മലയാളി നഴ്സുമാര്‍ക്ക് ഏറെ വിദേശ തൊഴിലവസരങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു

കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് വിദേശത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കും. 2008-ല്‍ സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ച അമേരിക്കയും ബ്രിട്ടനും റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുമെന്ന് ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അനിത ദിയോധര്‍ പറയുന്നു. അമേരിക്കയില്‍ നഴ്‌സുമാര്‍ കൂട്ടത്തോടെ ഈ വര്‍ഷം വിരമിക്കുമ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ബ്രിട്ടനില്‍ ബ്രക്‌സിറ്റിനെ തുടര്‍ന്ന് അവിടെ നിന്നുള്ള നഴ്‌സുമാര്‍ മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തിലേക്ക് കൂട്ടത്തോടെ മാറുന്നതും കൂടുതല്‍ അവസരങ്ങള്‍ തുറക്കും.

ടി എന്‍ എ ഐ യെ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരുടെ റിക്രൂട്ടിംഗ് ഏജന്‍സിയായി നിയോഗിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേരളത്തില്‍ നിന്നടക്കമുള്ള നഴ്‌സുമാരുടെ യോഗ്യതക്കനുസരിച്ച് മികച്ച ജോലി വിദേശത്ത് നേടുന്നതിന് ഇടയാക്കുമെന്ന് ഇവ്‌ലിന്‍ പറഞ്ഞു. നിലവില്‍ നോര്‍ക്കയടക്കമുള്ള ഗവണ്‍മെന്റ് ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടെങ്കിലും കാര്യക്ഷമമായിരുന്നില്ല. വിവിധ രാജ്യങ്ങളിലെ പ്രമുഖ ആശുപത്രികളില്‍ ജോലിയുടെ ഒഴിവുകള്‍ അറിയുന്നതിന് ടി എന്‍ എ ഐ ശേഖരിക്കും. പിന്നീട് ഇന്‍ ഹൗസ് ജേര്‍ണല്‍, വര്‍ത്തമാന പത്രങ്ങള്‍, വെബ്‌സൈറ്റുകള്‍, പോസ്റ്ററുകള്‍ എന്നിവയിലൂടെ നഴ്‌സുമാരെ അറിയിക്കും.

കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് വിദേശങ്ങളില്‍ പ്രത്യേക പരിഗണന ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 25 ലക്ഷം രൂപ വരെ റിക്രൂട്ട്മന്റ് ഏജന്‍സികള്‍ക്ക് നല്‍കികൊണ്ടാണ് പലരും വിദേശത്ത് ജോലി നേടുന്നത്. ഇത്തരത്തില്‍ ജോലി നേടുന്ന പലരും അന്യസംസ്ഥാനങ്ങളില്‍ വേണ്ടത്ര ക്ലിനിക്കല്‍ പരിശീലനമടക്കം കിട്ടാത്തവരുണ്ടെന്ന ദയനീയ അവസ്ഥയുണ്ട്. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ കരിമ്പട്ടികയില്‍പെടാനുള്ള സാധ്യതകള്‍ പോലും നിലനില്‍ക്കുന്നുണ്ടെന്ന് ടി എന്‍ എ ഐ സെക്രട്ടറി ജനറല്‍ ഇവ്‌ലിന്‍ പി കണ്ണന്‍ പറഞ്ഞു.

ടി എന്‍ എ ഐ സുപ്രീംകോടതിയില്‍ നല്‍കിയ റിട്ട് പെറ്റീഷനെ തുടര്‍ന്ന് 2014ലെ ഉത്തരവിലാണ് സ്വകാര്യ ആശുപത്രികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ജോലി സ്ഥലത്തെ സ്ഥിതിഗതി മെച്ചപ്പെടുത്താനുള്ള നിയമം നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കേരളത്തിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് ടി എന്‍ എ ഐ പൂര്‍ണ്ണമായും പിന്തുണക്കുന്നു. മിനിമം വേതനമടക്കമുള്ള കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ ആശുപത്രികളും സ്ഥാപനങ്ങളും വിമുഖത കാട്ടിയാല്‍ ടി എന്‍ എ ഐ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് സെക്രട്ടറി ജനറല്‍ പറഞ്ഞു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: