മീരാകുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ലോക്‌സഭാ മുന്‍സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ മീരാ കുമാര്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയാകും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ മീരയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കും. ഇന്ത്യയുടെ ആദ്യത്തെ വനിതാ ലോക്‌സഭാ സ്പീക്കര്‍ ആയിരുന്നു മീരാ കുമാര്‍.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദലിത് കാര്‍ഡ് മുന്നോട്ടുവെച്ച് ബിജെപി ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ അതേവിഭാഗത്തില്‍ തന്നെയുള്ള പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കമെന്ന് വ്യക്തം. മീരാകുമാര്‍ കോണ്‍ഗ്രസിലെ ദലിത് നേതാക്കളില്‍ പ്രധാനിയാണ്. മീരാ കുമാറിനെ കൂടാതെ മുന്‍കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, ബി.ആര്‍. അംബേദ്ക്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്ക്കര്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും പ്രതിപക്ഷം പരിഗണിച്ചിരുന്നത്.

മുന്‍ ഉപപ്രധാനമന്ത്രിയും പ്രമുഖ ദലിത് നേതാവുമായിരുന്ന ബാബു ജഗ്ജീവന്‍ റാമിന്റെയും സ്വാതന്ത്ര്യ സമരസേനാനി ഇന്ദ്രാണി ദേവിയുടെയും മകളാണ് മീര കുമാര്‍. രാജ്യത്തെ ആദ്യ വനിതാ സ്പീക്കറായ ദലിത് വനിത കൂടിയാണ് മീര. 1945 മാര്‍ച്ച് 31ന് പാറ്റ്നയില്‍ ജനിച്ച മീര കുമാര്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എം.എ, എല്‍.എല്‍.ബി ബിരുദങ്ങള്‍ നേടി.

1973ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നു. സ്പെയിന്‍, യു.കെ, മൗറീഷ്യസ് എന്നീ എംബസികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1976-77 കാലഘട്ടത്തില്‍ മാഡ്രിഡിലെ ഇന്ത്യന്‍ എംബസിയിലും 1977-79 കാലഘട്ടത്തില്‍ ലണ്ടനിലെ ഹൈക്കമീഷനിലും ജോലി ചെയ്തു. ഇന്തോ-മൗറീഷ്യസ് ജോയിന്റ് കമീഷനിലും അംഗം, 1980 മുതല്‍ 85 വരെ വിദേശകാര്യ മന്ത്രാലയത്തില്‍ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്. വിദേശമന്ത്രാലയത്തിലെ സേനവത്തിനു ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്ന മീര കുമാര്‍, 1990-92, 1996-99 കാലയളവുകളില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും 1990-2000, 2002-04 കാലയളവുകളില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

1985ല്‍ ബിഹാറിലെ ബിജ്നോറില്‍ നിന്ന് എട്ടാം ലോക്‌സഭയിലേക്ക് കന്നി വിജയം നേടി. പിന്നീട് 1996, 1998 വര്‍ഷങ്ങളില്‍ ഡല്‍ഹി കരോള്‍ ബാഗ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1999ലെ പതിമൂന്നാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ സസാറാം മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍, 2004ല്‍ പതിനാലാം ലോക്‌സഭയിലും 2009-ല്‍ പതിനഞ്ചാം ലോക്‌സഭയിലും ഇതേ മണ്ഡലത്തില്‍ നിന്ന് എം.പിയായി വിജയിച്ചു. 1996-98 കാലയളവില്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, ഹോം അഫയേഴ്സ് കമ്മിറ്റി, സ്ത്രീശാക്തീകരണത്തിനുള്ള സമിതി, 1998 മുതല്‍ 99 വരെ ഭക്ഷ്യ-ഉപഭോക്തൃകാര്യ സമിതി, പരിസ്ഥി-വന സമിതി എന്നിവകളില്‍ അംഗമായി.

2004 മുതല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ സാമൂഹ്യനീതിന്യായ വകുപ്പ് സഹമന്ത്രിയായിരുന്നു. 2009ലെ മന്‍മോഹന്‍ സര്‍ക്കാരില്‍ ജലവിഭവമന്ത്രിയായിരുന്നെങ്കിലും സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതിനെ തുടര്‍ന്ന് 2009 മേയ് 31-ന് രാജിവെച്ചു. 1968 നവംബര്‍ 29ന് സുപ്രീംകോടതി അഭിഭാഷകനായ മഞ്ജുള്‍ കുമാറിനെ വിവാഹം കഴിച്ചു. അന്‍ഷുല്‍, സ്വാതി, ദേവാംഗന എന്നിവര്‍ മക്കളാണ്.

ബിഹാര്‍ ഗവര്‍ണറായ റാം നാഥ് കോവിന്ദ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. നിലവില്‍ ജെഡിയു, എഐഎഡിഎംകെ, ശിവസേന, ടി.ആര്‍.എസ് എന്നിവരാണ് രാംനാഥ് കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വത്തിന് എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ചത്. ബിഎസ്പി തുറന്ന പ്രഖ്യാപനം നടത്തിയില്ലെങ്കിലും ദളിത് സ്ഥാനാര്‍ഥിക്കെതിരെ നിലകൊള്ളാനാവില്ലെന്ന നിലപാടാണ് മായാവതിക്ക് .
എ എം

Share this news

Leave a Reply

%d bloggers like this: