എന്‍എസ്ജി അംഗത്വം നേടാന്‍ ശ്രമിക്കുന്നത് ആരുടെയും ഔദാര്യമായിട്ടല്ല: ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി

ന്യൂഡല്‍ഹി: ഇന്ത്യ ആണവ ദാതാക്കളുടെ സംഘത്തില്‍ (എന്‍എസ്ജി) അംഗത്വം നേടാന്‍ ശ്രമിക്കുന്നത് ആരുടെയും ഔദാര്യമായിട്ടല്ലെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്. ആണവ നിര്‍വ്യാപനത്തിനായി രാജ്യം നടത്തുന്ന ശക്തമായ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമെന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം ലഭിക്കുമെന്നാണ് കരുതുന്നതെന്നും വികാസ് സ്വരൂപ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ‘വിടവാങ്ങല്‍ സമ്മാന’മെന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം നല്‍കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്ന ചൈനയുടെ നിലപാടിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എന്‍എസ്ജി അംഗത്വം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ശക്തമായ സൂചനയാണ് ഇന്ത്യ ഇതിലൂടെ നല്‍കിയത്.

ഒബാമയുടെ വിടവാങ്ങല്‍ സമ്മാനമെന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം നല്‍കാന്‍ അനുവദിക്കില്ലെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയാങ്ങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്‍എസ്ജി അംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ എതിര്‍ക്കുന്നത് ചൈന മാത്രമാണെന്ന യുഎസ് സര്‍ക്കാര്‍ പ്രതിനിധിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് ചൈനീസ് വിദേശകാര്യ വക്താവ് ഇക്കാര്യം സൂചിപ്പിച്ചത്.

അതേസമയം, ചൈനയുടെ എതിര്‍പ്പ് മറികടന്ന് ഇന്ത്യയ്ക്ക് എന്‍എസ്ജിയില്‍ അംഗത്വം നല്‍കുന്നതിന് മുന്‍കൈയെടുക്കാന്‍ യുഎസ് പ്രസിഡന്റെന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംപിന് സാധിക്കുമെന്ന് സ്ഥാനമൊഴിയുന്ന ഇന്ത്യയിലെ യുഎസ് സ്ഥാനപതി റിച്ചാര്‍ഡ് വര്‍മ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്‍എസ്ജി അംഗങ്ങളായ ഭൂരിഭാഗം രാജ്യങ്ങളും ഇന്ത്യയുടെ അംഗത്വ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ചൈന ഈ ശ്രമങ്ങളെ തുടര്‍ച്ചയായി തടയുന്നത്.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: