സുപ്രീം കോടതിയിലും അഴിമതി ആരോപണം ആവര്‍ത്തിച്ച് ജസ്റ്റിസ് കര്‍ണന്‍

സുപ്രീം കോടതി ജഡ്ജിമാരില്‍ അഴിമതിക്കാരുണ്ടെന്ന് ആരോപണത്തില്‍ മാപ്പു പറയാന്‍ തയ്യാറല്ലന്ന് കൊല്‍ക്കത്ത ഹൈക്കോടതി ചീഫ്ജസ്റ്റിസ് സിഎസ് കര്‍ണന്‍. മാപ്പു പറയില്ലന്നും ജയിലിലേക്ക് പോകാന്‍ തയ്യാറാണെന്നും കര്‍ണന്‍ സുപ്രീം കോടതിയെ അറിയിച്ചു. മാപ്പു പറഞ്ഞില്ലങ്കില്‍ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കോടതി വ്യക്തമാക്കിയപ്പോഴാണ് കര്‍ണന്റെ മറുപടി. കര്‍ണന്‍ അനുസരണക്കേട് കാണിച്ചെന്ന് കോടതി നിരീക്ഷിച്ചു. നോട്ടീസ് അയച്ചിട്ടും എന്തുകൊണ്ട് ഹാജരായില്ലന്നും കോടതി ചോദിച്ചു. ജഡ്ജിമാര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ആവര്‍ത്തിച്ച കര്‍ണന്‍ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

കര്‍ണന്‍ വികാരത്തിനടിമപ്പെട്ടുവെന്നും, എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിനറിയില്ലന്നും കോടതി പറഞ്ഞു. കര്‍ണന് വിശദീകരണം എഴുതി നല്‍കാമെന്ന് പറഞ്ഞ കോടതി കേസ് പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റി വെച്ചു.

സുപ്രീംകോടതി ജഡ്ജിമാരെ പരസ്യമായി വിമര്‍ശിച്ചതിനാണ് കര്‍ണനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചത്. രാജ്യത്തെ പരമോന്നത കോടതിയുടെ അറസ്റ്റ് വാറന്റ് തള്ളികളഞ്ഞ വിവാദ ന്യായാധിപനാണ് കര്‍ണന്‍. തനിക്കെതിരെ നടപടിയെടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഭരണഘടനാ ബെഞ്ചിലെ ഏഴു ജഡ്ജിമാര്‍ പതിനാല് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായിരുന്നു കര്‍ണന്റെ നടപടി.

ചരിത്രത്തിലാദ്യമായാണ് ഹൈക്കോടതി സിറ്റിങ് ജഡ്ജിക്കെതിരെ സുപ്രീം കോടതി വാറന്റ് പുറപ്പെടുവിക്കുന്നത്. സുപ്രീം കോടതിയുടെ വാറന്റ് നിഷേധിച്ച ജസ്റ്റിസ് കര്‍ണന്റെ നടപടിയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ സമാനതയില്ലാത്ത സംഭവമായിരുന്നു. കോടതിയലക്ഷ്യ കേസില്‍ ഹാജരാകണമെന്ന ഉത്തരവ് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ണനെതിരെ സുപ്രീം കോടതി കഴിഞ്ഞ 10ന് ജാമ്യം നല്‍കാന്‍ വ്യവസ്ഥകളോടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 31ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കോടതിയില്‍ നേരിട്ടു ഹാജകരാകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ഏഴംഗ ബെഞ്ച് വിധിച്ചിരുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: