ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം ഇന്ന് വിട്ടു കിട്ടും, അടുത്തയാഴ്ച നാട്ടിലേക്ക്

ദൂരൂഹ സാഹചര്യത്തില്‍ കാണാതായി പിന്നീട് എഡിന്‍ബറോയിലെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎംഐ സഭാംഗം ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം ഇന്ന് വിട്ടുനല്‍കും. അഞ്ചാഴ്ചത്തെ കാത്തിരിപ്പിന് ശേഷം ആണ് മൃതദേഹം വിട്ടു കിട്ടുന്നത്. പെട്ടന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കകം നാട്ടിലേക്ക് അയക്കാന്‍ കഴിയുമെന്ന് ഫാ. ടെബിന്‍ പുത്തന്‍പുരയ്ക്കല്‍ സിഎംഐ അറിയിച്ചു.

മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ വേണ്ടി ഇന്ത്യന്‍ എംബസിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും എയര്‍ലൈന്‍സില്‍ മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യങ്ങളും ലഭ്യമായാല്‍ ഉടന്‍ മൃതദേഹം നാട്ടിലേക്ക് അയയ്ക്കും.

ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മരണം സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് സിഎംഐ സഭ ചുമതലപ്പെടുത്തിയിട്ടുള്ള ആളാണ് ഫാ. ടെബിന്‍ പുത്തന്‍പുരയ്ക്കല്‍ . അദ്ദേഹവും മൃതദേഹത്തെ അനുഗമിക്കും. മരണത്തില്‍ ദുരൂഹത സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല. എന്നാല്‍ മൃതദേഹം വിട്ടു നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

ഫാ. മാര്‍ട്ടിന്റെ താമസ സ്ഥലത്തുനിന്നും മുപ്പതു മൈലോളം അകലെയുള്ള ബീച്ചിലായിരുന്നു ജഡം കണ്ടെത്തിയത്. ഫാ. മാര്‍ട്ടിന്‍ എങ്ങനെ, എന്തിന് ഇവിടെ എത്തിയെന്ന കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ഫാ. മാര്‍ട്ടിന്റെ ലാപ്ടോപ്പ് ഉള്‍പ്പെടെ വസ്തുക്കള്‍ പരിശോധിച്ചെങ്കിലും കാര്യമായ സൂചന ലഭിച്ചില്ല.

വൈദികനെ കാണാതായ ജൂണ്‍-20 നു ശേഷം മൃതദേഹം കണ്ടുകിട്ടുന്ന ജൂണ്‍-23 വരെ മൊബൈലിലേക്ക് അദ്ദേഹത്തിന്റെ സഹോദരനും മറ്റുചിലരും വിളിച്ചപ്പോള്‍ റിങ് ടോണ്‍ ഉണ്ടായിരുന്നു. എന്നാല്‍ മൃതദേഹത്തില്‍നിന്നോ മുറിയില്‍നിന്നോ മൃതദേഹം കണ്ടുകിട്ടിയ സ്ഥലത്തുനിന്നോ ഫോണ്‍ കണ്ടെത്താനായിട്ടില്ല.

 
എ എം

Share this news

Leave a Reply

%d bloggers like this: