ആദായ നികുതി റിട്ടേണ്‍ ഫയല്‍, ആഭ്യന്തര വിമാനയാത്ര എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ആലോചന

അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തേണ്ടി വരും. ഇതിനു പുറമെ, എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നതും നിര്‍ബന്ധമായി മാറും. ഇതു സംബന്ധിച്ച പ്രഖ്യാപനം വരുന്ന യൂണിയന്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട ഫോമില്‍ ഇപ്പോള്‍ തന്നെ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താന്‍ കോളമുണ്ട്. നിലവില്‍ അത് പൂരിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍, അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ അത് പൂരിപ്പിച്ചാല്‍ മാത്രമേ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുകയുള്ളൂ.

വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും ആധാര്‍ നിര്‍ബന്ധമാക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വെയ്‌സ് തുടങ്ങിയ ഏതാനും വിമാനക്കമ്പനികള്‍ ഇപ്പോള്‍ തന്നെ ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത് നിര്‍ബന്ധമല്ല. ആഭ്യന്തര യാത്രകള്‍ക്കാവും ആധാര്‍ നിര്‍ബന്ധമാക്കുക. വിദേശ യാത്രകള്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമായതിനാല്‍ ഇപ്പോള്‍ തന്നെ അതു നിരീക്ഷിക്കാന്‍ അവസരമുണ്ട്.

ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതോടെ, ഓരോരുത്തരുടെയും വിമാനയാത്ര കൃത്യമായി നിരീക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയും. വിമാന യാത്രയ്ക്ക് വേണ്ടി ഓരോരുത്തരും പ്രതിവര്‍ഷം എത്ര തുക ചെലവഴിക്കുന്നുണ്ടെന്ന് കണക്കാക്കാനും സാധിക്കും. ഇതുവഴി ആദായനികുതി വെട്ടിപ്പ് വലിയൊരളവോളം കുറയ്ക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ആധാറിനു പുറമെ പാന്‍ കാര്‍ഡിന്റെ ഉപയോഗവും കര്‍ശനമാക്കുകയാണ്. ഇതിന്റെ ആദ്യ പടിയായി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാന്‍ പാന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മാത്രമല്ല, 30,000 രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാകും. ഇത് സംബന്ധിച്ച പ്രഖ്യാപനവും ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലുണ്ടാവും. നിലവില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ നല്‍കിയാല്‍ മതി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: