തുര്‍ക്കി ഹിതപരിശോധനയില്‍ എര്‍ദോഗന് വിജയം

തുര്‍ക്കിയില്‍ പ്രസിഡന്റ് തയിപ് എര്‍ദോഗന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്കായുള്ള ഹിതപരിശോധന അവസാനിച്ചു. ഹിതപരിശോധന എര്‍ദോഗന് അനുകൂലമാണ്. 98.2 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 51.3% വോട്ടര്‍മാര്‍ ഭരണഘടനാ ഭേദഗതി അംഗീകരിച്ചു.

ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഭരണകക്ഷി വിജയം അവകാശപ്പെട്ടു. രാജ്യം ചരിത്രപരമായ തീരുമാനമെടുത്തെന്ന് എര്‍ദോഗന്‍ അവകാശപ്പെട്ടപ്പോള്‍, ഈ വിജയം ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കും രാജ്യത്തിന്റെ ശത്രുക്കള്‍ക്കുമുള്ള മറുപടിയാണെന്ന് പ്രധാനമന്ത്രി ബിനാലി യില്‍ദിരിം പറഞ്ഞു. അതേസമയം, വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച പ്രധാന പ്രതിപക്ഷ കക്ഷികള്‍ വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ടു. ആദ്യഘട്ടത്തില്‍ 58 ശതമാനം വോട്ട് എര്‍ദോഗന് അനുകൂലമായി ലഭിച്ചിരുന്നത് അവസാനമായപ്പോള്‍ നേരിയ ഭൂരിപക്ഷത്തിലേക്കു താഴുകയായിരുന്നു. എന്നാല്‍ 25 ദശലക്ഷം ‘യെസ്’ വോട്ടുകള്‍ ലഭിച്ചതായും ഇത് ‘നോ’ വോട്ടുകളെക്കാള്‍ 1.3 ദശലക്ഷം കൂടുതലാണെന്നും ഭരണകക്ഷി അവകാശപ്പെട്ടു.

എന്നാല്‍ മൂന്നു പ്രധാന നഗരങ്ങളിലും എര്‍ദോഗന് തിരിച്ചടിയുണ്ടായെന്ന് പ്രതിപക്ഷവും പറയുന്നു. കുര്‍ദ് വംശജര്‍ക്കു ഭൂരിപക്ഷമുള്ള തെക്കുകിഴക്കന്‍ മേഖലയിലും തീരമേഖലകളിലും എര്‍ദോഗന്‍വിരുദ്ധ പക്ഷത്തിനാണു ഭൂരിപക്ഷം. ഇസ്തംബുളിലാണ് എര്‍ദോഗന്‍ കുടുംബസമേതം വോട്ടുചെയ്യാനെത്തിയത്.പാര്‍ലമെന്റ് പിരിച്ചുവിടുന്നത് അടക്കം പ്രസിഡന്റിനു വന്‍ അധികാരങ്ങള്‍ കൈമാറുന്ന ഭരണഘടനാ ഭേദഗതി ലക്ഷ്യമിട്ടാണ് എര്‍ദോഗന്‍ ഹിതപരിശോധന നടത്തിയത്. പാര്‍ലമെന്ററി സംവിധാനം അട്ടിമറിക്കുകയാണ് എര്‍ദോഗന്റെ ലക്ഷ്യമെന്നു പ്രതിപക്ഷം ആരോപിക്കുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: