പ്രവാസി മലയാളികളെ ഞെട്ടിച്ച സാം എബ്രഹാം കൊലപാതകത്തിന്റെ ചുരുളുകളഴിഞ്ഞു; ഭര്‍ത്താവിനെ കൊല്ലാന്‍ സോഫിയ ഉപയോഗിച്ചത് ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി.

പ്രവാസി മലയാളികളെ ഞെട്ടിച്ച ഓസ്ട്രേലിയയിലെ സാം എബ്രഹാം വധക്കേസിന്റെ ചുരുളുകളഴിച്ച് പോലീസ്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കോടതിയില്‍ ഹാജരായിരുന്ന സോഫിയ അതു കേട്ടത്. സോഫിയയും, സുഹൃത്തായ ‘എ കെ’യും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പറഞ്ഞ പോലീസ്, കൊലപാതകത്തിന്റെ മറ്റു വിശദാംശങ്ങളും വ്യക്തമാക്കി. അരുണ്‍ കമലാസനന്‍ എന്ന സോഫിയയുടെ സുഹൃത്തിനെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് കോടതിയില്‍ പറഞ്ഞത് ഇങ്ങനെ: എകെ (അരുണ്‍ കമലാസനന്‍) യുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തിയതില്‍ നിന്നാണ് പോലീസിന് പ്രധാന വിവരം ലഭിച്ചത്. സംഭവദിവസം രാത്രിയോടെ സാമിന്റെയും സോഫിയയുടെയും വീട്ടിലേക്ക് ഒളിച്ചു പ്രവേശിച്ച എ കെ, അവര്‍ കുടിക്കുന്ന ജ്യൂസില്‍ ഉറക്കമരുന്ന് കലര്‍ത്തി. തുടര്‍ന്ന് എല്ലാവരും ഉറക്കമാകുന്നതു വരെ എ കെ കാത്തിരുന്നു. ഉറക്കം തുടങ്ങിയപ്പോള്‍ സാമിന്റെ തല ബലമായി പിടിച്ച് സയനൈഡ് കലര്‍ത്തിയ ഓറഞ്ച് ജ്യൂസ് വായിലേക്ക് ഒഴിച്ചുകൊടുത്തു എന്നാണ് ഫോണ്‍ സംഭാഷണത്തില്‍ നിന്ന് പോലീസ് മനസിലാക്കിയത്.

ഭര്‍ത്താവിനെ കൊല്ലണമന്ന് സോഫിയ ആവശ്യപ്പെട്ടിരുന്നില്ലെന്നും എ കെ പറഞ്ഞിട്ടുണ്ട്. സാമിന്റെയും സോഫിയയുടെയും മകന്റെ മൊഴിയും പോലീസ് കോടതിയില്‍ അറിയിച്ചു. സംഭവം നടന്ന ദിവസം, ‘എ കെ’ വീട്ടില്‍ വന്നിരുന്നതായും, ചോക്കളേറ്റുകള്‍ നല്‍കിയതായും സോഫി പറഞ്ഞുവെന്ന് മകന്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, രാത്രി താന്‍ ഉറക്കമായിരുന്നുവെന്നും, രാവിലെ ഉണര്‍ന്നു വിളിച്ചപ്പോള്‍ സാമിന് അനക്കമില്ലായിരുന്നുവെന്നാണ് സോഫിയ നല്‍കിയിരിക്കുന്ന മൊഴി. ഇന്ത്യയില്‍ വച്ചു തന്നെ സോഫിയയ്ക്കും അരുണിനും പരസ്പരം അറിയാമായിരുന്നു എന്നും, സംഭവത്തിനു മുമ്പ് ഇരുവരും ഇന്ത്യയില്‍ സംയുക്ത ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നു എന്നും പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, ഈ കേസിലെ വിചാരണ വളരെയധികം നീണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും, അതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് സോഫിയയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ദുര്‍ബലമായ കേസാണിതെന്നും അവര്‍ വാദിച്ചു.

കഴിഞ്ഞ ഒക്ടോബറിലാണ് മെല്‍ബണിലെ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാം ഏബ്രഹാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചശേഷം ഭാര്യ സോഫിയ മെല്‍ബണിലേക്കു മടങ്ങുകയും ചെയ്തു. ഇതിനിടെ മരണം സംബന്ധിച്ച് ഡിറ്റക്ടീവ് വിഭാഗം നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. സോഫിയയുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ കേസില്‍ നിര്‍ണായകമായി.

കോട്ടയത്ത് കോളേജില്‍ പഠിക്കുന്ന സമയത്താണ് സോഫി സാമുമായി പ്രണയത്തിലാകുന്നത്. പിന്നീട് അവിടെ തന്നെ വിദ്യാര്‍ഥിയായിരുന്ന അരുണുമായും സോഫി അടുത്തു. വിവാഹശേഷം ആദ്യനാളുകളില്‍ സാം ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. സോഫി ഓസ്‌ട്രേലിയയിലെത്തി കുറെനാളുകള്‍ക്കുശേഷമാണ് സാം
അവിടെ എത്തിയത്. ഇതിനിടയില്‍ അരുണും ഭാര്യയും കുഞ്ഞും ഓസ്‌ട്രേലിയയില്‍ എത്തുകയായിരുന്നു.
അതേസമയം ജയിലില്‍ കഴിയുന്ന സോഫിയെയോ അരുണിനെയോ കാണാന്‍ ബന്ധുക്കളിലാരും ഇതുവരെ തയാറായിട്ടില്ല. കേസ് നടത്തിപ്പിനായി ഇടപെടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളിസംഘടനകളും സാമിന്റെ കൊലപാതകികള്‍ക്കു കഠിനശിക്ഷ ലഭിക്കണമെന്ന പക്ഷക്കാരാണ്. വധശിക്ഷ നിരോധിച്ച രാജ്യമാണ് ഓസ്‌ട്രേലിയ.

1973 ലെ ഡെത്ത് പോനാലിറ്റി അബോളിഷന്‍ ആക്ട് പ്രകാരമാണ് ഓസ്‌ട്രേലിയയില്‍ വധശിക്ഷ ഒഴിവാക്കിയത്. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടിയ ശിക്ഷ ജീവപര്യന്തം തടവാണ്. ഓസ്‌ട്രേലിയയില്‍ അനിശ്ചിത കാലത്തേക്കാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്. ശിക്ഷ വിധിക്കുന്ന ജഡ്ജി സാധാരണയായി പരോളിനപേക്ഷിക്കുന്നതിന് ഒരു സമയപരിധി നിശ്ചയിക്കും. ആ കാലയളവിന് ശേഷം പരോളിനപേക്ഷിക്കാം. അതിഹീന കൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് പരോള്‍ നിഷേധിക്കുന്ന അവസരങ്ങളും ഉണ്ട്. ഇത്തരക്കാര്‍ ജീവിതകാലം മുഴുവന്‍ ജയില്‍ ജീവിതം അനുഭവിക്കേണ്ടതാണ്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: