ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായുള്ള യാത്രകള്‍ തടയാനുള്ള നിയമ നിര്‍മ്മാണത്തിനൊരുങ്ങി അയര്‍ലണ്ട്

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ നിന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മറ്റൊരു രാജ്യത്തേക്ക് പോകുന്നതും അതുപോലെ തീവ്രവാദ പ്രവര്‍ത്തങ്ങള്‍ക്കായി അയര്‍ലണ്ടിലെത്തുന്നതും ക്രിമിനല്‍ കുറ്റകൃത്യമായി പരിഗണിച്ച് നിയമ നിര്‍മ്മാണത്തിനൊരുങ്ങുകയാണ് അയര്‍ലന്‍ഡ്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഇ.യു വിന്റെ കര്‍ശനമായ നിര്‍ദ്ദേശം അംഗരാജ്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇ.യു നിയമ പരിധിയില്‍ ഈ നിയമം ഉള്‍പ്പെടുത്തി ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് നിയമ വകുപ്പ് വ്യക്തമാക്കി.

യൂറോപ്പുകാര്‍ തീവ്രവാദ സംഘടനയിലെത്തുന്നത് തടയാന്‍ നിയമങ്ങള്‍ ശക്തമാക്കേണ്ടതുണ്ടെന്നു കഴിഞ്ഞ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ആവശ്യമുയര്‍ന്നിരുന്നു. 2015 ലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് 5000 യൂറോപ്പുകാര്‍ മിഡില്‍ ഈസ്റ്റില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആശയത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവിടെയെത്തിയെന്നാണ് നിഗമനം. ഇത്തരക്കാരുടെ പൂര്‍ണ വിവരങ്ങള്‍ സൂക്ഷിച്ച് അവര്‍ യൂറോപ്പില്‍ വീണ്ടും തിരിച്ചെത്തിയാല്‍ ആജീവനാന്തം ജയില്‍ വാസത്തിനു അയക്കാനും ഇ.യു അംഗരാജ്യങ്ങളോട് നിര്‍ദ്ദേശിച്ചു കഴിഞ്ഞു.

യൂറോപ്പിലെ ഇസ്ലാം മത വിശ്വാസക്കാരെ പ്രലോഭിപ്പിച്ച് തീവ്രവാദത്തിലെത്തിക്കാനുള്ള ഭീകര സംഘടനകളുടെ നീക്കവും സസൂക്ഷ്മം നിരീക്ഷണത്തിലാണ്. അയര്‍ലണ്ടില്‍ ജിഹാദി ഗ്രൂപ്പുകള്‍ രൂപപ്പെട്ടുവരുന്ന റിപ്പോര്‍ട്ട് അതീവ ഗുരുതരമായ പ്രശ്‌നമായി വിലയിരുത്തുമ്പോള്‍ ഭീകര വിരുദ്ധ നിയമം രാജ്യത്ത് ശക്തമായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ ഫ്രാന്‍സിസ് ഫിറ്റസ് ജെറാള്‍ഡ് വ്യക്തമാക്കി.
എ എം

Share this news

Leave a Reply

%d bloggers like this: