അഖിലേന്ത്യ മെഡിക്കല്‍ സര്‍വിസ് കേഡര്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

ഐഎഎസ്, ഐപിഎസ് മാതൃകയില്‍ ആരോഗ്യമേഖലയില്‍ അഖിലേന്ത്യ മെഡിക്കല്‍ സര്‍വിസ് കേഡര്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. 56 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഒരു കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശയുടെ ചുവടുപിടിച്ചാണ് മെഡിക്കല്‍ സര്‍വിസ് കേഡര്‍ രൂപീകരിക്കാനുള്ള നീക്കം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായം അറിയാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. ഭരണഘടനയില്‍ ആരോഗ്യത്തെ സംസ്ഥാന വിഷയത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓള്‍ ഇന്ത്യ സര്‍വിസ് ആക്ട് 1951 ന് കീഴിലെ ഐഎഎസ്, ഐപിഎസ് പോലെ രാജ്യത്തൊട്ടാകെ പ്രഫഷണല്‍ ഡോക്ടര്‍മാരുടെ ഒരു ചട്ടക്കൂട് ഉണ്ടാക്കുന്നതിനായി ഓള്‍ ഇന്ത്യ മെഡിക്കല്‍ സര്‍വിസ് രൂപവത്കരിക്കുന്നത് കുറച്ച് നാളുകളായി സര്‍ക്കാരിെന്റ സജീവ പരിഗണനയിലായിരുന്നുവെന്ന് ജൂണ്‍ ഒമ്പതിന് അയച്ച കത്തില്‍ കേന്ദ്ര സെക്രട്ടറി പറയുന്നു.

ആരോഗ്യം എന്നത് ഒരു സംസ്ഥാന വിഷയമാണെന്നതും ആരോഗ്യ വിദഗ്ധരുടെ പ്രധാന ആവശ്യം സംസ്ഥാനതലത്തിലാണ് വേണ്ടതെന്നും കണക്കിലെടുത്ത് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറുകളുടെ വീക്ഷണം അറിയണമെന്ന് തീരുമാനിച്ചു. പുതുതായി രൂപീകരിക്കുന്ന മെഡിക്കല്‍ സര്‍വിസ് കേഡര്‍ സംസ്ഥാനങ്ങളും കേന്ദ്ര ആരോഗ്യ സര്‍വിസും തമ്മിലുള്ള അകലം കുറക്കാന്‍ സഹായിക്കുമെന്നും കത്ത് പറയുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ എ ഗ്രൂപ് സര്‍വിസില്‍പെടുന്നതാണ് ആരോഗ്യ വിഭാഗം. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണപരവും സാങ്കേതികപരവുമായ നേതൃഗുണങ്ങളെ മെച്ചപ്പെടുത്താന്‍ പുതിയ കേഡര്‍ രൂപവത്കരിക്കുന്നത് സഹായകമാവുമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്.
എ എം

Share this news

Leave a Reply

%d bloggers like this: