മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ആശാവഹമായ താഴ്ച്ച

ജൂണ്‍ മാസത്തില്‍ മോട്ടോര്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം ചിലവ് കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകളില്‍ കഴിഞ്ഞ വര്‍ഷത്തെ ശരാശരി പ്രീമിയം ചെലവിനേക്കാള്‍ 10.2 ശതമാനം കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അനേക വര്‍ഷങ്ങളായി കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രീമിയം തുകയില്‍ ഉണ്ടാകുന്ന ആദ്യ താഴ്ചയാണ് കഴിഞ്ഞ മാസത്തേത്.

ജൂണ്‍ മാസത്തില്‍ ശരാശരി വാഹന പ്രീമിയം ചെലവ് 0.5 ശതമാനം കുറഞ്ഞുവെന്ന് സിഎസ്ഒ പറഞ്ഞു. എന്നിരുന്നാലും, ഭൂരിഭാഗം ഡ്രൈവര്‍മാര്‍ക്കും ഇന്‍ഷ്വറന്‍സ് ചെലവുകളില്‍ കുറവ് കണ്ടെത്താന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഒരു ഘട്ടത്തില്‍ 70 ശതമാനം വരെ വര്‍ദ്ധിച്ച ശേഷമാണ് ഈ താഴ്ച അനുഭവപ്പെടുന്നത് എന്നതിനാലാണ് ഉടമകള്‍ക്ക് അധികം ആശ്വസിക്കാന്‍ വക നല്‍കാത്തത്. ഡിസംബര്‍, ജനുവരി, ഫെബ്രുവരി,മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പ്രീമിയം ലെവല്‍ ഉയര്‍ന്നു തന്നെ നില്‍ക്കുകയായിരുന്നു. എന്നാല്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ പ്രീമിയം നിരക്കുകള്‍ ഇടിവ് വന്നിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ വില ഉയര്‍ന്നത് കഴിഞ്ഞ നവംബറില്‍ ആയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ മൊത്തത്തില്‍ 44 ശതമാനം വര്‍ധനവാണ് പ്രീമിയം നിരക്കുകളില്‍ ഉണ്ടായത്. ഇതിനര്‍ത്ഥം, മൂന്നു വര്‍ഷം മുന്‍പ് 500 യൂറോ ചെലവാക്കിയ ഒരു പോളിസിക്ക് ഇപ്പോള്‍ ഇന്‍ഷുറന്‍സ് നിരക്കിലെ ഏറ്റവും പുതിയ വീഴ്ചയ്ക്ക് ശേഷവും 220 യൂറോ കൂടുതലാണ്.

പൊതുജന രോക്ഷം ശക്തമായതിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ നിന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ പിന്തിരിഞ്ഞിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രിത ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ കഴിഞ്ഞ ആഴ്ച നടത്തിയ നാടകീയ റെയ്ഡുകള്‍ കമ്പനികളെ സൂക്ഷ്മനിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്.

ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒത്ത് ചേര്‍ന്ന് ഇന്‍ഷുറന്‍സ് പ്രീമിയ തുക വര്‍ധിപ്പിച്ച് മാര്‍ക്കറ്റിനെ നിയന്ത്രിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഇന്‍ഷുറന്‍സ് തുക പേടിച്ച് വാഹനമെടുക്കാന്‍ പോലും കഴിയുന്നില്ലെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാരും, ഇടനിലക്കാരും കമ്പനികളും തമ്മിലുള്ള ഒത്തുകളി വില ഉയരുന്നതിനു സാഹചര്യമൊരുക്കി. പല കമ്പനികളും ഈ വര്‍ഷം പ്രീമിയം തുക 25 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെയും മാനദണ്ഡങ്ങള്‍ ഇല്ലാതെയും വില ഉയര്‍ത്തിയതില്‍ ഉപഭോക്താക്കള്‍ ശക്തമായി രംഗത്ത് വന്നതിനെ തുടര്‍ന്നാണ് പരിശോധനകള്‍ നടന്നത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: