ഡബ്ലിന്‍ മലയാളി ഡോ.സുജാ സോമനാഥിന് ഗവേഷണത്തിനുള്ള INMO യുടെ അവാര്‍ഡ്

ഡബ്ലിന്‍:അയര്‍ലണ്ടിലെ നഴ്‌സുമാരുടെ സംഘടനയായ INMO റിസര്‍ച്ച് മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നഴ്‌സിംഗ് പ്രൊഫഷനിലുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ ഉന്നത ബഹുമതിയായ സി ജെ കോള്‍മാന്‍ അവാര്‍ഡ് മലയാളിയായ കോട്ടയം തെങ്ങണ സ്വാദേശി ഡോ.സുജാ സോമനാഥിന്.

ജീവനു ഭീഷണിയാകുന്ന മ്യൂകോപോളിസാക്കറൈഡോസസ് എന്ന അപൂര്‍വ്വ ജനിതക രോഗമുള്ള കുട്ടികളുടെയും കൗമാരക്കാരുടെയും മുതിര്‍ന്നവരുടെയും രക്ഷിതാക്കളെക്കുറിച്ചുനടത്തിയ റിസേര്‍ച്ചാണ് സി ജെ കോള്‍മാന്‍ അവാര്‍ഡിന് സുജാ സോമനാഥിനെ അര്‍ഹയാക്കിയത്. വെക്‌സ്‌ഫോര്‍ഡില്‍ നടന്ന ഐ എന്‍എം ഓ വാര്‍ഷിക സമ്മേളനത്തില്‍ ഐഎന്‍ എംഓ പ്രസിഡണ്ട് മാര്‍ട്ടിന ഹാര്‍കിന്‍സ് കെല്ലി ഡോ.സുജാ സോമനാഥിന് അവാര്‍ഡ് സമ്മാനിച്ചു.

നിലവില്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത അവസ്ഥയിലുള്ള മ്യൂകോപോളിസാക്കറൈഡോസസ് ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളുമായി 17 മാസക്കാലത്തിലധികം ഏറെ തവണ അഭിമുഖം നടത്തിയാണ് റിസേര്‍ച്ച് പൂര്‍ത്തിയാക്കിയത്.അപൂര്‍വ്വ ജനിതക രോഗവുമായി ജീവിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍, അപൂര്‍വ്വ രോഗത്തിന്റെ വിഷമതകള്‍, എംപിഎസിനൊപ്പമെത്തുന്ന മറ്റു രോഗങ്ങള്‍, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ, വീടും ആശുപത്രിയുമായി കഴിയുന്നതിന്റെ ബുദ്ധുമുട്ടുകള്‍, ദുഷ്‌ക്കരമാകുന്ന തുടര്‍ ജീവിതം, ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ തുടങ്ങി എംപിഎസ് ബാധിതരുടെ വിവിധ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ പഠനം സഹായകമായി.

ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലില്‍ ഓഡിറ്റ് ആന്‍ഡ് റിസര്‍ച്ച് ഫെസിലിറ്റേറ്ററായ ജോലി ചെയ്തു വരുന്ന സുജ 150 ലധികം പേഷ്യന്റ് ക്വാളിറ്റി ആന്‍ഡ് സേഫ്റ്റി പ്രൊജക്ടുകളിലും നിരവധി അന്താരാഷ്ട്ര ഗവേഷണങ്ങളിലും പങ്കാളിയാണ്. ആര്‍സിഎസ്‌ഐയില്‍ ഹോണററി ക്ലിനിക്കല്‍ അസോസിയേറ്റായും യുസിഡിയില്‍ ഒക്യുപേഷണല്‍ ലെക്ചററായും സുജ പ്രവര്‍ത്തിക്കുന്നു.

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന കൊല്ലം മയ്യനാട് സ്വദേശി മഹേഷ് മധുസൂദനനാണ് ഡോ. സുജയുടെ ഭര്‍ത്താവ്. എട്ടു വയസുള്ള ആര്യനാണ് മകന്‍.

Related News

അപൂര്‍വ്വ ജനിതക രോഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണത്തിന് മലയാളി ഡോ. സുജ സോമനാഥന് ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഡോക്ടറേറ്റ്

Share this news

Leave a Reply

%d bloggers like this: