ലൈംഗീക പീഡനത്തിന് ഇരയായി ഇന്ത്യന്‍ യുവതി; പീഡനം ഗര്‍ഭിണിയായാല്‍ ആനുകൂല്യം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച്

ഡബ്ലിന്‍: മനസ്സില്‍ സൂക്ഷിച്ച സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ മാര്‍ഗം തേടിയാണവള്‍ ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലേക്ക് പറന്നത്. സ്വന്തംകാലില്‍ നില്‍ക്കാനും, സ്വന്തമായി സമ്പാദിച്ച് തിരിച്ച് നാട്ടിലേക്ക് പോകാനും അവള്‍ തീരുമാനിച്ചിരുന്നു. പക്ഷെ സ്ത്രീ പീഡനമെന്ന മഹാമാരി അവളെ അയര്‍ലണ്ടില്‍ പിന്തുടര്‍ന്നുവെന്ന വാര്‍ത്ത പ്രവാസികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. വാടകക്ക് താമസിച്ചിരുന്ന ഈ 30 കാരിയെ പീഡിപ്പിച്ചത് അവള്‍ക്കൊപ്പം മുറി പങ്കിട്ട ഒരു യൂറോപ്പുകാരനാണ്. അയര്‍ലണ്ടില്‍ പല നഗരങ്ങളിലും താമസിച്ചെങ്കിലും താമസം ശരിയാകാത്തതിനാല്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് മാറി താമസിച്ച യുവതിക്ക് ഡബ്ലിനില്‍ വെച്ചാണ് ലൈംഗീക പീഡനത്തിന് ഇരയാകേണ്ടി വന്നത്.

ഡബ്ലിനിലെ നഗര മധ്യത്തിലുള്ള വാടക വീട്ടില്‍ വെച്ചാണ് മലയാളി പെണ്‍കുട്ടിയെന്ന പ്രാഥമിക സൂചന ലഭിക്കുന്ന യുവതിക്ക് പീഡനമേല്‍ക്കേണ്ടി വന്നത്. സ്വന്തം നാട്ടില്‍ വിവാഹപ്രായത്തിനു മുന്‍പ് തന്നെ കല്യാണമുറപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ പടപൊരുതി ഉന്നത വിദ്യാഭ്യാസം നേടിയ ഇവര്‍ തന്റെ ആഗ്രഹങ്ങള്‍ക്കും സങ്കല്പങ്ങള്‍ക്കുമൊത്ത് ജീവിക്കാന്‍ അയര്‍ലണ്ടിലേക്ക് പറക്കുകയായിരുന്നു. നേഴ്‌സിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനു ഐ.ഇ.എല്‍.ടി.എസ് കരസ്ഥമാക്കി അയര്‍ലണ്ടില്‍ പറന്നിറങ്ങിയ ഇവര്‍ക്ക് ഭീതിജനകമായ ഓര്‍മ്മകളാണ് അയര്‍ലന്‍ഡ് പകരം കൊടുത്ത്.

ഗര്‍ഭിണിയായാല്‍ ഗവണ്‍മെന്റില്‍ നിന്നും ധനസഹായം ലഭിക്കുമെന്ന് ഇന്ത്യക്കാരിയെ പറഞ്ഞ് വിശ്വസിക്കാന്‍ ശ്രമിച്ച പീഡനത്തിന് ഇരയാക്കിയ വ്യക്തി ഈ വനിതയെ പലതവണ അനുനയിപ്പിച്ച് തന്റെ കാര്യം സാധിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. യൂറോപ്പില്‍ രണ്ടുപേര്‍ അഞ്ചോ, ആറോ വര്‍ഷം ഒരുമിച്ച് താമസിച്ചാല്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ എളുപ്പമാണെന്നും അതിനിടയില്‍ സ്ത്രീ ഗര്‍ഭം ധരിച്ചാല്‍ ഗവണ്മെന്റ് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും ഇവരെ അറിയിച്ചായിരുന്നു പീഡനം. ഇതെല്ലം തിരസ്‌കരിച്ചപ്പോള്‍ നിര്‍ബന്ധിത ലൈംഗീക ബന്ധത്തിന് ഇരയാക്കാന്‍ ശ്രമിക്കുകയായിരുന്നു. നാലോ അഞ്ചോ തവണ ഇയ്യാള്‍ തന്നെ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നും രണ്ട് തവണ ഗര്‍ഭം അലസിപ്പിച്ചെന്നും യുവതി പറയുന്നു. യുറോപ്പ്യന്‍ സംസ്‌കാരം ഇതാണെന്നും, ഇതിനു സഹകരിക്കുന്നവര്‍ക്ക് മാത്രമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലനില്പുള്ളതെന്നും ഇയാള്‍ പറയാറുണ്ടായിരുന്നത്രെ.

ആണും, പെണ്ണും ഒരു റൂമില്‍ ഒരുമിച്ച് താമസിക്കുന്നത് അയര്‍ലന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ പുതുമയല്ല. പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒരുമിച്ച് താമസിക്കുന്ന രീതിയാണ് മിക്ക അപ്പാര്‍ട്‌മെന്റുകളിലും ഉള്ളത്. മാത്രമല്ല ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ സര്‍വ്വ സ്വാതന്ത്ര്യത്തോടെയാണ് ഇവിടെ പലരും ജീവിച്ചു വരുന്നത്. ആണായാലും, പെണ്ണായാലും പരസ്പരം പേടിക്കാതെ സൗഹൃദപരമായി ജീവിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ അതിനിടക്ക് സ്ത്രീകളോടുള്ള ഇത്തരം ക്രൂരമായ സമീപനങ്ങള്‍ പലതും പുറത്തുവരാറില്ല. അതുകൊണ്ട് ഇവരുടെ പേരോ മേല്‍ വിലാസമോ പുറത്തു വിട്ടിട്ടില്ല. സ്വന്തം നാട്ടില്‍ നിന്നും അന്യരാജ്യത്ത് എത്തുന്ന സ്ത്രീകള്‍ക്ക് പൂര്‍ണ സംരക്ഷണം ലഭിക്കുന്ന നിയമം വേണമെന്ന് യുവതി ആവശ്യപ്പെട്ടിരിക്കുകയാണ്. തന്റെ ദുരവസ്ഥ മറ്റൊരു സ്ത്രീക്ക് ഉണ്ടാവാന്‍ പാടില്ല എന്നും ഇവര്‍ ആഗ്രഹിക്കുന്നു. വിവാഹ പൂര്‍വ ലൈംഗിക ബന്ധം ഇഷ്ടപെടാത്ത ഇന്ത്യക്കാരെ യൂറോപ്പുകാര്‍ വളരെ പുച്ഛത്തോടെയാണ് കാണുന്നത്. ലൈംഗിക കാര്യങ്ങള്‍ക്ക് താത്പര്യമില്ലാതെ തന്നെ നിര്‍ബന്ധിക്കാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ലെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.

അയര്‍ലണ്ടില്‍ ആര്‍ക്കെങ്കിലും ഇത്തരം അനുഭവമുണ്ടെങ്കില്‍ അധികൃതരെ ബന്ധപ്പെടാവുന്നതാണ്. Rape Crisis Helpline :1800 778888 .

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: