ദന്തരോഗ വിദഗ്ദ്ധര്‍ അമിത ഫീസ് ഈടാക്കുന്നതായി പരാതി

ഡബ്ലിന്‍: വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്നതിനേക്കാള്‍ അധിക ഫീസ് ഈടാക്കുന്ന ദന്തരോഗ വിദഗ്ധരെക്കുറിച്ച് ഡെന്റല്‍ കംപ്ലെയ്ന്റ്‌സ് റെസലൂഷനില്‍ (ഡി.സി.ആര്‍.ഇ) പരാതി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 102 പരാതികളും, 2015 -ല്‍ 134 ഉം, 2014 -ല്‍ 158 പരാതികളുമാണ് റെസലൂഷന്‍ സര്‍വീസിലേക്ക് ലഭിച്ചത്. റൂട്ട് കനാലുമായി ബന്ധപ്പെട്ട 11 പരാതികളും, പരിശോധനയില്‍ തെറ്റ് പറ്റിയ സംഭവങ്ങളും പരാതിയില്‍ ഉള്‍പെട്ടിട്ടുണ്ട്. പല്ലില്‍ കമ്പിയിടല്‍, ദന്ത നിര നേരെയാക്കാന്‍ തുടങ്ങിയ ചികിത്സകള്‍ക്ക് 900 യൂറോ വരെ ഈടാക്കിയതായി യു.കെ യില്‍ നിന്നുള്ള ഒരു രോഗി പരാതി നല്‍കിയിട്ടുണ്ട്.

വെബ്സൈറ്റില്‍ ഓരോ ദന്ത ചികിത്സക്കും നല്‍കിയിരിക്കുന്ന വിലയും യഥാര്‍ത്ഥത്തില്‍ ചെലവാകുന്ന തുകയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് പരാതി സെല്ലില്‍ ഉപഭോക്താക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. ദന്ത വിദഗ്ദ്ധര്‍ ചികിത്സക്ക് എത്തുന്നവര്‍ക്ക് തനിയെ ചെയ്യാവുന്ന രീതിയിലുള്ള ഡെന്റല്‍ കിറ്റ് നല്‍കിവരുന്നുണ്ട്. വീട്ടില്‍ ഒരു ഡോക്ടറുടെ സേവനം ഇല്ലാതെ രോഗികള്‍ ഇത്തരം ദന്ത ക്രമീകരണങ്ങള്‍ ചെയ്യുന്നതിനെതിരെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് കൂടാതെ പല്ലുപറിക്കല്‍, പല്ലുവേദന തുടങ്ങിയ ചികിത്സക്ക് എത്തുന്നവര്‍ക്ക് ചികിത്സ കഴിഞ്ഞതിനു ശേഷവും ഫലം ലഭിക്കാത്ത സംഭവങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നിരിക്കുകയാണ്.

രോഗികള്‍ ഉന്നയിച്ച പരാതികളെക്കുറിച്ച് ശക്തമായ ഇടപെടല്‍ ആവശ്യമാണെന്ന് ഡി.സി.ആര്‍.ഇ ഐറിഷ് ഡെന്റ്റല്‍ അസോസിയേഷനോട് ആവശ്യപെട്ടിട്ടുണ്ട്. ഓരോ വര്‍ഷവും പരാതി കുറഞ്ഞു വരുന്നതില്‍ ഡി.സി.ആര്‍.ഇ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം ഓരോ വര്‍ഷവും ഡെന്റല്‍ രംഗത്ത് നല്‍കിവരുന്ന ചികിത്സ രീതിയില്‍ ഫലം കാണുന്നുണ്ട് എന്ന് തന്നെയാണ്. എങ്കിലും പരാതികള്‍ പരമാവധി ഒഴിവാക്കി ഉപഭോക്താക്കള്‍ക്ക് മുന്നില്‍ നല്ല മാതൃകകള്‍ കാഴ്ചവെയ്ക്കണമെന്ന നിര്‍ദ്ദേശം ഡി.സി.ആര്‍.ഇ അസോസിയേഷനോട് ആവശ്യപ്പെട്ടുവരികയാണ്.
ഡി കെ

Share this news

Leave a Reply

%d bloggers like this: