ബസ് ഏറാന്‍ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു; പൊതുഗതാഗതം താറുമാറാകും

ഡബ്ലിന്‍: ബസ് ഏറാന്‍ സമരം ഒത്തുതീര്‍പ്പില്‍ എത്താത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ മാര്‍ച്ച് 6-ന് അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു. വര്‍ക്ക് പ്ലെയ്‌സ് കമ്മീഷന്റെ ഇടപെടല്‍ ഉണ്ടായതിനെത്തുടര്‍ന്ന് നിര്‍ത്തി വെയ്ക്കപ്പെട്ട സമരം സമവായത്തിലെത്തുമെന്ന പ്രതീക്ഷ ആസ്ഥാനത്താക്കിക്കൊണ്ട് സമരം ദീര്‍ഘ നാളത്തേക്ക് ആസൂത്രണം ചെയ്യുകയാണ് യൂണിയനുകള്‍. ബസ് ഏറാന്‍ ബോര്‍ഡ് അംഗങ്ങള്‍ ഇന്ന് ചേരുന്ന യോഗത്തില്‍ മാര്‍ച്ച് 6 മുതല്‍ ജീവനക്കാരുടെ ശമ്പളം കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഇനിയൊരു ചര്‍ച്ചക്ക് തയ്യാറാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തൊഴിലാളികള്‍. ഇന്‍ഡസ്ട്രിയല്‍ ആക്ഷന് വേണ്ടി ബാനറുകളും മറ്റും ബസ് ഏറാന്‍ ഗാരേജുകളില്‍ വിതരണം ആരംഭിച്ചിരിക്കുകയാണ്. വേതനം വെട്ടിക്കുറക്കുന്നതോടൊപ്പം 60 മാനേജര്‍ തസ്തികകള്‍, ക്ലറിക്കല്‍ ജോലികള്‍, 40 എന്‍ജിനിയറിങ് പോസ്റ്റുകള്‍, 20 ഇന്‍സ്പെക്ടര്‍മാര്‍ എന്നീ പദവിയിലുള്ളവരുടെ എണ്ണത്തിലും കുറവ് വരുത്താനുള്ള തയ്യാറെടുപ്പിലാണ്.

ഡ്രൈവര്‍ തസ്തികയെ ഈ പിരിച്ചുവിടല്‍ എത്രത്തോളം ബാധിക്കുമെന്ന് അറിവായിട്ടില്ല. വരുമാനത്തിന് അനുസരിച്ച് മാത്രമേ വേതനം നല്‍കാന്‍ കഴിയുള്ളു എന്നാണ് മാനേജ്മെന്റിന്റെ വാദം. ബസ് സര്‍വീസിനൊപ്പം യൂണിയനില്‍ അംഗങ്ങളായ ചില റയില്‍വേ സര്‍വീസുകളും ഇതോടൊപ്പം സമരത്തില്‍ പങ്കെടുക്കും.

സമരം അനിശ്ചിതമായി നീളുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഗതാഗത മന്ത്രി ഷെയിന്‍ റോസ് ബസ് ഏറാന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ഒരു സാധ്യതയും കാണുന്നില്ല. അടുത്ത മാസം മുതല്‍ ഗതാഗത മേഖല സ്തംഭനാവസ്ഥ നേരിടുമ്പോള്‍ ആരോട് പരാതി പറയുമെന്ന അങ്കലാപ്പിലാണ് പൊതുജനങ്ങള്‍.

എ എം

Share this news

Leave a Reply

%d bloggers like this: