അയര്‍ലണ്ടില്‍ സ്വവര്‍ഗാനുരാഗ വിവാഹം നിയമ വിധേയമാക്കിയിട്ട് രണ്ടു വര്‍ഷം തികയുന്നു

ഡബ്ലിന്‍: സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് പരസ്പരം വിവാഹം കഴിക്കാന്‍ ആവശ്യമായ നിയമാനുമതി ലഭിച്ചതിന്റെ രണ്ടാം വര്‍ഷത്തിലാണിപ്പോള്‍ അയര്‍ലന്‍ഡ്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഗേ മാരേജ് സിവില്‍ കോണ്‍ട്രാക്ട് വോട്ടെടുപ്പിലൂടെ ജനഹിതം അറിഞ്ഞ ശേഷം സ്വവര്‍ഗ വിവാഹത്തിന് നിയമ സംരക്ഷണത്തെ നല്‍കുകയായിരുന്നു.

സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമോ എന്ന ചോദ്യം ആദ്യമായി ഉന്നയിക്കപ്പെട്ട ജനഹിതപരിശോധനയില്‍ 62% ഭൂരിപക്ഷത്തോട് കൂടി ”വേണം” എന്ന് അയര്‍ലണ്ടിലെ ജനങ്ങള്‍ വോട്ടു ചെയ്തു. പുറംരാജ്യങ്ങളില്‍ ജീവിക്കുന്ന ഐറിഷ് ജനങ്ങള്‍ പോലും ഈ വോട്ടെടുപ്പില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നിരുന്നു. യുവതീയുവാക്കളില്‍ കൂടുതല്‍ പേരും സ്വവര്‍ഗവിവാഹത്തിനു ഭരണഘടനാസാധുത നല്‍കുന്ന വോട്ടെടുപ്പില്‍ അനുകൂലമായി വോട്ടു ചെയ്തു.

ജനഹിതപരിശോധനയുടെ ഫലമായി ഭരണഘടനയില്‍ വിവാഹതുല്യത ഉറപ്പുവരുത്തുന്ന ആദ്യത്തെ രാഷ്ട്രമാണ് അയര്‍ലണ്ട്. ഐറിഷ് ആയതില്‍ ഞങ്ങള്‍ വളരെ അഭിമാനിക്കുന്നു” എന്ന് അന്നത്തെ ക്യാബിനറ്റ് മന്ത്രി ലിയോ വരദ്കര്‍ അഭിപ്രായപ്പെട്ടിരുന്നു. ”ഞങ്ങളെ സംബന്ധിച്ച് ഇതൊരു ജനഹിത പരിശോധന ആയിരുന്നില്ല, പകരം ഒരു സാമൂഹികവിപ്ലവം തന്നെ ആയിരുന്നു” അദ്ദേഹം പറഞ്ഞു.

1993-ല്‍ ആണ് കത്തോലിക്കര്‍ ഭൂരിപക്ഷമായ യാഥാസ്ഥിതിക രാജ്യമായ അയര്‍ലണ്ടില്‍ സ്വര്‍ഗ്ഗലൈംഗികത നിയമവിധേയമാക്കിയത്. ആ സമയത്ത് നടത്തിയ ജനഹിത പരിശോധനയില്‍ അതിനെ അനുകൂലിച്ചത് വെറും മൂന്നില്‍ ഒന്ന് ജനങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ 2015 ല്‍ നടന്ന ജനഹിത പരിശോധനയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മിക്കവാറും നേതാക്കളും അനുകൂലനിലപാടാണ് എടുത്തത്. 166 പേര്‍ ഉള്ള ഐറിഷ് പാര്‍ലമെന്റില്‍ ഗേ ആയി പുറത്തുവന്ന നാലുപേര്‍ മാത്രമാണ് ഉള്ളത്. സിവില്‍ വിവാഹപങ്കാളിത്തങ്ങള്‍ 2010 മുതല്‍ അയര്‍ലണ്ടില്‍ നിലവിലുണ്ട്. ജനഹിത പരിശോധന മുഖേന പുരുഷന്റെയും സ്ത്രീയുടെയും ഇടയില്‍ മാത്രമായി നിജപ്പെടുത്തിയിരുന്ന വിവാഹം സ്വവര്‍ഗ ഇണകള്‍ക്കും ലഭ്യമാക്കി. കുടുംബങ്ങള്‍ക്ക് കൊടുക്കപ്പെട്ട സംരക്ഷണവും അവകാശങ്ങളും സ്വവര്‍ഗദമ്പതികളുടെ കുടുംബങ്ങള്‍ക്കും ലഭ്യമാക്കി

ഹിതപരിശോധനയില്‍ ”നോ” എന്നാണ് ഡബ്ലിനിലെ കത്തോലിക്കാസഭ ആര്‍ച്ബിഷപ്പ് രേഖപ്പെടുത്തിയത്. ഗേ വ്യക്തികള്‍ക്ക് മനുഷ്യാവകാശങ്ങള്‍ നല്‍കണമെങ്കിലും വിവാഹത്തിന്റെ നിര്‍വചനങ്ങളില്‍ ഭേദം വരുത്താന്‍ സമയമായില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കത്തോലിക്കാസഭ ചെറുപ്പക്കാരുടെ അഭിലാഷങ്ങളില്‍ നിന്ന് അകന്നു പോയിരിക്കുന്നു. ഒരു സ്വയംവിലയിരുത്തല്‍ നടത്താന്‍ സഭയ്ക്ക് സമയമായി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പൊതുവെ യാഥാസ്ഥിതികര്‍ എന്ന് വിശേഷിക്കപ്പെടുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരായ ഒരു ലക്ഷത്തോളം കുടിയേറ്റ വോട്ടര്‍മാരില്‍ കൂടുതലും നോ വോട്ടായിരുന്നു ചെയ്തത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: