നൂറു കണക്കിന് മലയാളികള്‍ക്ക് തിരിച്ചടി: ട്രാക്കര്‍ പലിശ നിരക്ക് വര്‍ദ്ധിച്ചേക്കും…

ഡബ്ലിന്‍: യൂറോ സോണില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഐറിഷ് സാമ്പത്തിക മേഖലയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ ഇത്തവണ പ്രതികൂലമായി ബാധിച്ചത് ട്രാക്കര്‍ ലോണുകള്‍ എടുത്തവരെയാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പൂജ്യം നിരക്കിലുള്ള ട്രാക്കര്‍ മോര്‍ട്ടഗേജ് നിരക്കുകള്‍ 2018-ല്‍ 0.5 ശതമാനവും 2019-ല്‍ ഒരു ശതമാനവും ആയി ഉയര്‍ന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ട്രാക്കര്‍ പലിശക്കുറവ് അയര്‍ലണ്ടില്‍ 350,000 വീട്ടുടമകള്‍ക്ക് ഗുണകരമായിരുന്നു.

യൂറോ സോണിലെ സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാനാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജര്‍മന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ജര്‍മ്മനിയിലെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ വേണ്ടിയാണ് ലോണുകള്‍ക്കുള്ള പലിശനിരക്ക് ഉയര്‍ത്തുന്നതെന്നും പറയപ്പെടുന്നു. ഭവനവില കുത്തനെ താഴുമ്പോള്‍ മോര്‍ട്ടഗേജ് പലിശ നിരക്ക് ഉയരും. ഇത് അയര്‍ലണ്ടില്‍ വീടുകള്‍ സ്വന്തമാക്കിയ നൂറോളം മലയാളികളെയും പ്രതികൂലമായി ബാധിക്കും. ട്രാക്കര്‍ പലിശ നിരക്ക് കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കുമെന്ന പേടിയിലാണ് മലയാളികള്‍.

സാമ്പത്തികമായി ഭദ്രത ഉള്ളവര്‍ മാത്രം ഇപ്പോള്‍ വീട് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നാണ് ഐറിഷ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഫിലിപ് ലെനന്‍ ഐറിഷുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 2012 മുതല്‍ ഭവനവില ഉയര്‍ന്നെങ്കിലും ഈ വര്‍ഷം മുതല്‍ വിലയില്‍ വന്‍ കുറവ് അനുഭവപ്പെടും. പക്ഷെ ഇപ്പോള്‍ വീട് വാങ്ങുന്നവര്‍ക്ക് മോര്‍ട്ടഗേജ് ഇനത്തില്‍ വന്‍ തുക ചെലവാക്കേണ്ടിയും വരും. മാത്രമല്ല ലോണുകളെടുക്കുന്നവര്‍ക്ക് ശക്തമായ സാമ്പത്തിക അടിത്തറ ഉണ്ടെങ്കില്‍ മാത്രമേ അവര്‍ ആവശ്യപെടുന്നത്രയും തുക അനുവദിക്കുകയുള്ളു എന്നും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.

ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നത് സാമ്പത്തിക രംഗത്ത് വളര്‍ച്ച കൈവരിക്കാന്‍ വേണ്ടിയാണ്. നിലവില്‍ പണപ്പെരുപ്പം അയര്‍ലണ്ടിനെ പിടികൂടാതിരിക്കാനുള്ള ശുദ്ധീകരണം കൂടിയാണ് ട്രാക്കര്‍ ലോണുകള്‍ക്ക് പലിശ ഉയര്‍ത്താനുള്ള തീരുമാനം. സാമ്പത്തിക വളര്‍ച്ച നേടുമ്പോള്‍ പലിശ നിരക്കിലും കുറവ് അനുവദിക്കുന്ന രീതിയാണ് അയര്‍ലണ്ടിലെ ബാങ്കുകള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വളര്‍ച്ചക്ക് അനുസരിച്ച് പലിശ നിരക്ക് കുറയ്ക്കാന്‍ പല ബാങ്കുകളും തയ്യാറായില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

യൂറോപ്യന്‍ യൂണിയനില്‍ പൊതുവായ സാമ്പത്തിക അന്തരീക്ഷം നില്‍ക്കുന്നതിനാല്‍ യൂണിയനിലെ ഏതെങ്കിലും ഒരു രാജ്യത്തിന് സംഭവിക്കുന്ന പ്രതിസന്ധി ഒരു ചെയിന്‍ റിയാക്ഷന്‍ പോലെ മറ്റു രാജ്യങ്ങളെയും ബാധിക്കും. ഇപ്പോള്‍ അയര്‍ലണ്ടില്‍ നടപ്പാക്കുന്ന ലോണ്‍ പലിശ നിരക്ക് ഉയര്‍ത്തുന്നതിന് പ്രധാന കാരണം ജര്‍മ്മനിലുണ്ടായ താളപ്പിഴവുകളാണെന്ന് ഐറിഷ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ഡി കെ

Share this news

Leave a Reply

%d bloggers like this: