാധികാരികള്‍ ഒഴിഞ്ഞുമാറുകയാണു ചെയ്യാറ്. ഇപ്പോള്‍ നോട്ട് റദ്ദാക്കലിന്റെ പേരിലും അവരെ കഷ്ടപ്പെടുത്തുന്നു.

റദ്ദാക്കിയ അഞ്ഞൂറു രൂപയുടെയും ആയിരം രൂപയുടെയും നോട്ടുകള്‍ നിരവധി പ്രവാസി ഇന്ത്യക്കാരുടെ കൈവശം ഉണ്ട്. നാട്ടിലെ കുറച്ചു കറന്‍സി കൈവശം വയ്ക്കുന്ന ശീലമുള്ളവരാണു പ്രവാസികളില്‍ പലരും. ചിലര്‍ കുറച്ചു കറന്‍സി നാട്ടില്‍ത്തന്നെ സൂക്ഷിക്കാറുമുണ്ട്. ഈ നോട്ടുകളെല്ലാം നഷ്ടപ്പെടുമെന്ന ആശങ്കയിലാണിപ്പോള്‍ പ്രവാസികള്‍. തിരിച്ചുവരുമ്പോള്‍ കസ്റ്റംസില്‍ കൊടുത്തു സര്‍ട്ടിഫിക്കറ്റ് വാങ്ങിവേണം ഇനി പഴയ നോട്ടുകള്‍ മാറാന്‍. അതു മാറിയെടുക്കണമെങ്കില്‍ത്തന്നെ അവര്‍ക്കു സംസ്ഥാനത്തിനു പുറത്തു പോകേണ്ടിവരും.

രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട റിസര്‍വ് ബാങ്ക് ശാഖകളില്‍ മാത്രം പ്രവാസികളുടെ നോട്ട് മാറിക്കൊടുത്താല്‍ മതിയെന്ന സര്‍ക്കാര്‍ നിര്‍ദേശമാണു പ്രവാസി മലയാളികളെ ഏറെ കുഴയ്ക്കുന്നത്. കേരളത്തില്‍ റിസര്‍വ് ബാങ്കിനു രണ്ടു ശാഖകളുണ്ട് കൊച്ചിയിലും തിരുവനന്തപുരത്തും. പക്ഷേ ഈ ശാഖകളില്‍ പഴയ നോട്ട് മാറിനല്‍കില്ലത്രേ. കേരളീയരായ പ്രവാസികള്‍ ഇനി നോട്ട് മാറിയെടുക്കണമെങ്കില്‍ ചെന്നൈ, ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, നാഗ്പുര്‍ എന്നിവിടങ്ങളിലേക്കു പോകേണ്ടിവരും.

റദ്ദാക്കിയ കറന്‍സി മാറ്റിയെടുക്കാന്‍ പ്രവാസികള്‍ക്കു ജൂണ് 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. നോട്ട് പിന്‍വലിച്ച സമയത്തു വിദേശത്തായിരുന്നവര്‍ക്കും റദ്ദാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാം. പക്ഷേ ഇതിനുള്ള സമയപരിധി മാര്‍ച്ച് 31നു സമാപിക്കും. റിസര്‍വ് ബാങ്ക് അടുത്തകാലത്ത് എടുത്ത പല തീരുമാനങ്ങളും അബദ്ധങ്ങളായി മാറി. നോട്ട് റദ്ദാക്കലിനു ശേഷം ധനമന്ത്രാലയവും റിസര്‍വ് ബാങ്കും എടുത്ത തീരുമാനങ്ങളില്‍ നൂറോളം എണ്ണമാണു തിരുത്തേണ്ടിവന്നത്. ബാങ്കിംഗ് സംവിധാനത്തെക്കുറിച്ചു ജനങ്ങളില്‍ അവിശ്വാസം ഉളവാക്കാന്‍ ഇതിടയാക്കി. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയ ഒരു സര്‍ക്കാര്‍ നടപടിയോടു ജനങ്ങള്‍ ഇത്രയും ക്ഷമയോടെ പ്രതികരിച്ചതു വലിയ അദ്ഭുതമാണ്.

പ്രവാസികളുടെ കൈവശമുള്ള പഴയ കറന്‍സി മാറിയെടുക്കുന്നതിക്കെുറിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ജോലി ചെയ്യുന്ന മലയാളികളില്‍ മിക്കവരും ഒന്നോ രണ്ടോ വര്‍ഷത്തിലൊരിക്കലാണു നാട്ടില്‍ വരുന്നത്. യൂറോപ്പിലും അമേരിക്കയിലുമൊക്കെ ജോലി ചെയ്യുന്നവരാകട്ടെ മടങ്ങാന്‍ കൂടുതല്‍ വര്‍ഷമെടുക്കാറുണ്ട്. ഇവരൊക്കെ തിരികെ വിദേശത്തേക്കു പോകുമ്പോള്‍ കൈയില്‍ കുറെ ഇന്ത്യന്‍ കറന്‍സി സൂക്ഷിക്കും. പിന്നീടു നാട്ടില്‍ വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍നിന്നു ടാക്‌സി പിടിച്ചു നാട്ടിലെത്താനോ ഹോട്ടലില്‍ തങ്ങേണ്ട സാഹചര്യമുണ്ടായാല്‍ അതിനുവേണ്ടിയോ ഒക്കെയാവും ഇന്ത്യന്‍ കറന്‍സി കൈയില്‍ കരുതുക. സൂക്ഷിക്കാനുള്ള സൗകര്യത്തിന് അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ നോട്ടുകളാകും സൂക്ഷിച്ചുവയ്ക്കുന്നത്. ഇങ്ങനെ സൂക്ഷിച്ചുവച്ച പണത്തിനു മൂല്യമില്ലാതെ വരുന്നതു വലിയ കഷ്ടംതന്നെ. അയ്യായിരമോ പതിനായിരമോ രൂപ മാറിക്കിട്ടുന്നതിനുവേണ്ടി പ്രവാസിക്കു സര്‍ക്കാര്‍ നിശ്ചയിച്ച ചുരുങ്ങിയ കാലാവധിക്കുള്ളില്‍ നാട്ടിലെത്താന്‍ കഴിഞ്ഞെന്നുവരില്ല. കേരളീയരായ പ്രവാസികള്‍ക്കാകട്ടെ നാട്ടിലെത്തിയാല്‍ത്തന്നെ കേരളത്തിലെങ്ങും നോട്ട് മാറാന്‍ സാധിക്കുകയില്ലെന്നുകൂടി വന്നിരിക്കുന്നു.

വിമാനത്താവളങ്ങളില്‍ ദേശസാത്കൃത ബാങ്കുകളുടേതുള്‍പ്പെടെയുള്ള കൗണ്ടറുകളുണ്ട്. ഇവയിലൂടെ പ്രവാസികള്‍ക്കു വിമാനത്താവളത്തില്‍വച്ചുതന്നെ പുതിയ കറന്‍സി നല്‍കാനുള്ള ക്രമീകരണം ഉണ്ടാക്കാന്‍ മുറവിളി ഉയര്‍ന്നു കഴിഞ്ഞു. കസ്റ്റംസിന്റെ പക്കല്‍നിന്നു സര്‍ട്ടിഫിക്കറ്റും വാങ്ങി ചെന്നൈയിലോ മുംബൈയിലോ പോയി റിസര്‍വ് ബാങ്ക് ശാഖയില്‍ നിന്നു മാറിയെടുക്കാനുള്ള കറന്‍സിയൊന്നും കേരളീയരായ സാധാരണ പ്രവാസികളുടെ കൈയില്‍ ഉണ്ടാവില്ല.

വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങാന്‍ പുതിയൊരു ക്യൂവില്‍ക്കൂടി യാത്രക്കാര്‍ സമയം ചെലവഴിക്കേണ്ടിവരും. വിദേശത്തുനിന്നു വരുന്നവരോടു നോട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാന്യതയോടെ ഇടപെടണമെന്നും ഒരു തരത്തിലുമുള്ള അസൗകര്യവും അവര്‍ക്ക് ഉണ്ടാകരുതെന്നും കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. ഏട്ടിലെ പശു പുല്ലുതിന്നില്ല എന്നതുപോലെയാവും ഇക്കാര്യത്തില്‍ പ്രായോഗികാനുഭവം. കള്ളപ്പണക്കാരെ പിടിക്കുമെന്നു പറഞ്ഞവര്‍ പാവപ്പെട്ട പ്രവാസികളുടെ പക്കലുള്ള പത്തോ അന്പതോ പഴയ നോട്ട് പിടിച്ചെടുത്ത് പദ്ധതി വിജയമെന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പ്രാവാസികളുടെ പക്ഷം..

വിമാനത്താവളങ്ങളിലെ ബാങ്ക് കൗണ്ടറുകളിലൂടെയും സംസ്ഥാനത്തെതന്നെ തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിലൂടെയും നോട്ടുകള്‍ മാറിയെടുക്കാന്‍ പ്രവാസികള്‍ക്കു കുറെക്കൂടി സമയവും സാവകാശവും അധികൃതര്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നു.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: