തട്ടിപ്പില്‍ വലഞ്ഞ് ഇന്ത്യന്‍ ബാങ്കുകള്‍

കുമിഞ്ഞു കൂടുന്ന കിട്ടാക്കടം മാത്രമല്ല, തട്ടിപ്പ് കേസുകളും ഇന്ത്യന്‍ ബാങ്കുകളെ വലയ്ക്കുന്നതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ഇന്ത്യന്‍ ബാങ്കുകളില്‍ മൊത്തം 3,870 തട്ടിപ്പുകള്‍ ഉണ്ടായെന്ന് ധനമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കി. മൊത്തം 17,750.27 കോടി രൂപയുടെ തട്ടിപ്പുകളാണ് ഇക്കാലയളവില്‍ നടന്നത്. ഇതില്‍, ഒരു ലക്ഷം രൂപയ്ക്കുമേലുണ്ടായ പണംതിരിമറി, തട്ടിപ്പു കേസുകള്‍ മാത്രമേ റിസര്‍വ് ബാങ്ക് കണക്കിലെടുത്തിട്ടുള്ളൂ.

കേസുകളുടെ എണ്ണത്തില്‍ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐയാണ് മുന്നില്‍. റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 455. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ 429 കേസുകളുമായി രണ്ടാമത്തെത്തി. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് (244), എച്ച്.ഡി.എഫ്.സി ബാങ്ക് (237), ആക്‌സിസ് ബാങ്ക് (189), ബാങ്ക് ഒഫ് ബറോഡ (176), സിറ്രി ബാങ്ക് (150) എന്നിവയാണ് കൂടുതല്‍ ‘ഫ്രോഡ്’ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മറ്റു ബാങ്കുകള്‍.

തട്ടിപ്പിലെ തുകയുടെ കണക്കില്‍ എസ്.ബി.ഐയാണ് ഒന്നാമത്. 2016 ഏപ്രില്‍ – ഡിസംബറില്‍ ആകെ 2,236.81 കോടി രൂപയുടെ തട്ടിപ്പ് കേസുകള്‍ ഉണ്ടായെന്ന് എസ്.ബി.ഐ റിസര്‍വ് ബാങ്കിനെ അറിയിച്ചു. 2,250.34 കോടി രൂപയുടെ കേസുകളുമായി പഞ്ചാബ് നാഷണല്‍ ബാങ്ക് രണ്ടാംസ്ഥാനത്തുണ്ട്. 1,998.49 കോടി രൂപയുടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആക്‌സിസ് ബാങ്കാണ് മൂന്നാമത്. ബാങ്കുകളിലെ ജീവനക്കാരും തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നിട്ടുണ്ടെന്ന് ധനമന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് പറയുന്നു.

പൊതുമേഖലാ, സ്വകാര്യ ബാങ്കുകളില്‍ നിന്നായി 450 ജീവനക്കാരുടെ പേരില്‍ തട്ടിപ്പു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എസ്.ബി.ഐയിലെ 64 ജീവനക്കാരും എച്ച്.ഡി.എഫ്.സിയിലെ 49 ജീവനക്കാരും ആക്‌സിസ് ബാങ്കിലെ 35 പേരും ഇതിലുള്‍പ്പെടുന്നു. പൊതുമേഖലാ ബാങ്കുകളില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ തട്ടിപ്പുകള്‍ കുത്തനെ കൂടിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ സാമ്ബത്തിക വര്‍ഷവും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2013-14ല്‍ 7,452 കോടി രൂപയുടെ കേസുകളാണ് ഉണ്ടായതെങ്കില്‍ കഴിഞ്ഞ സാമ്ബത്തിക വര്‍ഷമത് 11,022 കോടി രൂപയിലേക്ക് കുതിച്ചുയരുകയായിരുന്നു. നാലു വര്‍ഷത്തിനിടെ 30,873 കോടി രൂപയുടെ 10,152 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇന്ത്യന്‍ ബാങ്കുകളുടെ കിട്ടാക്കടത്തിലുണ്ടായ വര്‍ദ്ധന 135 ശതമാനമാണ്. പൊതു, സ്വകാര്യ ബാങ്കുകളുടെ കിട്ടാക്കടം 2.61 ലക്ഷം കോടി രൂപയില്‍ നിന്ന് 2016ല്‍ 6.97 ലക്ഷം കോടി രൂപയിലേക്ക് കുതിച്ചുകയറി. ഇതിനിടെയാണ് ബാങ്കുകളെ വലച്ച് തട്ടിപ്പു കേസുകളും പെരുകുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: