ഭൂമിയുടെ ഏറ്റവും പുതിയ രാത്രി ദൃശ്യങ്ങള്‍ പുറത്തു വിട്ടു നാസ

കറുപ്പില്‍ രാത്രിവെളിച്ചത്താല്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഇന്ത്യയുടെ മനോഹരങ്ങളായ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ.അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമ്പരപ്പിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ നാസ വീണ്ടും പുറത്തുവിടുന്നത്. രാത്രിയുടെ ഇരുട്ടിനെ മറികടന്ന് തിളങ്ങി നില്‍ക്കുന്ന ഇന്ത്യയുടെ ചിത്രങ്ങളും നാസ പുറത്തുവിട്ടിട്ടുണ്ട്. 2016ല്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇവ. 2012ല്‍ നാസ തന്നെ പകര്‍ത്തിയ ഭൂമിയുടെ രാത്രി ദൃശ്യങ്ങളില്‍ നിന്നും മാറ്റങ്ങളോടെയുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

അടുത്ത 25 വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഈ ദൃശ്യങ്ങള്‍ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2012ല്‍ പുറത്തുവിട്ട ആ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് ഇന്ത്യന്‍ നഗരങ്ങളിലുണ്ടായ വളര്‍ച്ചയും ജനസംഖ്യാ പെരുപ്പവുമൊക്കെ വെളിച്ചത്തിന്റെ വിന്യാസമനുസരിച്ച് പുതിയ ചിത്രത്തില്‍ നിന്നും അനുമാനിച്ചെടുക്കാം.

നാസയുടെ നോവ സുവോമി നാഷണല്‍ പോളാര്‍ ഓര്‍ബിറ്റിങ് പാര്‍ട്ടണര്‍ഷിപ്പ് സാറ്റലൈറ്റ് ആണ് ദീപാലംകൃതമായ നയനമനോഹരമായ ഈ രാത്രി ചിത്രങ്ങള്‍ പകര്‍ത്തിയത്. ഭൂമിയിലെ രാത്രി ദൃശ്യങ്ങള്‍ സൂക്ഷ്മതയോടെ ഒപ്പിയെടുക്കാന്‍ സഹായിക്കുന്ന വിസിബിള്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് റേഡിയോമീറ്റര്‍ സ്യൂട്ട് ആണ് (VIIRS) ഉപഗ്രഹത്തിലെ സെന്‍സര്‍.

പവര്‍ കട്ടിനാലും കൊടുങ്കാറ്റിനാലും ഭൂചലനങ്ങളാലും ഭൂമിയ്ക്കുണ്ടാകുന്ന ഹ്രസ്വ മാറ്റങ്ങള്‍ വരെ ഈ സെന്‍സറിന്റെ സഹായത്തോടെ പകര്‍ത്താന്‍ കഴിയുമെന്ന് നാസയിലെ ഗവേഷകര്‍ പറയുന്നു. ഒരുപാട് വര്‍ഷത്തെ ഇടവേളയിലാണ് ഭൂമിയുടെ രാത്രി ദൃശ്യങ്ങള്‍ ഇപ്പോള്‍ നാസ പകര്‍ത്തുന്നത്. എന്നാല്‍ ദിവസേന തന്നെ ഭൂമിയുടെ രാത്രി ദൃശ്യങ്ങള്‍ പകര്‍ത്താനാകുമോയെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കണക്കുകൂട്ടുന്നത്. 2011ല്‍ നാസ വിക്ഷേപിച്ച നോവ സുവോമി നാഷണല്‍ പോളാര്‍ ഒര്‍ബിറ്റിങ് സാറ്റ്‌ലൈറ്റാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: