ബ്രിട്ടന്റെ ചരിത്രമാകാന്‍ പോകുന്ന ബ്രക്സിറ്റ് പ്രഖ്യാപനം ഈ മാസം 29 ന്; തയ്യാറെടുത്ത് മേയും കൂട്ടരും

ബ്രക്സിറ്റ് നടപ്പാക്കുന്നത് സംബന്ധിച്ച ബ്രിട്ടന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 29ന്. പ്രധാനമന്ത്രി തെരേസ മേയ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പാര്‍ലമെന്റില്‍ നടത്തും. യൂറോപ്യന്‍ കൗണ്‍സിലിനെ രേഖാമൂലം ഇക്കാര്യം അറിയിക്കുകയും ചെയ്യും. അംഗരാജ്യങ്ങള്‍ യൂണിയന്‍ വിടുമ്പോള്‍ പാലിക്കേണ്ട വിശദമായ നിര്‍ദേശങ്ങളടങ്ങിയ ലിസ്ബന്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 അനുസരിച്ചുള്ള നടപടികള്‍ക്കാകും തുടക്കം കുറിക്കുക. ബ്രസല്‍സുമായി രണ്ടുവര്‍ഷം നീളുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ വിശദമായ ഉടമ്പടി തയാറാക്കി വേര്‍പിരിയല്‍ പൂര്‍ത്തിയാക്കും. അതുവരെ സാങ്കേതികമായി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായിതന്നെ തുടരും. അടുത്തയാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇന്നലെ സ്ഥിരീകരിച്ചത്.

പ്രഖ്യാപനത്തിന് പിന്നാലെ ഒട്ടും താമസിയാതെ യൂണിയനുമായും അംഗരാജ്യങ്ങളുമായും ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബ്രിട്ടനില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്ന് യൂറോപ്യന്‍ യൂണിയന്റെ വക്താവും പ്രതികരിച്ചിട്ടുണ്ട്. ഇരുകൂട്ടരും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമായി മുന്നോട്ടുപോയാല്‍ 2019 മാര്‍ച്ചോടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാതാകും. ചര്‍ച്ച സുഗമമല്ലാതായാല്‍ ഈ വേര്‍പിരിയല്‍ വൈകാനും നേരത്തെയാകാനും സാധ്യതയുണ്ട്.

ഇതിനിടെ ബ്രെക്സിറ്റ് പ്രഖ്യാപനത്തിനുശേഷം തെരേസ മേയ് ഇടക്കാല തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വെറും കെട്ടുകഥ മാത്രമാണെന്നും അത്തരമൊരു സാധ്യത ചിന്തിക്കുന്നുപോലുമില്ലെന്നും പ്രധാനമന്ത്രിയുടെ വക്താവ് വിശദീകരിച്ചു. 27 അംഗരാജ്യങ്ങളുമായി സംസാരിച്ച് എവര്‍ക്കും സ്വീകാര്യമായ ഉടമ്പടിയിലൂടെ യൂണിയനു പുറത്തുവരികയാണ് ബ്രിട്ടന്റെ ലക്ഷ്യം. എന്നാല്‍ ഇതിന് പ്രായോഗിക തടസങ്ങള്‍ ഏറെയാണ്. ഇപ്പോള്‍തന്നെ യൂണിയനില്‍നിന്നും പിരിയുന്നതിന് ബ്രിട്ടന്‍ നഷ്ടപരിഹാരമായി നല്‍കേണ്ട തുക സംബന്ധിച്ച് തര്‍ക്കം ആരംഭിച്ചുകഴിഞ്ഞു.

ചര്‍ച്ചകളില്‍ ഏറ്റവും നിര്‍ണായകമാകുന്നതും ഇതുതന്നെയാകും. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ ബ്രിട്ടിഷുകാരുടെ ഭാവിയും ബ്രിട്ടനില്‍ നിലവിലുള്ള മറ്റു രാജ്യക്കാരായ പൗരന്മാരുടെ ഭാവിയുമെല്ലാം ചര്‍ച്ചയില്‍ നിര്‍ണായക വിഷയങ്ങളാകും. വ്യാപാര വാണിജ്യ മേഖലകളിലെ പ്രശ്നങ്ങളും പ്രതിരോധ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളും സങ്കീര്‍ണമാണ്. വരും തലമുറകള്‍ക്കുവേണ്ടിയുള്ള സുപ്രധാനമായ ചര്‍ച്ചകള്‍ക്ക് രാജ്യം തുടക്കം കുറിക്കാനൊരുങ്ങുകയാണ് എന്നാണ് ഇതേക്കുറിച്ച് ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ് പ്രതികരിച്ചത്. വരും ദിവസങ്ങളിലെ ചര്‍ച്ചകള്‍ക്കും നടപടികള്‍ക്കുമെല്ലാം നേതൃത്വം നല്‍കുന്നതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നയതന്ത്ര സംഘമാകും.

1973ലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ അംഗമായത്. 1975ല്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്നതു സംബന്ധിച്ച് ഹിതപരിശോധന പ്രഖ്യാപിച്ചു. എന്നാല്‍, യൂറോപ്യന്‍ യൂനിയനോടൊപ്പം നില്‍ക്കണമെന്നായിരുന്നു ഹിതപരിശോധനാ ഫലം. യൂറോ സോണിന്റെ ഏകീകൃത നാണയമായ യൂറോ 1992ല്‍ നിലവില്‍വന്നെങ്കിലും 2002 മുതലാണ് ബ്രിട്ടനില്‍ യൂറോ സ്വീകാര്യമായത്.

ബ്രിട്ടന്റെ ഔദ്യോഗിക നാണയമായ പൗണ്ട് അവര്‍ നിലനിര്‍ത്തുകയും ചെയ്തു. കഴിഞ്ഞ ജൂണ്‍ 24ന് നടന്ന നിര്‍ണായകമായ ഹിതപരിശോധനയിലാണ് യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ടെന്ന് ബ്രിട്ടനിലെ ജനങ്ങള്‍ വിധിയെഴുതിയത്. ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന ഹിതപരിശോധനാ ഫലം പുറത്തുവന്നതോടെ ഡേവിഡ് കാമറൂണ്‍ പ്രധാനമന്ത്രി പദം രാജിവെച്ചിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: