ഡോറിസിന് പിന്നാലെ അയര്‍ലണ്ടില്‍ താണ്ഡവമാടാന്‍ ‘ഇവാന്‍’ എത്തുന്നു; വേഗത മണിക്കൂറില്‍ 120 കി.മി വരെ

ഡബ്ലിന്‍ : ഡോറിസ് പടിയിറങ്ങിയപ്പോള്‍ അയര്‍ലണ്ടില്‍ മറ്റൊരു ഉശിരന്‍ കൊടുങ്കാറ്റ് രംഗപ്രവേശനം ചെയ്യാന്‍ പോകുന്നു. രാജ്യത്തിന്റെ കിഴക്ക്-പടിഞ്ഞാറന്‍ മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍ക്ക് കളമൊരുക്കി കൊണ്ട് ആഞ്ഞടിക്കാന്‍ സാധ്യതയുള്ള ഇവാന്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.

രാജ്യത്തെ 18 കൗണ്ടികളില്‍ വെതര്‍ വാണിങ് നല്‍കി കഴിഞ്ഞു. ശൈത്യ കാലാവസ്ഥ തുടരുന്ന അയര്‍ലണ്ടില്‍ ഇപ്പോഴത്തെ കൂടിയ താപനില 7 ഡിഗ്രിക്കും 11 ഡിഗ്രിക്കും ഇടയിലാണ്. 120 കി.മി വേഗതയില്‍ ആഞ്ഞടിക്കുന്ന ഇവാന്‍ തീരദേശ മേഖലകളെ പ്രളയത്തിലാഴ്ത്താന്‍ ശേഷിയുള്ളതാണ്. വെക്‌സ്‌ഫോര്‍ഡ്, കോര്‍ക്ക്, കെറി, വാട്ടര്‍ ഫോര്‍ഡ്, എന്നീ കൗണ്ടികളില്‍ ഓറഞ്ച് വാണിങ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഡബ്ലിന്‍, കാര്‍ലോ, കില്‍ഡെയര്‍, കില്‍ കെന്നി, ലോയ്സ്, ലോങ്ഫോര്‍ഡ്, ലോത്ത്, വിക്കലോ, ഓഫാലി, വെസ്റ്റ് മീത്ത്, ക്ലയര്‍, ലീമെറിക്ക്, റിപ്പറെറി, തുടങ്ങിയ പ്രദേശങ്ങളില്‍ യെല്ലോ വാണിങ്ങും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ബുധനാഴ്ച വരെ കാലാവസ്ഥ പ്രക്ഷുബ്ധമായിരിക്കുമെന്ന് മെറ്റ് ഐറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. പുറത്തിറങ്ങുന്ന കാല്‍നട യാത്രക്കാരും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ആഞ്ഞടിച്ച ഡോറിസ് കൊടുങ്കാറ്റിന്റെ ഫലമായി അയര്‍ലണ്ടില്‍ ഏകദേശം 50,000 ത്തോളം ഭവനങ്ങളില്‍ വൈദ്യുത ബന്ധം തകരാറിലായിരുന്നു. രാജ്യത്തിന്റെ പല ഇടങ്ങളിലും ഗതാഗത സ്തംഭനവും വെള്ളപ്പൊക്കവും ഉണ്ടായി. ഡോറിസിനെക്കാള്‍ ശക്തമായാണ് ഇവാന്‍ കൊടുങ്കാറ്റെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം.
ഡികെ

Share this news

Leave a Reply

%d bloggers like this: