ട്രംപ് മോഡി കൂടിക്കാഴ്ച – തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടും; മോദിയെ ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്തത് ഹിന്ദിയില്‍

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കുതിച്ചുയരുന്ന രണ്ട് രാജ്യങ്ങള്‍ എന്ന നിലയില്‍ ജനാധിപത്യത്തിന് ഭീഷണിയുയര്‍ത്തുന്ന തീവ്രവാദം എന്ന വിപത്തിനെ ചെറുക്കുന്നതാണ് ഇരു രാജ്യങ്ങളുടെയും പ്രഥമ പരിഗണനെയന്ന് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. വൈറ്റ് ഹൗസിലെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.

ട്രംപുമായുള്ള കൂടിക്കാഴ്ച ഇന്ത്യ-യുഎസ് ബന്ധത്തിലെ ചരിത്ര മുഹൂര്‍ത്തമെന്ന് മോദി വിശേഷിപ്പിച്ചു. ഇന്ത്യയുടെ പുരോഗമനത്തില്‍ യുഎസ് മുഖ്യപങ്കാളിയായിരിക്കുമെന്നും സുരക്ഷാവെല്ലുവിളികളില്‍ ഇരുരാജ്യങ്ങളുടെയും സഹകരണങ്ങള്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്താനില്‍ സമാധാനം പുന:സ്ഥാപിക്കുക എന്നത് ഇന്ത്യയുടെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. അഫ്ഗാന്റെ അസ്ഥിരത ഇരു രാജ്യങ്ങളിലും ആശങ്ക ഉളവാക്കുന്നു. ഇക്കാര്യത്തില്‍ യുഎസിന്റെ ഉപദേശവും, സഹകരണവും ഇന്ത്യ തേടുന്നുണ്ട്.

സാമ്പത്തിക മേഖലയില്‍ ഉള്‍പ്പടെ മികച്ച പദ്ധതികളാണ് മോദി നടപ്പിലാക്കുന്നതെന്ന് ട്രംപ് പറഞ്ഞു. മോദിയെ പോലൊരു പ്രഗദ്ഭനായ പ്രധാനമന്ത്രിക്ക് ആതിഥേയം നല്‍കാനായതെന്ന് തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും അമേരിക്കയുടെ പക്കല്‍ നിന്നും സൈനിക സാമഗ്രികള്‍ വാങ്ങാന്‍ തീരുമാനിച്ചതില്‍ നന്ദിയുണ്ടെന്നും ട്രംപ് അറിയിച്ചു.

അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച കാര്യക്ഷമമാക്കാന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഹിന്ദി പഠിച്ചതായി റിപ്പോര്‍ട്ടുകള്‍. അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായിട്ടാണ് മോദിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നത്. പ്രധാനമന്ത്രിയുടെ ആഗമനത്തോട് അനുബന്ധിച്ച് യഥാര്‍ത്ഥ സുഹൃത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നു എന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

‘ട്രംപ് സര്‍ക്കാര്‍ മോദി സര്‍ക്കാരിനെ സ്വാഗതം ചെയ്യുന്നു’ എന്ന് ഹിന്ദിയിലാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ട്രംപിന്റെ പ്രചരണപരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച ഇന്ത്യന്‍ വ്യവസായി ശലഭ് കുമാറാണ് ഇതിന് ട്രംപിനെ സഹിയിച്ചത്. വൈറ്റ് ഹൗസില്‍ വെച്ചാണ് മോദിയും, ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. അധികാരത്തിലെത്തിയ ശേഷം ട്രംപിന്റെ ആദ്യ ക്ഷണിക്കപ്പെട്ട രാഷ്ട്രീയതലവനെന്ന നിലയില്‍ ഇന്ത്യയോടൊപ്പം ലോകവും ഉറ്റ് നോക്കുന്ന കൂടിക്കാഴ്ചയായിരുന്നു മോദിയുടേത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: