ഈസ്റ്റര്‍ ആഘോഷിക്കാന്‍ വത്തിക്കാനിലേക്ക് 2017 ബിയര്‍ ബോട്ടിലുകള്‍

പതിവു തെറ്റിക്കുന്നില്ല, ഇത്തവണ ബിയര്‍ ബോട്ടിലുകളുടെ എണ്ണം 2017 ആണെന്നു മാത്രം. അതാണ് കാലങ്ങളായുള്ള ആചാരം. വിശുദ്ധവാരം ആഘോഷിക്കാന്‍ വത്തിക്കാനിലേക്ക് ചെക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗില്‍ നിന്ന് ബിയര്‍ ബോട്ടിലുകള്‍ അടങ്ങിയ വലിയ പെട്ടി അയച്ചു കഴിഞ്ഞു.

പ്രാഗില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള പ്ലസന്‍ എന്ന ചെറുപട്ടണത്തിലെ പ്രശസ്തമായ പ്ലെന്‍സ്‌കി പ്രസ്ദ്രോജ് ബിയര്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വത്തിക്കാനിലേക്ക് ബിയര്‍ ബോട്ടിലുകള്‍ അയക്കുന്നത്. 114 വര്‍ഷം മുമ്പ്, 1903ല്‍ അന്നത്തെ മാര്‍പ്പാപ്പ പോപ് ലിയോ പതിമൂന്നാമന്റെ ഒരാവശ്യമാണ് ഈ ചടങ്ങിനു തുടക്കമിട്ടത്. മാര്‍പാപ്പ അസുഖബാധിതനായിരുന്നു അന്ന്. അല്‍പ്പം ബിയര്‍ കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ഡോക്ടര്‍ പറഞ്ഞെന്നും ഏതാനും ബോട്ടില്‍ ബിയര്‍ അയക്കണം എന്നുമായിരുന്നു പോപ്പിന്റെ ആവശ്യം. ആവശ്യം പോപ്പിന്റേതായതുകൊണ്ടു തന്നെ പ്ലെന്‍സ്‌കി പ്രസ്ദ്രോജ് പ്രത്യേകമായി ബിയര്‍ തയാറാക്കി. ഗോള്‍ഡന്‍ ലാഗര്‍ എന്ന ബ്രാന്‍ഡിന്റെ 1903 ബോട്ടിലുകളാണ് അന്ന് കപ്പലില്‍ റോമിലേക്ക് അയച്ചത്.

പ്ലസന്‍ നഗരം വത്തിക്കാനുമായുള്ള ബിയര്‍ ബന്ധം തുടരാന്‍ തീരുമാനിച്ചു. പിന്നീട് ഏഴു വട്ടം പ്രത്യേകമായി തയാറാക്കിയ ബിയര്‍ ബോട്ടിലുകള്‍ പ്ലസനില്‍ നിന്ന് അയച്ചു. അയക്കുന്ന വര്‍ഷത്തെ കണക്കിലാവും ബോട്ടിലുകളുടെ എണ്ണം. ഇത്തവണ ഫെബ്രുവരി ഇരുപത്തിയേഴിനാണ് ബിയര്‍ തയാറാക്കുന്ന ജോലികള്‍ ആരംഭിച്ചത്. ചേരുവകള്‍ ആശീര്‍വദിച്ചു നല്‍കിയത് പ്രദേശത്തെ ബിഷപ്പ് തോമസ് ഹോലുബ്. നൂറ്റിപതിനാല് വര്‍ഷം മുമ്പ് വളരെ യാദൃച്ഛികമായി തുടങ്ങിയ ബന്ധം തുടരാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പ്ലെന്‍സ്‌കി പ്രസ്ദ്രോജ് വക്താവ് പറഞ്ഞു.

 
എ എം

Share this news

Leave a Reply

%d bloggers like this: