കുട്ടികളെ കടത്തല്‍; ബിജെപി വനിതാ നേതാവ് പിന്നാലെ ദേശീയ നേതാക്കളും കുരുക്കില്‍

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് അകത്തും പുറത്തും കുട്ടികളെ വിറ്റ സംഭവത്തില്‍ ബിജെപി വനിതാ നേതാവിന് പിന്നാലെ ദേശീയ നേതാക്കളെയും അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്.
നേപ്പാളിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബി.ജെ.പി വനിതാ നേതാവ് ജൂഹി ചൗധരിയെ പശ്ചിമ ബംഗാള്‍ സി.ഐ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷയും രാജ്യസഭാംഗവുമായ രൂപ ഗാംഗുലി തുടങ്ങിയവരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പശ്ചിമ ബംഗാളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയക്കാര്‍ക്ക് ബന്ധമുള്ള ജല്‍പായ്ഗുരി ശിശുക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറികൂടിയായ ജൂഹി ചൗധരി.

17 കുട്ടികളെ കടത്തിയ കേസില്‍ ജൂഹിയുടെ പേര് പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയത് മുതല്‍ അവര്‍ ഒളിവിലായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം മനുഷ്യക്കടത്ത്, വഞ്ചന, തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇവര്‍ക്ക് ശിശുക്കടത്ത് ശൃംഖലയുമായുള്ള ബന്ധം തെളിയിക്കുന്ന ഡയറി കണ്ടെടുത്തിട്ടുണ്ടെന്നും വിശദമായി ചോദ്യം ചെയ്യാനുണ്ടെന്നും പൊലീസ് അറിയിച്ചു.

ഇവരുടെ സഹോദരന്‍ മാനസ് ഭൗമികും ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ തലവന്‍ സോണാലി മണ്ഡലും പ്രധാന പ്രതി ചന്ദന ചക്രവര്‍ത്തിയും നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ മാസമാദ്യം അറസ്റ്റിലായ ഭൗമികില്‍നിന്നാണ് ജൂഹിക്ക് റാക്കറ്റുമായുള്ള ബന്ധം പുറത്തായത്. ഡയറിയില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് കുട്ടിക്കടത്ത് കേസിലെ പ്രധാന പ്രതി ചന്ദന ചക്രവര്‍ത്തിക്കൊപ്പം ഫെബ്രുവരി രണ്ടിന് ഡല്‍ഹിയില്‍ വന്ന് മധ്യപ്രദേശില്‍നിന്നുള്ള മുതിര്‍ന്ന നേതാവും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും അമിത് ഷായുടെ വിശ്വസ്തനുമായ കൈലാശ് വിജയവര്‍ഗ്യയുമായി കൂടിക്കാഴ്ച തരപ്പെടുത്തിയിരുന്നു.

രൂപാ ഗാംഗുലിയും കൈലാശ് വിജയവര്‍ഗ്യയും പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിജയയ് വര്‍ഗിയയെയും രൂപ ഗാംഗുലിയെയും ഉടന്‍ ചോദ്യംചെയ്യും. കൊല്‍ക്കത്തയില്‍നിന്ന് 600 കിലോമീറ്റര്‍ അകലെ ജല്‍പായ്ഗുഡിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിമലാശിശുഗൃഹ എന്ന സന്നദ്ധസംഘടനയുടെ മറവിലായിരുന്നു കുട്ടിക്കടത്ത്. ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക, സ്പെയിന്‍, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും കുട്ടികളെ വിറ്റിട്ടുണ്ട്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് ദത്ത് നല്‍കുന്നുവെന്ന വ്യാജേനയായിരുന്നു വില്‍പ്പന.

ദത്തവകാശനിയമങ്ങള്‍ കാറ്റില്‍പ്പറത്തി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടും ലഭിക്കുന്നു. ദത്തെടുക്കലുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ മറികടക്കാന്‍ വിജയ്വര്‍ഗിയയും രൂപ ഗാംഗുലിയും സഹായിച്ചു. പ്രത്യുപകാരമായി ഇവര്‍ക്ക് വിലകൂടിയ പാരിതോഷികം നല്‍കാന്‍ ജുഹിക്ക് താന്‍ വന്‍തുക നല്‍കാറുണ്ടെന്നും ചന്ദന ചക്രബര്‍ത്തി മൊഴി നല്‍കി. കരിമ്പട്ടികയില്‍പെട്ട തന്റെ ‘ആശ്രയ’ എന്ന അനാഥാലയത്തെ കേസുകളില്‍നിന്ന് ഊരിയെടുക്കാന്‍ കേന്ദ്രമന്ത്രിമാരെയും ഉയര്‍ന്ന ഉദ്യോഗസ്ഥരെയും സ്വാധീനിക്കാമെന്നും ജുഹി ഉറപ്പുനല്‍കി. ഈ മാസം 20ന് വനിതാശിശുക്ഷേമ മന്ത്രി മനേകാഗാന്ധിയുമായി ചര്‍ച്ചയ്ക്ക് അനുമതി ലഭിച്ചിരുന്നു.

 

 

 
എ എം

Share this news

Leave a Reply

%d bloggers like this: