‘കൊട്ടിയൂര്‍ സംഭവത്തിലെ കുറ്റവാളികളെ സഭ സംരക്ഷിക്കില്ല’: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ദ്ദിനള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികന് പറ്റിയത് ഗുരുതര തെറ്റാണെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ദ്ദിനള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കുറ്റവാളികളെ ഒരു കാരണവശാലും സഭ സംരക്ഷിക്കില്ലെന്നും ഇത്തരം കുറ്റകൃയ്യങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഭ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ ആലഞ്ചേരി വ്യക്തമാക്കി.

സംഭവുമായി ബന്ധപ്പെട്ട് വയനാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഫാ.തോമസ് തേരകത്തെ പുറത്താക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ അറിയിച്ചു. ശിശുക്ഷേമ സമിതി അംഗമായ കന്യാസ്ത്രീയേയും പുറത്താക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു.
വയനാട് ശിശുക്ഷേമ സമിതി വരുത്തിയത് ഗുരുതര വീഴ്ചയാണെന്നും അന്വേഷ്ണത്തില്‍ പോലീസ് കണ്ടെത്തി.

സംഭവത്തില്‍ മാനന്തവാടി ബിഷപ്പും നേരത്തെ പ്രതികരിച്ചിരുന്നു. അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ അതിക്രമത്തിന് ഇരയായത് ഉള്‍ക്കൊളളാനാകില്ലെന്നും കൊട്ടിയൂര്‍ ഇടവകയ്ക്ക് അയച്ച കത്തില്‍ മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറയുന്നു.’ഇരയാക്കപ്പെട്ട പ്രിയപ്പെട്ട മകളെയും അവളുടെ നല്ലവരും നിഷ്‌കളങ്കരുമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും എന്തു പറഞ്ഞ് ആശ്വസിപ്പിക്കും? പ്രിയപ്പെട്ടവരേ, നിങ്ങളെ ഞാന്‍ ദൈവസമക്ഷം സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ കണ്ണീര്‍ ദൈവം കാണുന്നുണ്ട്. ആ കണ്ണീരിനോട് കൂടി എന്റെയും ഞാന്‍ ചേര്‍ക്കുന്നു. നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ: മാപ്പ്. ഒരിക്കലും നികത്താന്‍പറ്റാത്ത നഷ്ടത്തിലും വിശ്വാസജീവിതത്തില്‍ അടിയുറച്ച് നില്‍ക്കുന്ന നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. കഠിനമായ ഈ പ്രതിസന്ധി അതിജീവിക്കാന്‍ നിങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെ’. എന്ന് കത്തില്‍ ബിഷപ്പ് പറയുന്നു.

കണ്ണൂര്‍ കൊട്ടിയൂരില്‍ പളളിമേടയില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കൂടാതെ പെണ്‍കുട്ടി പ്രസവിച്ച സംഭവം ഒളിച്ചുവെക്കാനും കുറ്റം മറയ്ക്കാനുമായി വന്‍ ഗൂഢാലോചന നടന്നതായും വ്യക്തമാകുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തത്.

കുട്ടിയെ ഏറ്റെടുക്കുമ്പോള്‍ ബന്ധപ്പെട്ട രജിസ്റ്ററില്‍ പെണ്‍കുട്ടിയുടെ പ്രായം 16 എന്നതിന് പകരം 18 എന്ന് തിരുത്തി എഴുതുകയായിരുന്നു. ഫെബ്രുവരി ഏഴാം തിയതി എത്തിച്ച കുഞ്ഞിനെ ഇരുപതിനാണ് ഹാജരാക്കുന്നത്. ഇതിലും വീഴ്ച സംഭവിച്ചു.സാമൂഹിക നീതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. മാമോദീസ രേഖയിലും എസ്എസ്എല്‍സി ബുക്കിലും പ്രായം തിരുത്തി വ്യാജരേഖ നിര്‍മ്മിച്ചതായും തിരുത്തിയ രേഖകളില്‍ സിഡബ്ല്യൂസി ചെയര്‍മാന്‍ ഒപ്പുവെച്ചതായും കണ്ടെത്തിയിരുന്നു.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗമായ കന്യാസ്ത്രീ ജോലിചെയ്യുന്ന ആശുപത്രിയില്‍ വച്ചാണ് കുട്ടിയെ കൈമാറുന്നതിനുളള നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും വ്യക്തമായിട്ടുണ്ട്. അഞ്ചു കന്യാസ്ത്രീകള്‍ അടക്കം കേസില്‍ എട്ടു പ്രതികളാണുളളത്. ഇതില്‍ ഒരാളെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് അറിയുന്നത്. പെണ്‍കുട്ടി പ്രസവിച്ച കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റലിലെയും വൈത്തിരിയിലെ അനാഥമന്ദിരത്തിലെയും ജീവനക്കാരാണ് പ്രതികള്‍. ഡോക്ടര്‍മാരായ സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ഓര്‍ഫനേജിലെ സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ലിസി മരിയ, മാതൃവേദി അംഗം തങ്കമ്മ, ഡോ. ഹൈദരാലി എന്നിവരാണ് പ്രതികള്‍.

ഡികെ

Share this news

Leave a Reply

%d bloggers like this: