ഗുജറാത്തില്‍ പശുവിനെ കൊന്നാല്‍ ഇനി ജീവപര്യന്തം; പശുക്കടത്തിന് 10 വര്‍ഷം തടവ്

പശുവിനെ കൊന്നാല്‍ ഗുജറാത്തില്‍ ഇനി ജീവപര്യന്തം തടവ് ശിക്ഷ. ഇതുകൂടാതെ 50,000 രൂപ പിഴയുമടയ്ക്കണം. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച നിയമത്തിന് ഗുജറാത്ത് നിയമസഭ അനുമതി നല്‍കിയത്. 2011 ല്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പശുവിനെ കൊല്ലുന്നതിനും ഇറച്ചി കയറ്റുമതിക്കും നിരോധനം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗുജറാത്ത് ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ട് 1954 ഭേദഗതി ചെയ്തിരുന്നു. പുതിയ നിയമ പ്രകാരം കുറ്റം ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും മൃഗങ്ങളെ കടത്താനുപയോഗിച്ച വാഹനങ്ങള്‍ എന്നേക്കുമായി പിടിച്ചെടുക്കുകയും ചെയ്യും.

പശുക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമരൂപീകരണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി വ്യക്തമാക്കി. പശുക്കളെയോ, കാളകളെയോ അറവുശാലകളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ കേസില്‍ അന്തിമ വിധി വന്നശേഷമെ വാഹനങ്ങള്‍ വിട്ടുനല്‍കു.

ഇതനുസരിച്ച് പശുവിനെ കൊല്ലുന്നവര്‍ക്ക് ഏഴു മുതല്‍ 10 വര്‍ഷം വരെയായിരുന്നു ശിക്ഷ. ഈ നിയമമാണ് ഭേദഗതി ചെയ്ത് ജീവപര്യന്തം ജയില്‍ശിക്ഷയുള്‍പ്പെടെയുള്ള കേസ് ആക്കി മാറ്റിയത്.

ഇതു കൂടാതെ പശുക്കടത്തിന് 10 വര്‍ഷം തടവും പുതിയ നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതു കൂടാതെ പശുക്കളെ കടത്താനുപയോഗിക്കുന്ന വാഹനത്തിന്റെ ഉടമയോട് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും വാഹനം പിടിച്ചെടുക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: