ഇന്ത്യയില്‍ അച്ഛാ ദിന്‍ വരുന്നു… (ബാങ്കുകള്‍ക്ക്)

കറന്‍സിരഹിത ഇടപാട് പ്രോത്സാഹിപ്പിക്കണമെന്ന മോഡി സര്‍ക്കാരിന്റെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ പണമിടപാടുകള്‍ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. അക്കൌണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴയും സേവന നികുതിയും ഈടാക്കാനുള്ള തീരുമാനവും വിമര്‍ശന വിധേയമാകുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്ഡി, ഐസിഐസിഐ, ആക്‌സിസ് ബാങ്ക്, കോട്ടക്ക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് നിരക്ക് ഉയര്‍ത്തിയത്. എടിഎം ഇടപാടുകള്‍ ഒരുമാസം നിശ്ചിത എണ്ണത്തില്‍ കൂടിയാല്‍ 20 രൂപയും നികുതിയും ഈടാക്കി തുടങ്ങി. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും നിരക്ക് ഈടാക്കുന്നുണ്ട്.

കാര്‍ഡ് ഉപയോഗങ്ങളുടെ എണ്ണം അനുസരിച്ച് നിശ്ചിത തുക ബാങ്കുകള്‍ പിന്‍വലിക്കുകയാണ് ചെയ്യുന്നത്. വിവിധ ബാങ്കുകള്‍ ഇടപാട് നിരക്കുകളില്‍ വരുത്തിയ വര്‍ധനവ് ഇങ്ങനെ: എസ്ബിഐ- ഏപ്രില്‍ ഒന്നുമുതല്‍ അക്കൌണ്ടില്‍ ഓരോ മാസവും മൂന്നുതവണ മാത്രം സൌജന്യ പണനിക്ഷേപം. നാലോ അതില്‍ കൂടുതലോ നിക്ഷേപം നടത്തുന്നവര്‍ ഓരോ നിക്ഷേപത്തിനും അമ്പതുരൂപയും സേവന നികുതിയും നല്‍കണം.

മെട്രോ നഗരങ്ങളില്‍ മിനിമം ബാലന്‍സായ 5000 രൂപയുടെ 75 ശതമാനത്തില്‍ കുറവാണെങ്കില്‍ 100 രൂപയും സേവന നികുതിയും ഈടാക്കും. 50 ശതമാനത്തില്‍ കുറവാണെങ്കില്‍ 50 രൂപയും സേവന നികുതിയും ഈടാക്കും. 2012ല്‍ അവസാനിപ്പിച്ച മിനിമം ബാലന്‍സ് സമ്പ്രദായമാണ് ഇപ്പോള്‍ എസ്ബിഐ പൊടിതട്ടിയെടുത്തത്. എടിഎം ഇടപാടുകള്‍ മാസം മൂന്നിലധികമായാല്‍ 20 രൂപ ഈടാക്കും. എസ്ബിഐ എടിഎമ്മുകളില്‍നിന്ന് അഞ്ച് ഇടപാടുകള്‍ വരെയാകാം. കൂടുതലായാല്‍ ഓരോ ഇടപാടിനും പത്തുരൂപ നല്‍കണം. 25,000ല്‍ കൂടുതല്‍ ബാലന്‍സുള്ള സേവിങ്‌സ് അക്കൌണ്ടാണെങ്കില്‍ എസ്ബിടി എടിഎമ്മുകളില്‍ പരിധിയില്ലാതെ ഇടപാടുകള്‍ നടത്താം. ഒരു ലക്ഷത്തില്‍ കൂടുതലുണ്ടെങ്കില്‍ മറ്റു ബാങ്കുകളുടെ എടിഎമ്മുകളില്‍നിന്ന് പരിധിയില്ലാതെ ഇടപാടുകളാകാം. എസ്എംഎസ് സന്ദേശങ്ങള്‍ക്ക് മാസം 15 രൂപ ഈടാക്കും.

ആക്‌സിസ് ബാങ്ക്: മാസം അഞ്ചില്‍ കൂടുതല്‍ പണമിടപാടുകള്‍ (നിക്ഷേപമോ, പിന്‍വലിക്കലോ) നടത്തിയാല്‍ തുടര്‍ന്നുള്ള ഓരോ ഇടപാടിനും 95 രൂപ ഫീസ് ഈടാക്കും. അക്കൌണ്ടുള്ള ബ്രാഞ്ചിലല്ല ഇടപാടുകളെങ്കില്‍ ഒരു ദിവസം പരമാവധി അമ്പതിനായിരമെന്ന പരിധിയില്‍ അഞ്ച് വരെയാകാം. കൂടുതലായാല്‍ 1000 രൂപയ്ക്ക് രണ്ടര രൂപയോ അതല്ലെങ്കില്‍ 95 രൂപയോ ഏതാണോ കൂടുതല്‍ അത് ഈടാക്കും.

എച്ച്ഡിഎഫ്‌സി ബാങ്ക്- മാസം നാല് സൌജന്യ ഇടപാട്. അതില്‍ കൂടുതലുള്ള ഓരോ ഇടപാടിനും 150 രൂപ ഈടാക്കും. അക്കൌണ്ടുള്ള ബ്രാഞ്ചുകളില്‍ ഒരു ദിവസം രണ്ടുലക്ഷം രൂപയുടെ വരെ ഇടപാട് അനുവദിക്കും. കൂടിയാല്‍ ആയിരത്തിന് അഞ്ചു രൂപയെന്ന നിരക്കിലോ അതല്ലെങ്കില്‍ 150 രൂപയോ ഈടാക്കും. അക്കൌണ്ടില്ലാത്ത ബ്രാഞ്ചുകളില്‍ ഒരു ദിവസം 25,000 രൂപയുടെ വരെ ഇടപാട് സൌജന്യം. കൂടതലായാല്‍ ആയിരത്തിന് അഞ്ചോ 150 രൂപയോ അധികമേതോ അത് ഈടാക്കും.

ഐസിഐസിഐ- സ്വന്തം നഗരത്തില്‍ മാസം നാല് ഇടപാടുകള്‍ സൌജന്യം. കൂടിയാല്‍ ആയിരത്തിന് അഞ്ചോ 150 രൂപയോ ഈടാക്കും. മൂന്നാംകക്ഷിക്ക് ദിവസം കൈമാറാവുന്ന പരമാവധി തുക അമ്പതിനായിരമാക്കി. അക്കൌണ്ടില്ലാത്ത ബ്രാഞ്ചുകളില്‍ മാസം ഒരു തവണ സൌജന്യമായി പണം പിന്‍വലിക്കാം. അതിനുശേഷം ആയിരത്തിന് അഞ്ചോ 150 രൂപയോ ഏതാണ് അധികം അത് ഈടാക്കും. പണം നിക്ഷേപിക്കുന്നതിന് ആയിരത്തിന് അഞ്ചുരൂപയെന്ന (പരമാവധി 150) തോതില്‍ നിരക്ക് ഈടാക്കും. പണം നിക്ഷേപിക്കല്‍ യന്ത്രങ്ങളില്‍ ഒരു വട്ടം സൌജന്യനിക്ഷേപം. തുടര്‍ന്ന് ആയിരത്തിന് അഞ്ച് എന്ന തോതില്‍ നിരക്ക്.

ഏതായാലും നോട്ട് നിരോധനത്തിലൂടെ തകര്‍ന്നിരിക്കുന്ന രാജ്യത്തിന്റെ മൊത്തം സാമ്പത്തികാവസ്ഥയെ വീണ്ടും ദുരിതത്തിലേക്ക് തള്ളിയിടുന്ന നിലപാടുകളാണ് കേന്ദ്രം വീണ്ടും സ്വീകരിക്കാനൊരുങ്ങുന്നത്. ഈ അച്ഛാ ദിനത്തിന് തിരഞ്ഞെടുത്തതാകട്ടെ ലോക വിഡ്ഢി ദിനവും …

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: