ഐഎസ് ക്യാമ്പിലെ അമേരിക്കന്‍ ആക്രമണം: കൂടുതല്‍ മലയാളികള്‍ ഉണ്ടായിരുന്നോ എന്ന സംശയത്തില്‍ എന്‍ഐഎ

അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാര്‍ മേഖലയിലെ ഐ.എസ് ക്യാമ്പില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളികള്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍ തേടി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ അഫ്ഗാന്‍ സന്ദര്‍ശിച്ചേക്കുമെന്ന് സൂചന. അതിനിടെ, കൂടുതല്‍ പേര്‍ ഇവിടേക്ക് പോയിട്ടുണ്ടാകുമെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ഗള്‍ഫില്‍ നിന്നു കാണാതായ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ എന്‍.ഐ.എ തേടും. നാംംഗര്‍ഹാറിലെ ആക്രമണത്തില്‍ കേരളത്തില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. 94 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

കേരളത്തില്‍ നിന്നു കാണാതാവുകയും ഐഎസില്‍ ചേര്‍ന്നുവവെന്ന് കരുതപ്പെടുന്ന പാലക്കാട് സ്വദേശി ഈസ എന്ന ബക്സണ്‍ കഴിഞ്ഞ നവംബര്‍ 16-ന് മാതാപിതാക്കളെയും ഭാര്യ നിമിഷ എന്ന ഫാത്തിമയുടെ അമ്മയേയും ബന്ധപ്പെട്ടിരുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുള്ള നംഗര്‍ഹാറില്‍ നിന്ന് ഏറെ അകലെയാണ് സ്ത്രീകളും കുട്ടികളുമെന്ന് ഈസ പറഞ്ഞതായ വിവരങ്ങള്‍ കുടുംബം എന്‍.ഐ.എയ്ക്ക് കൈമാറിയിരുന്നു. അതുകൊണ്ടു തന്നെ ഇവര്‍ സുരക്ഷിതരായിരിക്കാം എന്ന നിഗമനത്തിലാണ് എന്‍.ഐ.എ ഉള്ളത്.

എന്നാല്‍ നാംഗര്‍ഹാര്‍ ആക്രമണത്തില്‍ എത്ര മലയാളികള്‍ കൊല്ലപ്പെട്ടു എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. നേരത്തെ ഇവിടെ എത്തിയതെന്നു കരുതുന്ന കണ്ണൂര്‍, കാസര്‍കോട് എന്നിവരില്‍ നിന്ന് നേരത്തെ സ്ഥിരമായി സന്ദേശം ലഭിച്ചിരുന്നുവെങ്കിലും ആക്രമണത്തിനു ശേഷം പുതിയ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്നാല്‍ പുതിയ കേന്ദ്രങ്ങളില്‍ നിന്ന് സന്ദേശങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ലഭിക്കുന്നുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. കാസര്‍കോട് സ്വദേശി മുര്‍ഷിദ് ടി.കെ കൊല്ലപ്പെട്ടു എന്നു പറയുന്ന സന്ദേശം അയച്ചിരിക്കുന്നത് സ്ഥിരം കേന്ദ്രത്തില്‍ നിന്നല്ല. അതുകൊണ്ടു തന്നെ പുതിയതായി കൂടുതല്‍ പേര്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ടോ എന്നാണ് എന്‍.ഐ.എ പരിശോധിക്കുന്നത്. നേരത്തെ ഇവിടെ എത്തിയ 22 കുടുംബങ്ങളുടെ ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനു പുറമെ ഗള്‍ഫ് മേഖലയില്‍ നിന്ന് കാണാതായവരുടെ വിവരങ്ങളാണ് എന്‍.ഐ.എ പുതിയതായി തേടുന്നത്.

 

എ എം

Share this news

Leave a Reply

%d bloggers like this: