ഗ്രാമത്തിലേക്ക് റോഡുകളില്ല; അവിവാഹിതരുടെ ഗ്രാമത്തിന് ഒടുവില്‍ ശാപമോക്ഷം;

അവിവാഹിതരുടെ ഗ്രാമമെന്ന് അറിയപ്പെടുന്ന ബിഹാറിലെ കുഗ്രാമമായ ബര്‍വാന്‍ കാലയിലേക്ക് ആദ്യമായി പുറത്തു നിന്നും ഒരു വധു എത്തി. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ഗ്രാമവാസിയായ അജയ് കുമാര്‍ യാദവിന്റെ ഭാര്യയായി നീതു എത്തിയതോടെ ഒരു ഗ്രാമത്തിന്റെ ശാപമാണ് ഒഴിഞ്ഞത്.

കാടിനുള്ളില്‍ മലമുകളിലുള്ള ഈ കുഗ്രാമത്തിലേക്ക് ഒരു വഴിപോലുമില്ലാതിരുന്നതിനാല്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും യുവതികളെ ഇവിടേക്ക് വിവാഹം കഴിച്ച് വിടാന്‍ പലരും ഒരുക്കമായിരുന്നില്ല. അതിനാല്‍ തന്നെ ഇവിടുത്തെ ഒരുവലിയ വിഭാഗം പുരുഷന്മാരും അവിവാഹിതരായി തുടരുകയായിരുന്നു. വിവാഹം കഴിക്കുന്നവരാകട്ടെ ഗ്രാമത്തില്‍ നിന്നു തന്നെയുള്ള പെണ്‍കുട്ടികളെയും. റോഡ് നിര്‍മ്മിച്ചു നല്‍കാന്‍ അധികൃതര്‍ തയ്യാറാകാതിരുന്നതാണ് ഇവരുടെ ദുരിതം വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ നാട്ടുകാര്‍ തന്നെ മുന്‍കൈയെടുത്ത് റോഡ് നിര്‍മ്മിച്ചതോടെ ഇവിടുത്തെ അവിവാഹിത ശാപവും മാറിക്കിട്ടുകയാണ്.

ഗ്രാമത്തിന്റെ ദുരിതത്തിന് അമ്പത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. 121 പുരുഷന്മാരാണ് പ്രായപൂര്‍ത്തിയായിട്ടും വിവിധ പ്രായത്തില്‍ അവിവാഹിതരായി നില്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ അവിവാഹിതരായി തുടരുന്നതിനാലാണ് അവിവാഹിതരുടെ ഗ്രാമമെന്ന് ഇതിന് പേരും വീണതും. ആറായിരം ജനങ്ങളും 400 കുടുംബങ്ങളുമാണ് ഇവിടെയുള്ളത്. പാട്നയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായ കൈമുര്‍ ജില്ലയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മാര്‍ച്ച് രണ്ടിന് ഭക്ഷണം നല്‍കാന്‍ വിസമ്മതിച്ചതിന് ഒരു ഗ്രാമീണനെ മാവോയിസ്റ്റുകള്‍ വധിച്ചിരുന്നു.

റോഡ് മാത്രമല്ല, വര്‍ഷങ്ങളായി വൈദ്യുതി, കുടിവെള്ളം, മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക്, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവ ഇവിടെയില്ല. അടുത്ത പോലീസ് സ്റ്റേഷനില്‍ എത്തണമെങ്കില്‍ 45 കിലോമീറ്റര്‍ പോകണം. ഗ്രാമത്തില്‍ നിന്നും 1.5 കിലോമീറ്റര്‍ അകലെ പോയാണ് സ്ത്രീകള്‍ വെള്ളം ശേഖരിക്കുന്നത്. ഒരു മിഡില്‍ സ്‌കൂള്‍, ഒരു റേഷന്‍ കട, അടുത്ത കാലത്ത് സ്ഥാപിച്ച ഏതാനും സോളാര്‍ പാനലുകള്‍ എന്നിവ ഒഴിച്ചു നിര്‍ത്തിയാല്‍ ഈ ഗ്രാമത്തിന് ലോകത്തെ മറ്റിടങ്ങളുമായി യാതൊരു ബന്ധവുമില്ല.

തങ്ങളുടെ അപേക്ഷകള്‍ കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നും ഈ ഗ്രാമീണര്‍ പറയുന്നു. തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കി പോകും. 2005ല്‍ രാം ചന്ദ്ര സിംഗ് യാദവ് ഇവിടെ റോഡ് പണിഞ്ഞിട്ടേ താന്‍ വിവാഹം കഴിക്കൂവെന്നാണ് പ്രഖ്യാപിച്ചിരുന്നതെന്ന് മുന്‍ ഗ്രാമത്തലവന്‍ നന്ദ്ലാല്‍ കര്‍വാര്‍ പറഞ്ഞു. പക്ഷെ അദ്ദേഹം തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും പിറ്റേ വര്‍ഷം തന്നെ വിവാഹിതനാകുകയും ചെയ്തു.

ആരും തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതായപ്പോള്‍ 2008ലാണ് ഗ്രാമീണര്‍ സംഘടിച്ച് റോഡ് പണിയാന്‍ ആരംഭിച്ചത്. ഏഴ് വര്‍ഷം കൊണ്ട് അവര്‍ കാട്ടിലൂടെ സഞ്ചാര യോഗ്യമായ റോഡ് നിര്‍മ്മിക്കുകയും വാഹനങ്ങള്‍ ഓടാന്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ നാല്‍പ്പത് കിലോമീറ്റര്‍ പോകേണ്ട സ്ഥാനത്ത് എട്ട് കിലോമീറ്റര്‍ പോയാല്‍ മതിയെന്ന അവസ്ഥ വന്നു. എന്നാല്‍ അപ്പോഴേക്കും നിയമം ഉയര്‍ത്തിപ്പിടിച്ച് വനംവകുപ്പും എത്തിച്ചേര്‍ന്നു. സംരക്ഷിതമേഖലയില്‍ റോഡ് നിര്‍മ്മിച്ച് കാട് നശിപ്പിച്ചതിന് ഏഴ് ഗ്രാമീണര്‍ക്കെതിരെ കേസെടുക്കുകയും റോഡ് അടപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന നിയമപ്പോരാട്ടങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷമാണ് റോഡ് വീണ്ടും തുറന്നത്.

2012ല്‍ ബുച്ചുന്‍ സിംഗ് യാദവ് എന്നയാളും വിവാഹിതനായിരുന്നെങ്കിലും റോഡില്ലാത്ത ഗ്രാമം കണ്ട് വധു പിറ്റേന്ന് തന്നെ സ്വന്തം വീട്ടിലേക്ക് തിരികെ പോയി. എന്നാല്‍ പുതിയ സംഭവ വികാസങ്ങള്‍ അറിഞ്ഞ് മാര്‍ച്ച് ഒന്നിന് അവരും തിരിച്ചെത്തിയിരിക്കുന്നു. എന്തായാലും ഗ്രാമത്തിലെ ചെറുപ്പക്കാര്‍ ഇപ്പോള്‍ ഏറെ സന്തോഷത്തിലാണ്. തങ്ങളുടെ വിവാഹവും ഉടന്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.

 

 

എ എം

Share this news

Leave a Reply

%d bloggers like this: