ട്രാഫിക് ചിഹ്നങ്ങളില്‍ ലിംഗസമത്വത്തിന്റെ മറ്റൊരു മാതൃക ഉയര്‍ത്തിപ്പിടിച്ച് ഓസ്ട്രേലിയ

ലിംഗസമത്വത്തെക്കുറിച്ചൊക്കെ നമ്മള്‍ വാതോരാതെ വാദിക്കുമെങ്കിലും നിരത്തിലെ ട്രാഫിക് ചിഹ്നങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും സ്ത്രീവിവേചനം. കാല്‍നടയാത്രികര്‍ക്കുള്ള ചിഹ്നങ്ങള്‍ തെളിയുമ്പോള്‍ അതിലുംകാണാം പച്ചയും ചുവപ്പും നിറത്തില്‍ തെളിയുന്ന പുരുഷരൂപങ്ങള്‍. അതുകൊണ്ടുതന്നെ ഇത്തവണ വനിതാദിനത്തില്‍ ട്രാഫിക് ചിഹ്നങ്ങളെ സ്ത്രീസൗഹൃദമാക്കി മാറ്റിയിരിക്കുകയാണ് മെല്‍ബണ്‍ നഗരം.

മെല്‍ബണിലെ സ്വാന്‍സ്റ്റണ്‍, ഫ്‌ലിന്‍ഡേര്‍സ് തെരുവുകള്‍ കൂടിച്ചേരുന്നിടത്തെ പത്ത് ട്രാഫിക് സിഗ്‌നലുകളിലെ കാല്‍നടയാത്രക്കാര്‍ക്കുള്ള ചിഹ്നങ്ങളില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത് സ്ത്രീരൂപങ്ങളാണ്. സിഗ്‌നലിലെ രൂപങ്ങളില്‍ മാറ്റംവരുത്തുന്നത് മനഃപൂര്‍വമല്ലാതെയുള്ള പക്ഷപാതം കുറയ്ക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

മെല്‍ബണ്‍ ട്രാഫിക് കമ്മിറ്റി ചീഫ് എക്‌സിക്കുട്ടീവ് മാര്‍ട്ടിന്‍ ലെറ്റസ് ആണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സ്ത്രീകളെയും, പുരുഷന്മാരെയും തുല്യതയില്‍ നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുള്ള ഈ പദ്ധതി സ്ത്രീ സൗഹൃദ നഗരമാക്കി മെല്‍ബണിലെ മാറ്റാന്‍ ഉദ്ദേശിച്ച് ആരംഭിച്ചതാണെന്നു മാര്‍ട്ടിന്‍ വിശദമാക്കി. ഇത്രയും നാള്‍ പുരുഷ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട സിഗ്‌നല്‍ ലൈറ്റുകള്‍ ഇനി മുതല്‍ സ്ത്രീരൂപത്തില്‍ കാണാന്‍ കഴിയുന്നതില്‍ സന്തോഷിക്കുന്നതായി സ്ത്രീ സംഘടനകളും ട്രാഫിക് കമ്മിറ്റിയെ അറിയിച്ചു. മെല്‍ബണ്‍ ലോകത്തിലെ മറ്റു നഗരങ്ങള്‍ക്ക് എന്നും മാതൃകയായിരിക്കുമെന്നും മാര്‍ട്ടിന്‍ പ്രസ്താവനയിറക്കി.

മെല്‍ബണിനുമുന്‍പ് ന്യൂസീലന്‍ഡിലെ വെല്ലിങ്ടണിലും 2014-ല്‍ ട്രാഫിക് സിഗ്‌നലുകളില്‍ സ്ത്രീരൂപങ്ങള്‍ നല്‍കിയിരുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: