സാമ്പത്തിക സുസ്ഥിരതയും ബ്രെക്‌സിറ്റും നടപ്പാക്കാനുറച്ച പ്രകടന പത്രിക പുറത്തിറക്കി മേയ്

ബ്രിട്ടന്റെ സ്ഥാനം മുന്‍പന്തിയില്‍ നിലനിര്‍ത്തുന്ന മുഖ്യധാരാ സര്‍ക്കാരാണ് തന്റെ ലക്ഷ്യമെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുകൂടിയായ പ്രധാനമന്ത്രി തെരേസ മേയ്. കുടിയേറ്റ നിയന്ത്രണത്തിനു കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചും ബ്രെക്‌സിറ്റിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക- വാണിജ്യ വെല്ലുവിളികളെ നേരിടാന്‍ ശക്തമായ സമ്പദ്ഘടന ഉറപ്പുനല്‍കിയുമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രകടനപത്രിക തെരേസ മേയ് പുറത്തിറക്കിയത്.

സാമ്പത്തിക സുസ്ഥിരതയും ബ്രെക്‌സിറ്റും നടപ്പാക്കാനാണ് തന്റെ ശ്രമങ്ങളെന്നും പ്രകടനപത്രികയുടെ ഉള്ളടക്കം വിശദീകരിച്ചുകൊണ്ട് മേയ് വ്യക്തമാക്കി. അഞ്ചുവര്‍ഷത്തേക്ക് ആദായ നികുതിയോ നാഷനല്‍ ഇന്‍ഷുറന്‍സോ വര്‍ധിപ്പിക്കില്ലെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നോട്ടുവച്ച പ്രധാന വാഗ്ദാനം. എന്നാല്‍ ഇക്കുറി ഇങ്ങനെയൊരു വാഗ്ദാനമില്ല. 2025 ആകുമ്പോഴേക്കും കമ്മി ഒഴിവാക്കി ബജറ്റ് ബാലന്‍സ് ഉറപ്പുവരുത്തും.

കുടിയേറ്റനിരക്ക് ലക്ഷങ്ങളുടെ കണക്കില്‍നിന്നും ഒരു ലക്ഷത്തിനു താഴെയെത്തിക്കാനുള്ള കനത്ത നിയന്ത്രണങ്ങളാണ് മറ്റൊരു വാഗ്ദാനം. ഇതിനായി കുടിയേറ്റക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ നല്‍കേണ്ട ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ് ആയിരത്തില്‍നിന്നും രണ്ടായിരമായി ഉയര്‍ത്തും. കുടിയേറ്റക്കാര്‍ക്ക് എന്‍എച്ച്എസ് ചികില്‍സയ്ക്ക് എമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള മറ്റ് കനത്ത നിര്‍ദേശങ്ങളും നടപ്പാക്കും. പ്രകടന പത്രികയില്‍ പറയുന്നു.

ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ സ്‌കോട്ടീഷ് റഫറണ്ടത്തിന് അനുമതിയില്ല എന്നതാണ് പ്രകടനപത്രികയിലെ പ്രധാന തീരുമാനം. ഇടക്കാല തിരഞ്ഞെടുപ്പിന് പ്രധാനമന്ത്രി തീരുമാനമെടുത്തതുതന്നെ സ്‌കോട്ടീഷ് റഫറണ്ടമെന്ന ആവശ്യത്തിന് തടയിടാനായിരുന്നു. ഇത് വ്യക്തമായി പ്രഖ്യാപിക്കുക കൂടിയാണ് പ്രകടനപത്രികയിലൂടെ തെരേസ മേയ് ചെയ്തിരിക്കുന്നത്. ബ്രിട്ടന്റെ ഭാഗമായി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന സ്‌കോട്ടീഷുകാരുടെ വോട്ടുകള്‍ ഒന്നടങ്കം നേടാന്‍ ഈ നീക്കം സഹായിക്കും.

 

 
എ എം

Share this news

Leave a Reply

%d bloggers like this: