അപ്പോളോ ഹൌസ് ഭവനരഹിതര്‍ക്കു വേണ്ടി വാങ്ങി നല്‍കാന്‍ തയ്യാറായി ഒരു കോടീശ്വരന്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച അപ്പോളോ ഹൌസ് ഭവനരഹിതര്‍ക്കു വേണ്ടി വാങ്ങി നല്‍കാന്‍ തയ്യാറാണെന്ന് ഐറിഷ്-അമേരിക്കക്കാരന്‍ കെന്‍ പീറ്റര്‍സണ്‍ പ്രസ്താവിച്ചു. ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലികോം കമ്പനി മാഗ്‌നെറ്റ് നെറ്റ് വര്‍ക്കിന്റെ ഉടമയാണ് കെന്‍. നാമയുടെ ഉടമസ്ഥതയിലുള്ള അപ്പോളോ ഹൌസ് 7.5 മില്യണ്‍ യൂറോ വിലയ്ക്ക് വാങ്ങി ചാരിറ്റി ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്ത് ഹോം സ്വീറ്റ് ഹോം ഗ്രൂപ്പിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന കാര്യം കമ്പനി സി.ഇ.ഒ ആയ മാര്‍ക്ക് കെല്ലറ്റിനെ അറിയിക്കുകയും, തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ ചുമതല ഏല്പിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

മാഗ്‌നെറ്റ് നെറ്റ് വര്‍ക്ക് ബോര്‍ഡ് മെമ്പര്‍ ബ്രെയ്ന്‍ റെയ്‌ലിയും, കെന്‍ പീറ്റര്‍സനും ചേര്‍ന്ന് ഈ പദ്ധതി സാക്ഷസത്കരിക്കാന്‍ ലക്ഷ്യമിടുകയായിരുന്നു. അതിനിടക്ക് അപ്പോളോ ഹൗസില്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുകയും കുടിയേറി താമസിക്കുന്നവര്‍ ഉടന്‍ ഒഴിഞ്ഞു പോകണമെന്ന നിര്‍ദ്ദേശം ഉണ്ടാവുകയും ചെയ്തു. ഡബ്ലിന്‍ സിറ്റി കൗണ്‍സിലും ഇതേക്കുറിച്ചുള്ള അറിയിപ്പ് നല്‍കിയെങ്കിലും കോടതി ഇടപെടല്‍ അവസാനിച്ചാല്‍ മാത്രമേ തീരുമാനം എടുക്കാന്‍ കഴിയു എന്നാണ് കൗണ്‍സില്‍ മറുപടി നല്‍കിയത്. അപ്പോളോ ഹൌസ് വില്‍ക്കുന്ന തീരുമാനത്തെക്കുറിച്ച് നാമയുടെ വക്താക്കള്‍ ഇതുവരെ പ്രതീകരിച്ചിട്ടില്ല.

കഴിഞ്ഞ മാസം രാജ്യത്തെ തെരുവില്‍ ഉറങ്ങുന്നവരെ സംരക്ഷിക്കാന്‍ ഹോം സ്വീറ്റ് ഹോം എന്ന സംഘടനയുടെ നേതൃത്വത്തില്‍ അപ്പോളോ ഹൌസ് പിടിച്ചെടുക്കുകയും 80-ഓളം പേരെ ഇവിടെ താമസിപ്പിക്കുകയും ചെയ്തിരുന്നു. കോടതിയില്‍ കേസ് ഫയല്‍ ചെയ്ത കെട്ടിട ഉടമസ്ഥര്‍ക്ക് അനുകൂല വിധിയായിരുന്നു കോടതിയില്‍ നിന്നും ലഭിച്ചത്. അതിനെ തുടര്‍ന്ന് രാജ്യത്തെ പല ചാരിറ്റി സംഘടനകളും അപ്പോളോ ഹൗസിലെ താമസക്കാര്‍ക്ക് മറ്റു താമസ സ്ഥലങ്ങള്‍ തയ്യാറാക്കിയെങ്കിലും അതൊന്നും താമസ യോഗ്യമല്ലാതായിരുന്നു എന്ന് ഹോം സ്വീറ്റ് ഹോം പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ഈ കെട്ടിടം വിലയ്ക്ക് വാങ്ങിക്കാന്‍ തയ്യാറായി ഒരു വ്യവസായി രംഗത്തെത്തിയത്.

Share this news

Leave a Reply

%d bloggers like this: