ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട യുവാവിന് കോടതിയുടെ ശാസന

ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് ഹര്‍ജി നല്‍കിയ യുവാവിന് കോടതിയുടെ ശാസന. ഇയാള്‍ ഹര്‍ജിക്കൊപ്പം നല്‍കിയ രേഖകളുടെ പകര്‍പ്പ് കൃത്രിമമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ബോധ്യമായതിനെ തുടര്‍ന്നാണ് ന്യായാധിപന്‍ പൊട്ടിത്തെറിച്ചത്. ഇയാളെ ജയിലില്‍ അടക്കാനാണ് ഉത്തരവിടേണ്ടതെങ്കിലും ഇപ്പോള്‍ അതിന് മുതിരുന്നില്ലെന്നും മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ആര്‍. മഹാദേവന്‍. പറഞ്ഞു. കോടതിയെ വെച്ച് കളിക്കരുതെന്ന് യുവാവിന് മുന്നറിയിപ്പും നല്‍കി.

ജയലളിതയുടെയും അന്തരിച്ച തെലുങ്ക് നടന്‍ ശോഭന്‍ ബാബുവിന്റയും മകനാണെന്ന് അവകാശപ്പെട്ടാണ് ഈറോഡ് സ്വദേശിയായ ജെ. കൃഷ്ണമൂര്‍ത്തി ഹൈക്കോടതിയെ സമീപിച്ചത്. ജനന സര്‍ട്ടിഫിക്കറ്റ്, ദത്ത് നല്‍കല്‍ രേഖകളുടെ പകര്‍പ്പ് എന്നിവയാണ് ഇയാള്‍ ഹാജരാക്കിയത്.

ജയലളിത, ശോഭന്‍ ബാബു, വസന്തമണി എന്നിവരുടെയും സാക്ഷിയായി എം.ജി.ആറിന്റയും ഒപ്പുകളാണ് രേഖകളിലുണ്ടായിരുന്നത്. എന്നാല്‍, ഈ കാലഘട്ടങ്ങളില്‍ രേഖകള്‍ തയാറാക്കാനുള്ള ആരോഗ്യം എം.ജി.ആറിന് ഉണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യഥാര്‍ഥ രേഖകള്‍ എവിടയെന്ന് കോടതി ചോദിച്ചു.

എല്‍.കെ.ജി വിദ്യാര്‍ഥിയാകുന്നതിന് മുമ്പുള്ള രേഖകള്‍ ഹാജരാക്കിയാലും അതും കൃത്രിമമാണെന്ന് വ്യക്തമാകുമെന്ന് ജഡ്ജി നിരീക്ഷിച്ചു. ഇതിനിടെ യുവാവിനോടൊപ്പം എത്തിയ പ്രമുഖ സാമൂഹികപ്രവര്‍ത്തകന്‍ ട്രാഫിക് രാമസ്വാമിയെയും കോടതി വിമര്‍ശിച്ചു. യഥാര്‍ഥ രേഖകള്‍ ഉണ്ടെങ്കില്‍ പരിശോധനക്കായി ചെന്നൈ സിറ്റിപൊലീസ് കമ്മീഷണര്‍ക്ക് കൈമാറാന്‍ യുവാവിനോട് നിര്‍ദേശിച്ച കോടതി, കോടതിയെ വെച്ച് കളിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.

രേഖകളുടെ അടിസ്ഥാനത്തില്‍ മകനായി കോടതി അംഗീകരിക്കണമെന്നും പോയസ് ഗാര്‍ഡന്‍ ഉള്‍പ്പെടെ ജയലളിതയുടെ സ്വത്തുക്കളുടെ അവകാശിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ആവശ്യം.

Share this news

Leave a Reply

%d bloggers like this: