വിദേശ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തുക കുത്തനെ ഉയര്‍ത്താന്‍ നീക്കം – 2500 റോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇരുട്ടടിയാകും

ഡബ്ലിന്‍ : വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവാത്ത പ്രഹരം നല്‍കി ഐറിഷ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അതോറിറ്റി. അയര്‍ലണ്ട് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന യൂറോപ്പ്യന്‍ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ അടയ്ക്കേണ്ട ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തുക ഉയര്‍ത്തിയത് വിദ്യാഭ്യാസ രംഗത്ത് അകെ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. ഈ തീരുമാനം മലയാളികളുള്‍പ്പടെയുള്ള 20,000 ത്തോളം വരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍വ്വകലാശാലകള്‍ തന്നെ വിലയിരുത്തുന്നു.

അടുത്ത അഞ്ച് വര്‍ഷക്കാലത്തേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരുപത്തഞ്ച് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച ഐറിഷ് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും തളര്‍ച്ച നേരിടുന്നതാണ് ഈ പ്രഖ്യാപനം. വിദേശ വിദ്യാര്‍ത്ഥികളെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കുക വഴി 2 ബില്ല്യന്‍ യൂറോ സാമ്പത്തീക ഉത്തേജന പായ്ക്ക് ഐറിഷ് സര്‍ക്കാര്‍ നേരത്തെ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ഇന്‍ഷുറന്‍സ് അതോറിറ്റിയുടെ പ്രീമിയന്‍ വര്‍ദ്ധനവ് ഇപ്പോള്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ഇന്ത്യയില്‍ നിന്നുള്ള 2500 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ അയര്‍ലന്റിലെ വിവിധ സര്‍വ്വകലാശാലകളില്‍ പഠനം നടത്തി വരുന്നുണ്ട്. നിലവില്‍ ഇവരുടെ താമസത്തിനുപോലും അനുയോജ്യമായ സ്ഥലം ലഭിക്കാന്‍ വഴിയില്ലാതെ അസൗകര്യങ്ങള്‍ക്ക് നടുവില്‍ കഴിയുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ തീരുമാനം താങ്ങാവുന്നതിലും അപ്പുറത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അടിയന്തര ആരോഗ്യ പരിരക്ഷ ലഭിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും ആരോഗ്യ ഇന്‍ഷുറന്‍സ് ഇനത്തില്‍ വാര്‍ഷിക പ്രീമീയം തുക 40 യൂറോ മുതല്‍ 150 യൂറോ വരെയാണ് ഇടാ
ക്കിയിരുന്നത്. എന്നാല്‍ പൂര്‍ണ്ണ ആരോഗ്യ ആരോഗ്യ പരിരക്ഷയ്ക്ക് പൂര്‍ണ്ണസമയ പഠനം നടത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 500 യൂറോ മുതല്‍ 1000 യൂറോ വരെ ചെലവാകുന്നുണ്ടെന്നാണ് ഇന്‍ഷുറന്‍സ് അതോറിറ്റി വ്യക്തമാക്കുന്നത്. മാത്രമല്ല ഒരു വര്‍ഷത്തെ കോഴ്സിന് ചേരുന്നവര്‍ പരിധിയില്‍ കൂടുതല്‍ സമയം പഠനം തുടരുന്നതും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ബാധ്യത വരുത്തിവയ്ക്കുന്നതായും ഇന്‍ഷുറന്‍സ് അതോറിറ്റി കുറ്റപ്പെടുത്തി.

ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ യു.കെ വിദേശ വിദ്യാര്‍ത്ഥികളോടുള്ള നിലപാട് കടുപ്പിച്ചപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലായി നോട്ടമിട്ടത് ഐറിഷ് യുണിവേഴ്‌സിറ്റികളെയാണ്. ഈ നിലപാടില്‍ മാറ്റം വരുത്താനുള്ള തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നതാണ് അയര്‍ലണ്ടിന്റെ പുതിയ ഇന്‍ഷുറന്‍സ് പരിഷ്‌ക്കാരം. ഈ തീരുമാനം ഐറിഷ് ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണമാകുമെന്നാണ് യൂണിവേഴ്സിറ്റി അധികൃതരുടെ അഭിപ്രായം.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: