ഖത്തര്‍ പ്രതിസന്ധി പരിഹരിക്കപ്പെടുമോ?

ജൂണ്‍ മാസം ആദ്യമാണ് സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധം നീക്കുന്നതിനുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണിന്റെ ശ്രമങ്ങളുടെ ഫലമായി അറബ് രാജ്യങ്ങള്‍ 13 ആവശ്യങ്ങള്‍ ഖത്തറിന് മുന്നില്‍വെച്ചു. എന്നാല്‍ ഖത്തറിന്റെ പരമാധികാരം അടിയറവുവെപ്പിക്കാന്‍ പോന്നവയാണ് സൗദി സഖ്യത്തിന്റെ ഡിമാന്‍ഡുകള്‍.

അല്‍ ജസീറ ചാനലിനെയും രാജ്യം പണം മുടക്കുന്ന മറ്റ് ന്യൂസ് ഓര്‍ഗനൈസേഷനുകളേയും അടച്ചുപൂട്ടണമെന്നും തുര്‍ക്കി സൈനികരെ പുറത്താക്കണമെന്നും ഇറാനുമായുള്ള ബന്ധം ദുര്‍ബലമാക്കണമെന്നും അറബ് രാജ്യങ്ങളുടെ ഡിമാന്‍ഡുകള്‍ക്കനുസരിച്ചുള്ള തീവ്രവാദ വിദുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നുമെല്ലാമുള്ള നിരവധി ആവശ്യങ്ങളാണ് ഖത്തറിന് മുന്നില്‍ വെച്ചിരിക്കുന്നത്. ഡിമാന്‍ഡുകള്‍ അംഗീകരിച്ച് നല്ല കുട്ടിയാവാന്‍ അനുവദിച്ചിരിക്കുന്ന സമയം ഇന്ന് അവസാനിക്കുകയാണ്.

ഇത് അംഗീകരിച്ചില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് രാജ്യങ്ങള്‍. എന്നാല്‍ ഈ ആവശ്യങ്ങള്‍ ഖത്തര്‍ അംഗീകരിക്കാന്‍ തീരേ സാധ്യതയില്ല. പ്രതിസന്ധികള്‍ക്കിടയില്‍ ഖത്തറിലെ യുഎസിന്റെ എയര്‍ ബേസായ അല്‍ ഉഡെയ്ഡില്‍ തമ്പടിച്ചിരിക്കുന്ന യുഎസ് സൈനികര്‍, ഇസ്ലാമിക് സ്റ്റേറ്റിനും ഇറാനും മറ്റു രാജ്യങ്ങള്‍ക്കുമെതിരേ പോരാട്ടം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെ വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്തതിന് ശേഷമാണ് ഡൊണാള്‍ഡ് ട്രംപ് ആ രാജ്യത്തു നിന്ന് അവരുടെ സുഹൃത്തുക്കള്‍ എന്നാരോപിക്കുന്ന ഇറാനെതിരേ പടയൊരുക്കം നടത്തുന്നത്.

അറബ് വസന്തത്തിന്റെ ബാക്കിപത്രമായി വേണം നിലവിലെ ഉപരോധത്തെ കണക്കാക്കാന്‍. 2011 ന്റെ ആരംഭത്തില്‍ അറബ് രാജ്യങ്ങള്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിന് ചുക്കാന്‍ പിടിച്ച മുസ്ലീം ബ്രദര്‍ഹുഡിനെ നാമാവശേഷമാക്കാനുള്ള നടപടി കൂടിയാണിത്. ഖത്തറും അല്‍ ജസീറയും തുര്‍ക്കിയും ഇവര്‍ക്ക് നല്‍കിയ ചെറിയ പിന്തുണ വമ്പന്‍ രാജ്യങ്ങളെ കാര്യമായി പ്രകോപിപ്പിച്ചിട്ടുണ്ട്.

ഏകാധിപത്യ പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ യുഎസ് സ്ഥാപിച്ചിരിക്കുന്ന എയര്‍ബേസുകള്‍ സംരക്ഷിക്കുന്നതിനായി നടക്കുന്ന ശ്രമങ്ങള്‍ക്ക് മേലുള്ള ഏറ്റവും പുതിയ തടസ്സമാണ് ഖത്തറിന് മേലുള്ള ഉപരോധം. ഓരോ മേഖലയിലും പ്രതിസന്ധി രൂപപ്പെടുന്നതിന് അനുസരിച്ച് യുഎസ് അവരുടെ സൈനിക താവളങ്ങള്‍ മാറ്റിക്കൊണ്ടിരിക്കും. ഖത്തറും മറ്റ് അയല്‍ രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി കൂടുതല്‍ശക്തമാവുകയാണെങ്കില്‍ യുഎസിന് മറ്റേതെങ്കിലും സഖ്യ രാജ്യത്തേക്ക് സൈനികതാവളം മാറ്റി സ്ഥാപിക്കേണ്ടതായി വരും.

ഗള്‍ഫ് യുദ്ധത്തിന് ശേഷം സൗദി അറേബ്യയിലാണ് യുഎസ് എയര്‍ബേസ് സ്ഥാപിച്ചത്. യുഎസ് സൈന്യത്തിന്റെ സാന്നിധ്യം സൗദി ഭരണാധികാരികള്‍ക്ക് നല്‍കിയിരുന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു. എന്നാല്‍ ഇറാഖിലേക്കുള്ള ബുഷ് ഭരണകൂടത്തിന്റെ കടന്നുകയറ്റം സൗദിയെ ആശങ്കയിലാഴ്ത്തി.

ഈ സമയത്താണ് പ്രകൃതി വാതക ഉള്‍പ്പാദനത്തിന്റെ ശക്തിയില്‍ ഖത്തര്‍ വളര്‍ച്ച കൈവരിക്കുന്നത്. സംരക്ഷണം ആവശ്യമെന്ന് തോന്നിയതുകൊണ്ടാകാം ദോഹയ്ക്ക് സമീപം ഉല്‍ ഉദെയ്ദ് നിര്‍മിച്ച് യുഎസിന്റെ സൈന്യത്തെ അങ്ങോട്ടേക്ക് ഖത്തര്‍ ക്ഷണിച്ചത്. ഇതോടെ 2013 ല്‍ യുഎസിന്റെ സൈനിക താവളം ഖത്തറിലേക്ക് മാറ്റി. പകരമായി ലക്ഷക്കണക്കിന് ആളുകള്‍ മാത്രം താമസിക്കുന്ന ചെറിയ രാജ്യത്തിന് ആവശ്യമായ മുഴുവന്‍ സുരക്ഷയും അവര്‍ ഉറപ്പു നല്‍കി.

ഖത്തറും സൗദി അറേബ്യയും തമ്മില്‍ പ്രശ്നം നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. സാമ്പത്തികമായി ഇരു രാജ്യങ്ങളും വളരെ ശക്തരാണ്. പ്രകൃതി വാതകത്തിന്റെ ശക്തിയില്‍ രാജ്യം കൂടുതല്‍ സാമ്പത്തിക ശക്തി ആര്‍ജിക്കുന്നതും ഖത്തറിന്റെ അല്‍ ജസീറയുടെ പ്രവര്‍ത്തനവും സൗദിയെ വളരെ അധികം പ്രകോപിപ്പിച്ചു. ഇത് കൂടാതെ തങ്ങളുടെ പ്രധാന ശത്രുക്കളായ ഇറാനുമായുള്ള ഖത്തറിന്റെ ചങ്ങാത്തം സൗദിക്ക് വെല്ലുവിളിയായി. ഇറാനുമായായി ഖത്തറിനേക്കാള്‍ ബന്ധം സൂക്ഷിക്കുന്നത് ഒമാനാണ്. എന്നാല്‍ ഒമാനിനെ ഒഴിവാക്കിക്കൊണ്ട് ഖത്തറിനെ തെരഞ്ഞെടുത്തത്, സൗദിയുമായി തൊട്ടുനില്‍ക്കുന്ന രാജ്യമായതുകൊണ്ടാണ്.

മുസ്ലീം ബ്രദര്‍ഹുഡിനോടും ഇറാനോടുമുള്ള ഭയം കാരണമാണ് മറ്റ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം കൊണ്ടുവന്നത്. ജനാധിപത്യം എന്ന ആശയം മുന്നോട്ടുവക്കുന്ന മുസ്ലീം ബ്രദര്‍ഹുഡ് ഏകാധിപതികളായ തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് സൗദിയും യുഎഇയും വിശ്വസിക്കുന്നു.

ഖത്തറിന് മുന്നില്‍ വെച്ചിരിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് വേണമെങ്കില്‍ ഖത്തറിന് തങ്ങളുടെ അയല്‍ രാജ്യങ്ങളുടെ സഹകരണം തിരിച്ചുപിടിക്കാം. അല്ലെങ്കില്‍ അവര്‍ക്കിടയില്‍ നിന്ന് സ്വന്തം നിലനില്‍പ്പിനായി പോരാടേണ്ടി വരും. നിലവില്‍ തുര്‍ക്കിയും ഇറാനുമായുമാണ് ദോഹ ശക്തമായ ബന്ധം സൂക്ഷിക്കുന്നത്. ഖത്തറില്‍ നിന്ന് യുഎസിന്റെ സൈനിക കേന്ദ്രം മാറ്റുന്നതോടെ ഖത്തറിനെതിരെ ട്രംപ് കടുത്ത നിലപാടിലേക്ക് വരാനും സാധ്യതയുണ്ട്. അമേരിക്കയുടെ സൈനിക കേന്ദ്രത്തെ യുഎഇയിലേക്ക് മാറ്റാനുള്ള അനുവാദം ഇപ്പോഴേ യുഎസിന് ലഭിച്ചു കഴിഞ്ഞു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: